കര്‍ഷക സമരം കൂടുതല്‍ കരുത്താര്‍ജിക്കുന്നു; രണ്ടാംവട്ട ചര്‍ച്ച അല്‍പസമയത്തിനകം; കര്‍ഷക നേതാക്കള്‍ ദില്ലിയിലേക്ക്

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പോരാട്ടം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ആദ്യ ഘട്ട ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാം ഘട്ട ചര്‍ച്ച ഇന്ന് 11 മണിക്ക് നടക്കും. ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായി കര്‍ഷക സമര നേതാക്കള്‍ സിന്‍ഗു അതിര്‍ത്തിയിലെ സമര കേന്ദ്രത്തില്‍ നിന്നും ദില്ലിയിലേക്ക് പുറപ്പെട്ടു. അതേസമയം കര്‍ഷക സമരം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ് ദേശീയ അന്തര്‍ദേശീയ തലത്തില്‍ സമരത്തിന് പിന്‍തുണയും ഏറിവരികയാണ്.

കര്‍ഷകരുടെ ആവശ്യം അംഗീകരിക്കാത്ത പക്ഷം സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. മൂന്ന്‌ കാർഷികനിയമവും വൈദ്യുതിബില്ലും കേന്ദ്രം പിൻവലിക്കുംവരെ പ്രക്ഷോഭം തുടരാൻ അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി വർക്കിങ്‌ ഗ്രൂപ്പും പഞ്ചാബിലും ഹരിയാനയിലുംനിന്നുള്ള സംയുക്ത സമരസമിതി നേതാക്കളും തീരുമാനിച്ചു. സിൻഘു സമരകേന്ദ്രത്തിലെ കൂടിയാലോചന രണ്ട്‌ മണിക്കൂർ നീണ്ടു.

കുട്ടികളും സ്‌ത്രീകളും വയോധികരും അടക്കം ലക്ഷക്കണക്കിനു പേർ കൊടുംതണുപ്പിൽ ദിവസങ്ങളായി തെരുവിൽ കഴിഞ്ഞിട്ടും പ്രശ്‌നപരിഹാരത്തിന് കേന്ദ്രം തയ്യാറാകാത്തതിൽ യോഗം പ്രതിഷേധിച്ചു. ഇതിനകം മൂന്ന്‌ കർഷകർ മരിച്ചു. ഡിസംബർ അഞ്ചിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും അംബാനി, അദാനി അടക്കമുള്ള കോർപറേറ്റ്‌ വമ്പന്മാരുടെയും കോലങ്ങൾ രാജ്യവ്യാപകമായി കത്തിക്കാൻ തീരുമാനിച്ചു. പഞ്ചാബിൽനിന്നുള്ള കായികതാരങ്ങൾ പ്രതിഷേധസൂചകമായി ദേശീയ ബഹുമതികൾ മടക്കിനൽകി.

ഉത്തർപ്രദേശിൽനിന്ന്‌ ആയിരക്കണക്കിനു കർഷകർ പ്രക്ഷോഭത്തിൽ അണിചേർന്നതോടെ നോയിഡയും പ്രക്ഷുബ്ധം. ഡൽഹി–-നോയിഡ അതിർത്തിയിലെ ഗൗതം ബുദ്ധ്‌ നഗർ പ്രവേശനകവാടത്തിൽ കർഷകർ സമരകേന്ദ്രം തുറന്നു. ആയിരക്കണക്കിനു കർഷകർ ഇവിടെയും കേന്ദ്രീകരിച്ചു.

നോയിഡ–-ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ്‌വേയിൽ കർഷകർ പ്രതിഷേധിച്ചതിനെത്തുടർന്ന്‌ ഡിഎൻഡി ഫ്‌ളൈവേ പൊലീസ്‌ അടച്ചു. ഡൽഹിയുടെയും ഉത്തർപ്രദേശിന്റെയും മറ്റൊരു അതിർത്തിയായ ഗാസിപുരിലും കർഷകർ തമ്പടിച്ചു. വൻതോതിൽ കർഷകർ എത്തുന്നതിനാൽ പൊലീസിന്റെ സന്നാഹവും വിപുലമാക്കി. ദ്രുതകർമസേനയെയും നിയോഗിച്ചു.

കര്‍ഷകരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം പ്രത്യേക യോഗം വിളിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അതേസമയം ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ ആദ്യം രാജ്യ തലസ്ഥാനത്തും പിന്നാലെ രാജ്യവ്യാപകമായും ചരക്ക് നീക്കം സ്തംഭിക്കുമെന്ന് ട്രക്ക് ഉടമകളുടെ സംഘടന വ്യക്തമാക്കി. കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്രക്കുകളുടെ സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News