‘തനിക്ക് ഒന്നിലധികം ഭാഷകള്‍ അറിയാം, പക്ഷെ ഷോ ഓഫുകള്‍ നടത്താറില്ല’; മോദിയുടെ ബംഗാളി ഭാഷാ പ്രയോഗത്തെ പരിഹസിച്ച് മമത ബാനര്‍ജി

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാതിനിടയില്‍ ബംഗാളി വാക്യങ്ങള്‍ ഉദ്ധരിച്ചതിനെ പരിഹസിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ടെലിപ്രോംപ്റ്റര്‍ ഉണ്ടെങ്കില്‍ എല്ലാം സാധ്യമാണെന്നാണ് മമത പരിഹസിച്ചത്.

രാജ്യത്തെ അഭിസംബോധന ചെയ്ത് ഞായറാഴ്ച നടത്തിയ മന്‍ കി ബാതിനിടെയാണ് പ്രധാനമന്ത്രി ബംഗാളി ഭാഷ സംസാരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിന്റെ പ്രാധാന്യത്തെപ്പറ്റി പറയുന്നതിനായാണ് അദ്ദേഹം ബംഗാളിയിലെ ഒരു ഉദ്ധരണി ഉപയോഗിച്ചത്.

തനിക്ക് ഒന്നിലധികം ഭാഷകള്‍ അറിയാമെന്നും അതൊക്കെ പരസ്യപ്പെടുത്താനായി ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കേണ്ട ആവശ്യമില്ലെന്നും, ഷോ ഓഫുകള്‍ നടത്താറില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ ഒരു പ്രസംഗം നടത്തുമ്പോള്‍, പറയേണ്ട എല്ലാ കാര്യങ്ങളും ടെലിപ്രോംപ്റ്ററില്‍ നിങ്ങളുടെ മുന്നില്‍ ദൃശ്യമാകും. നിങ്ങള്‍ അത് വായിക്കുക മാത്രമാണ്. ജനങ്ങള്‍ ഇത് കാണുന്നില്ലല്ലോ. കുറച്ച് ആളുകള്‍ മാത്രമാണ് ഇത് മനസ്സിലാക്കുന്നത്. മുമ്പ് ഇത്തരം രീതികള്‍ അമേരിക്കയിലും ബ്രിട്ടണിലും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ ഇന്ത്യയിലും കണ്ടുതുടങ്ങി’- മമത ബാനര്‍ജി പറഞ്ഞു.

പബ്ലിസിറ്റിയ്ക്ക് വേണ്ടി ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ഏത് സംസ്ഥാനം സന്ദര്‍ശിക്കുമ്പോഴും അവിടുത്തെ ഭാഷയാണ് താന്‍ സംസാരിക്കാറുള്ളത്. എന്നാല്‍ അതിന്റെ പേരില്‍ ഷോ ഓഫുകള്‍ നടത്താറില്ല. ഭാഷയറിയാം എന്ന കാര്യത്തില്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്നും കാരണം അതിലൂടെ അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും സാധിക്കുമെന്നും, മമത പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ബംഗാളിനെ ലക്ഷ്യമിടുന്നതെന്നും മമത പറഞ്ഞു. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും ബംഗാളില്‍ ഒരിഞ്ച് പോലും സ്വാധീനം ചെലുത്താന്‍ ബി.ജെ.പിയ്ക്ക് ആവില്ലെന്നും മമത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News