പെൻഷൻ വിതരണം ചെയ്തിട്ടേ ശമ്പളം വാങ്ങൂ എന്ന് പറഞ്ഞ ഉമ്മൻചാണ്ടിയെ ഓർമ്മയുണ്ടാകുമല്ലോ എന്ന് തോമസ് ഐസക്.”അങ്ങയുടെ ഈ കൌശലങ്ങളൊന്നും ഫലിച്ചില്ല”

സാമൂഹ്യക്ഷേമ പെന്ഷൻ സംബന്ധിച്ച് ഉമ്മൻചാണ്ടി സാറിന്റെ വാദങ്ങൾ രസകരമാണ് എന്ന് ധനകാര്യ മന്ത്രി തോമസ് ഐസക് .ഉമ്മൻചാണ്ടിയുടെ ഭരണ കാലത്ത് പെൻഷൻ വിതരണം കാര്യക്ഷമമായിരുന്നു എന്ന അവകാശവാദത്തെ വിമർശിച്ച് തോമസ് ഐസക്കിന്റെ കുറിപ്പ്

സാമൂഹ്യക്ഷേമ പെന്ഷൻ സംബന്ധിച്ച് ഉമ്മൻചാണ്ടി സാറിന്റെ വാദങ്ങൾ രസകരമാണ് അദ്ദേഹത്തിന്റെ കാലത്ത് പെൻഷൻ വിതരണം കാര്യക്ഷമമായിരുന്നു എന്നാണല്ലോ അവകാശവാദം. അദ്ദേഹത്തെ വിനയപൂർവം ഒരുകാര്യം ഓർമ്മിപ്പിക്കട്ടെ.

അങ്ങയുടെ കാലത്ത് സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം അവതാളത്തിലായപ്പോൾ വലിയ പ്രതിഷേധം ഉയർന്നു വന്നിരുന്നു. പ്രതിഷേധങ്ങളോട് അങ്ങ് പ്രതികരിക്കുന്ന ഒരു രീതിയുണ്ടല്ലോ. പെൻഷൻ വിതരണം ചെയ്തിട്ടേ, ഞാൻ ശമ്പളം വാങ്ങൂ എന്ന് അങ്ങ് പറഞ്ഞത് ഓർമ്മയുണ്ടാകുമല്ലോ. അങ്ങയുടെ ഈ കൌശലങ്ങളൊന്നും ഫലിച്ചില്ല. ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ പാവങ്ങളുടെ ഈ പെൻഷൻ കുടിശിക എത്രയായിരുന്നു എന്ന് അറിയാത്തതല്ലോ. പത്തൊമ്പതു മാസം വരെ കുടിശികയുണ്ടായിരുന്നു. 1473.2 കോടി രൂപ കുടിശികയിനത്തിൽ കൊടുത്തു തീർത്തത് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ്.

ഈ ലളിതമായ വസ്തുത നിലനിൽക്കെ, എങ്ങനെയാണ് വ്യാജമായ അവകാശവാദങ്ങൾ ഉന്നയിക്കാൻ സാധിക്കുന്നത്? അഞ്ചുവർഷം കൊണ്ട് യുഡിഎഫ് സർക്കാർ ആകെത്തുക 9311 കോടി രൂപയായിരുന്നു. 2020 നവംബർ വരെയുള്ള കണക്കനുസരിച്ച് ഈ സർക്കാർ നൽകിയത് സാമൂഹ്യസുരക്ഷാ പെൻഷനുകൾ 27417 കോടി രൂപ. ക്ഷേമനിധികൾക്കുള്ള പെൻഷൻ സഹായം 3099 കോടി രൂപ വേറെ. അങ്ങനെ ആകെ 30515.91 കോടി രൂപ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. സർ, എവിടെയാണ് താരതമ്യം?

ആകെ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം അങ്ങയുടെ കാലത്ത് 33.99 ലക്ഷമായിരുന്നു. ഇന്നെത്രയാണെന്ന് അറിയാമോ? 60.31 ലക്ഷം. പെൻഷൻ നൽകാൻ അങ്ങയുടെ കാലത്ത് ഒരു മാസം വേണ്ടിയിരുന്ന തുക 272 കോടി രൂപയായിരുന്നു. അതും കുടിശിക വരുത്തിയ കഥയാണ് നേരത്തെ പറഞ്ഞത്. ഇന്നത് 710 കോടി രൂപയാണ്.

ഇത് ഔദാര്യമായല്ല, അവകാശമായിട്ടാണ് ലഭിക്കുന്നത്. സർക്കാർ ജീവനക്കാർക്കും മറ്റും ശമ്പളം കിട്ടുന്നതുപോലെയുള്ള അവകാശം. ഇത് എല്ലാ മാസവും മുടങ്ങാതെ അവരുടെ അക്കൌണ്ടിലോ വീട്ടുപടിക്കലോ എത്തുന്ന പഴുതടച്ച വിതരണ സംവിധാനം ഇന്നുണ്ട്.
സമാനതകളില്ലാത്ത ഈ മേന്മയുടെ ഗുണഫലങ്ങൾ നാട്ടിലെ ജനങ്ങൾ അനുഭവിക്കുന്നുണ്ട് എന്നത് വല്ലാത്ത വേവലാതിയുണ്ടാക്കുന്നുണ്ടാകും. കഴിഞ്ഞ ഏതാനും ദിവസങ്ങളായുള്ള പല കോൺഗ്രസ് നേതാക്കളുടെയും പ്രതികരണങ്ങൾ ഇതാണ് സൂചിപ്പിക്കുന്നത്.

കൊറോണ വിതച്ച മാന്ദ്യം തുടങ്ങിയ കാലത്തു തന്നെ ഞങ്ങൾ പറഞ്ഞൊരു കാര്യമുണ്ട്. ഒരാളും പട്ടിണി കിടക്കരുത്. ആളുകൾക്ക് കൈയിൽ പണമെത്തണം. ദുരിതമൊഴിയാനും നാടിന് പിടിച്ചു നിൽക്കാനും ഇത് വേണം. റേഷനായും കിറ്റായും പെൻഷനായും മറ്റും ജനങ്ങൾക്ക് സഹായമായി എത്തിക്കുന്നത് ഞങ്ങളുടെ രാഷ്ട്രീയ മുൻഗണനയാണ്. അത്തരമൊരു നയവും മുൻഗണനയും നിങ്ങൾക്കില്ല. അതല്ലേ വസ്തുത. അത് ഈ നാട്ടിനറിയാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here