‘നിയമസംവിധാനം നിരീക്ഷണത്തില്‍’; രാജ്യത്തെ മു‍ഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം

രാജ്യത്തെ മു‍ഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ ഉണ്ടെന്നു‍ള്ളത് ഉടന്‍ ഉറപ്പുവരുത്തണമെന്നും. സിസി ടിവി സംവിധനമില്ലാത്ത ഇടങ്ങളില്‍ എത്രയും പെട്ടന്ന് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുപ്രീംകോടതി നിര്‍ദേശം.

ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, കെഎം ജോസഫ്, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് ഉത്തരവ്. പൊലീസ് സ്റ്റേഷനുകള്‍ക്ക് പുറമെ സിബിഐ, എന്‍ഐഎ തുടങ്ങിയ അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവിയും റെക്കോര്‍ഡിംഗ് സംവിധാനവും ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോടും നിര്‍ദേശിച്ചിട്ടുണ്ട്.

കസ്റ്റഡി പീഡന കേന്ദ്രങ്ങളായി സ്റ്റേഷനുകള്‍ മാറുന്നത് തടയാനാണ് പരമോന്നത കോടതിയുടെ ഇടപെടല്‍. അതേസമയം സ്വകാര്യത സംരക്ഷിച്ചുകൊണ്ടായിരിക്കണം ഇത് നടപ്പാക്കുന്നതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പരംവീര്‍ സിങ് സെയ്‌നിയുടെ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി നടപടി. വിശദമായ മാര്‍ഗരേഖ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.

പൊലീസ് സ്റ്റേഷന്റെ മെയിന്‍ ഗേറ്റ്, കോമ്പൗണ്ടിന്റെ മുന്‍ഭാഗം, വരാന്ത, റിസപ്ഷന്‍, ലോക്കപ്പുകള്‍, കോറിഡോറുകള്‍, ലോബി, സിഐയുടെ മുറി, എസ്‌ഐയുടെ മുറി, മറ്റ് പൊലീസുകാര്‍ ഇരിക്കുന്ന സ്ഥലങ്ങള്‍, ലോക്കപ്പിന് പുറത്തെ ഭാഗം, സ്റ്റേഷന്‍ ഹോള്‍, വളപ്പ്, ശുചിമുറികളുടെ പുറത്തെ ഭാഗം, കെട്ടിടത്തിന്റെ പിന്‍ഭാഗം തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമറകളുണ്ടാകണമെന്ന് മാര്‍ഗരേഖയില്‍ വിശദീകരിക്കുന്നു.

ഇരുപത്തിനാല് മണിക്കൂറും ചിത്രീകരിക്കാവുന്ന തരത്തില്‍ ദൃശ്യവും ശബ്ദവും ഒരുപോലെ ചിത്രീകരിച്ച് സൂക്ഷിക്കാന്‍ ക‍ഴിയുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കേണ്ടെന്നും. ചിത്രീകരിച്ച ഫയലുകള്‍ 18 മാസക്കാലം സൂക്ഷിക്കാനുള്ള സംവിധാനവും ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് സിസിടിവിയുടെ മേല്‍നോട്ടച്ചുമതല. പൊലീസിനെതിരായ പരാതികളില്‍ മനുഷ്യാവകാശ കമ്മീഷന് ദൃശ്യങ്ങള്‍ എടുക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. കസ്റ്റഡി പീഡനം തടയുന്നതിന് രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ വെയ്ക്കണമെന്ന് 2018 ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഭൂരിഭാഗം സ്ഥലത്തും കാര്യമായി ഇത് നടപ്പായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ നിലപാട് കര്‍ശനമാക്കിയിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here