ബുറേവി ചു‍ഴലിക്കാറ്റ്: കേരളം സജ്ജം; അതീവ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി

ബുറേവി ചുഴലിക്കാറ്റ് വെള്ളിയാഴ്ചയോടെ. തിരുവനന്തപുരം മേഖലയിൽ എത്തുമെന്നാണ് വിദഗ്ധ പ്രവചനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസംബര്‍ നാലിന് പുലര്‍ച്ചെ തെക്കൻ തമിഴ്നാട്ടിലും തുടര്‍ന്ന് കേരളത്തിലും എത്തും. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകും മൂന്ന് മുതൽ അഞ്ച് ദിവസം വരെയാണ് ഇത് തുടരുക. ചുഴലിക്കാറ്റ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി സംസാരിച്ചിരുന്നു. സംസ്ഥാനം സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീരദേശമേഖലയിൽ ശക്തമായ കടൽ ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ട്. ഇടുക്കി അടക്കമുള്ള മലയോര ജില്ലകളിൽ മണിക്കൂറിൽ അറുപത് കിലോമീറ്ററിന് മുകളിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാധ്യതയുണ്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കിയുടെ ഒരു ഭാഗം മഴയും കാറ്റും അതി തീവ്ര മഴ കാരണം വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നാണ് കണക്ക് കൂട്ടുന്നത്.

നിലവിൽ സംസ്ഥാനത്താകെ 13 ക്യാമ്പുകളിലായി 690 പേര്‍ താമസിക്കുന്നുണ്ട്. ശക്തമായ കാറ്റ് അടക്കം അസാധാരണ സാഹചര്യം ആണ് മുന്നിലുള്ളത്. അപകട സാധ്യത മുന്നിൽ കണ്ട് മുൻകരുതലെടുത്തണം. മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിപ്പിക്കുന്നവരെ മാറ്റി താമസിപ്പിക്കും. അപകട സാധ്യതയുള്ള മരങ്ങൾ മുറിച്ച് മാറ്റാൻ അടക്കം നടപടി എടുക്കും.

ചുഴലിക്കാറ്റിന്‍റെ സാന്നിധ്യം നാളെ ഉച്ചക്ക് ശേഷം തലസ്ഥാന ജില്ലയിൽ അനുഭവപ്പെട്ട് തുടങ്ങുമെന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ. സംസ്ഥാനത്ത് പ്രവേശിക്കും മുമ്പ് കാറ്റിന്‍റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയിൽ നാശ നഷ്ടങ്ങൾക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ജില്ലകളിൽ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത കാറ്റിന് ഒപ്പം അതി തീവ്ര മഴയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉണ്ട്. 1077 എന്ന നമ്പറിൽ തിരുവനന്തപുരം കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 0471 2330077, 0471 2333101 എന്നീ നമ്പറുകളിൽ തിരുവനന്തപുരം ഫയർ ഫോഴ്സ് കണ്ട്രോൾ റൂമിലേക്കും വിളിക്കാം.

24 മണിക്കൂറും കൺട്രോൾ റൂം പ്രവര്‍ത്തിക്കും. പത്തനംതിട്ട ജില്ലയിൽ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ചുഴലിക്കാറ്റ് കടന്ന് പോകും വരെ ശബരിമല പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വേണ്ട മുൻകരുതലും ജാഗ്രതയും എടുക്കാൻ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾക്കും പ്രചാരണത്തിനും ജാഗ്രത വേണം. കൊവിഡ് സാഹചര്യം മുന്നിൽ കണ്ട് വേണം രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ അടക്കം ഏകോപിപ്പിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

വേണ്ട മുൻകരുതലെടുക്കാൻ ആരോഗ്യ സംവിധാനങ്ങൾക്കും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. പ്രകൃതി ക്ഷോഭം സൃഷ്ടിക്കാവുന്ന അധിക ഉത്തരവാദിത്തമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകുന്നത്. പൊതു ജനങ്ങൾ അത് കൊണ്ടുതന്നെ വിട്ടുവീഴ്ച ഇല്ലാത്ത ജാഗ്രത പുലര്‍ത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമാണ് മഹാമാരിയുടെ കാലത്ത് അടക്കം കേരളത്തിൽ കണ്ടത്. പൊതു പ്രശ്നം എന്ന് കണ്ട് ഇടപെടാൻ എല്ലാവര്‍ക്കും കഴിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News