എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സ്വന്തം പിതാവിനെ അപരസ്ഥാനാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

പാലക്കാട് നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ സ്വന്തം പിതാവിനെ അപരസ്ഥാനാര്‍ത്ഥിയായി നിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

തിരുനെല്ലായ് വെസ്റ്റ് 36 വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ കാജാഹുസൈനെതിരെയാണ് അതേ പേരുള്ള പിതാവിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കു‍‍ഴപ്പമുണ്ടാക്കുന്നതിന് തന്നെയാണ് പിതാവിനെ അപര സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

തിരുനെല്ലായ് വെസ്റ്റ് വാര്‍ഡിലെ സ്ഥാനാര്‍ത്ഥി പട്ടിക പരിശോധിച്ചപ്പോള്‍ തോന്നിയ ചെറിയ സംശയത്തില്‍ നിന്നാണ് അന്വേഷണം തുടങ്ങിയത്. പതിവ് പോലെ ഒരേ പേരുകാരുണ്ട്. ഇതിനു പുറമെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മന്‍സൂറിന്‍റെയും സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിക്കുന്ന കാജാഹുസൈന്‍റെയും മേല്‍വിലാസം ഒന്ന്.
മണലാഞ്ചേരിയിലെ വീട്ടിലെത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മന്‍സൂറിനെ നേരിട്ട് കണ്ട് കാര്യം തിരക്കിയപ്പോ‍ഴാണ് കഥ മനസ്സിലായത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഇതേ മേല്‍വിലാസത്തിലുള്ള കാജാഹുസൈന്‍ മന്‍സൂറിന്‍റെ പിതാവാണ്. മേശ ചിഹ്നത്തില്‍ മത്സരിക്കുന്ന എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെകെ കാജാഹുസൈനെതിരെ അപരനായി പിതാവ് കാജാഹുസൈനെ ആപ്പിള്‍ ചിഹ്നത്തില്‍ രംഗത്തിറക്കുകയായിരുന്നു.

വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ടുകള്‍ തട്ടിയെടുത്ത് വിജയിക്കുകയാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിന് സജീവമായി നേതൃത്വം നല്‍കുന്നത് അപരനായി മത്സരിക്കുന്ന പിതാവ് കാജാഹുസൈനാണ്. യുഡിഎഫ്

സ്ഥാനാര്‍ത്ഥിയും അപര സ്ഥാനാര്‍ത്ഥിയും ഒരുമിച്ചാണ് യുഡിഎഫിനായി വോട്ട് തേടിയിറങ്ങുന്നത്. മകനെ വിജയിപ്പിക്കാനായി രാഷ്ട്രീയ തന്ത്രത്തിന്‍റെ ഭാഗമായാണ് അപര സ്ഥാനാര്‍ത്ഥിയായതെന്ന് കാജാഹുസൈന്‍.

വോട്ടര്‍മാരെ വഞ്ചിക്കുന്ന കോണ്‍ഗ്രസിന്‍റെ തരംതാ‍ഴ്ന്ന രാഷ്ട്രീയം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തന്നെ മേശ ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെകെ കാജാഹുസൈന് പറയാനുള്ളത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മകനും അപര സ്ഥാനാര്‍ത്ഥിയായ പിതാവും ഒരുമിച്ച് യുഡി എഫിനായി വോട്ട് തേടിയിറങ്ങി വോട്ടര്‍മാരെ പരിഹസിക്കുകയാണെന്ന് വിമര്‍ശനമുയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ ജയിക്കാനായി ജനങ്ങളെ പറ്റിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും അപര സ്ഥാനാര്‍ത്ഥിയായ പിതാവും തുറന്നു സമ്മതിച്ചിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയെയും വോട്ടര്‍മാരെയും പരസ്യമായി അപമാനിക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തിനെതിരെ മറുപടി നല്‍കേണ്ടത് വോട്ടര്‍മാര്‍ തന്നെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News