ആദ്യ ചര്‍ച്ച പരാജയം: കര്‍ഷകരുമായുള്ള മധ്യസ്ഥതയുടെ ചുക്കാന്‍ ഏറ്റെടുത്ത് അമിത് ഷാ; മന്ത്രിമാരെ വസതിയിലേക്ക് വിളിച്ചുവരുത്തി യോഗം

കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം ഏ‍ഴാം ദിവസത്തിലേക്ക് കടന്നു. കര്‍ഷകരുമായി കേന്ദ്രം നടത്തിയ ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ കര്‍ഷകരുമായുള്ള ചര്‍ച്ചയുടെ ചുക്കാന്‍ ഏറ്റെടുത്ത് അമിത് ഷാ. കര്‍ഷക സംഘടനകളുമായി ചൊവ്വാഴ്ച കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തില്‍ മന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ എന്നിവരെയാണ് അമിത് ഷാ വസതിയിലേക്ക് വിളിപ്പിച്ചത്. കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് കേന്ദ്രം നിയോഗിച്ചത് രാജ്‌നാഥ് സിങ്ങിനെയായിരുന്നു. എന്നാല്‍ ഈ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അമിത് ഷാ വീണ്ടും രംഗത്തെത്തിയത്.
കര്‍ഷകരുമായി ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തില്‍ വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ നാളെ കര്‍ഷകര്‍ക്ക് മുന്‍പില്‍ വെക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാവണമെന്ന കാര്യം ചര്‍ച്ച ചെയ്യാനാണ് അമിത് ഷാ യോഗം വിളിച്ചിരിക്കുന്നത്. നേരത്തെ കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന് പറഞ്ഞത് അമിത് ഷായായിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനും കാര്യങ്ങള്‍ സംസാരിക്കാനുമുള്ള ചുമതല പിന്നീട് രാജ്‌നാഥ് സിങ്ങിനെ ഏല്‍പ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here