പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കും; കര്‍ഷകര്‍ക്ക് പിന്തുണയുമായി കായിക താരങ്ങള്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബിലെ കായിക താരങ്ങള്‍. തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് വ്യക്തമാക്കി പത്മശ്രീ, അര്‍ജുന പുരസ്‌കാര ജേതാക്കള്‍ രംഗത്തെത്തി.

ഗുസ്തി താരവും പത്മശ്രീ ജേതാവുമായ കര്‍താര്‍ സിങ്, ഒളിംപിക് ഹോക്കി താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ രാജ്ബിര്‍ കൗര്‍, ബാസ്‌കറ്റ്‌ബോള്‍ താരം സജ്ജന്‍ സിങ് ചീമ തുടങ്ങിയവരാണ് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചത്. സമരം ചെയ്യുന്ന കര്‍ഷകരെ കേന്ദ്ര സര്‍ക്കാരും പൊലീസും നേരിടുന്ന രീതിയെയും താരങ്ങള്‍ വിമര്‍ശിച്ചു.

‘ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്, അവര്‍ കഴിഞ്ഞ കുറേ മാസങ്ങളായി സമാധാനപരമായ പ്രക്ഷോഭം നടത്തുന്നു. അക്രമത്തിന്റെ ഒരു സംഭവം പോലും നടന്നില്ല.എന്നാല്‍ ഡല്‍ഹിയിലേക്ക് പോകുമ്പോള്‍ അവര്‍ക്കെതിരെ ജലപീരങ്കികളും കണ്ണീര്‍വാതക ഷെല്ലുകളും ഉപയോഗിച്ചു. ഞങ്ങളുടെ മുതിര്‍ന്നവരുടെയും സഹോദരന്മാരുടെയും തലപ്പാവ് വലിച്ചെറിയുകയാണെങ്കില്‍, ഞങ്ങള്‍ക്ക് അവാര്‍ഡുകളും ബഹുമാനവും എന്തിന്? ഞങ്ങള്‍ ഞങ്ങളുടെ കര്‍ഷകരെ പിന്തുണയ്ക്കുന്നു. അത്തരം അവാര്‍ഡുകള്‍ ആവശ്യമില്ല, അതിനാലാണ് ഞങ്ങള്‍ അത് മടക്കിനല്‍കുന്നത്’. സജ്ജന്‍ സിങ് ചീമ വ്യക്തമാക്കി.

പഞ്ചാബ് പൊലീസില്‍ നിന്ന് ഐജിയായി വിരമിച്ച വ്യക്തിയാണ് സജ്ജന്‍ സിങ്. കര്‍ഷകര്‍ക്ക് വേണ്ടെങ്കില്‍ എന്തിന് കേന്ദ്രസര്‍ക്കാര്‍ ഈ നിയമങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്‍പിക്കുന്നുവെന്നും താരങ്ങള്‍ ചോദിക്കുന്നു. പഞ്ചാബില്‍ നിന്നുള്ള കലാകാരന്‍മാരും കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News