വ്യായാമമില്ലാതെ വണ്ണം കുറക്കാം എന്നതാണ് കീറ്റോയുടെ ഏറ്റവും വലിയ ആകർഷക ഘടകം.

2018 -2019 വർഷങ്ങളിൽ വളരെയധികം പ്രചാരത്തിൽ വന്ന ഒരു ഭക്ഷണക്രമമാണ് കീറ്റോ ഡയറ്റ്.കീറ്റോ ഡയറ്റ് എന്ന് പറഞ്ഞാൽ ലോ കാർബ്‌സ്- ഹൈ ഫാറ്റ് ഭക്ഷണ രീതിയാണ്. അന്നജത്തിന്റെ അളവ് കുറവും കൊഴുപ്പിന്റെ അളവ് കൂടുതലുമായിരിക്കും.വളരെ വേഗത്തിൽ ശരീരഭാരം കുറയ്ക്കുന്നു എന്നതാണ് ഈ ഡയറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത.

കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കൊഴുപ്പടങ്ങിയ ഭക്ഷണപദാർത്ഥങ്ങളാണ്‌. പാലുൽപ്പന്നങ്ങൾ ,ചുമന്ന ഇറച്ചി,കോഴിയിറച്ചി ,എണ്ണകൾ ,മുട്ട,നെയ്യ്,വെണ്ണ,വിവിധ തരം നട്സ് കൂൺ,തൈര് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കീറ്റോ ഡയറ്റിൽ ഉണ്ട്. കാർബോഹൈഡ്രേറ്റ്സ് കൂടുതലുള്ള എല്ലാ ഭക്ഷണവും ഒഴിവാക്കും. അരി, ഗോതമ്പ് പോലുള്ള എല്ലാ ധാന്യവർഗങ്ങളും കിഴങ്ങുവർഗങ്ങൾ മധുരമുള്ള സാധനങ്ങൾ എല്ലാം ഒഴിവാക്കും. മുട്ട, ഇറച്ചി, മീൻ ഇവയാണ് കൂടുതലായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.ഇഷ്ട്ടമുള്ള പല ഭക്ഷണ പദാർത്ഥങ്ങളും കഴിച്ചുകൊണ്ട് ,വ്യായാമമില്ലാതെ വണ്ണം കുറക്കാം എന്നതാണ് കീറ്റോയുടെ ഏറ്റവും വലിയ ആകർഷക ഘടകം.

ഫാറ്റി ലിവർ ഉള്ള രോഗികൾക്ക് നല്ല വ്യത്യാസം ഉണ്ടാകുന്നു ,പ്രമേഹ രോഗികൾക്ക് പ്രമേഹം കൈപ്പിടിയിൽ ഒതുങ്ങുന്നു എന്നത് വലിയ തോതിൽ കീറ്റോ ഡയറ്റെടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നുണ്ട് .എന്നാൽ ഒട്ടേറെ പ്രശ്നങ്ങൾ കീറ്റോയിൽ ഉള്ളതായി പഠനങ്ങൾ പറയുന്നു.

ഈ ഡയറ്റ് പിന്തുടരുന്ന ആൾക്ക് മുറിവുകൾ ഉണ്ടായാൽ അവ ഉണങ്ങുന്നതിന് കൂടുതൽ സമയമെടുക്കും. ഒപ്പം അണുബാധയ്ക്കുള്ള സാധ്യതയേറെയാണ്.കൊളസ്ട്രോൾ അമിതമാകുന്നതു കൊണ്ട് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത ഏറുന്നു.ഹൃദ്രോഗമുള്ളവർ കീറ്റോ ഡയറ്റെടുക്കുന്നതു അപകടമാണ്. കീറ്റോഡയറ്റ് പിന്തുടരുന്നവരിൽ ചർമപ്രശ്നങ്ങളുണ്ടാകുന്നതായി അമേരിക്കയിൽ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഏത് തരം ഡയറ്റ് സ്വീകരിക്കുന്നതിന് മുമ്പും ഒരു ഡയറ്റീഷന്റെ നിർദേശപ്രകാരം ചെയ്യുന്നതാണ് നല്ലത്.നമ്മുടെ ആരോഗ്യസ്ഥിതിക്കനുസരിച്ചുള്ള ഡയറ്റ് പിന്തുടരാൻ ഇത് സഹായിക്കും.

ഏത് ഡയറ്റായാലും നാരുകൾ കൂടുതലടങ്ങിയ ഭക്ഷണം ശീലമാക്കുന്നതാണ് നല്ലത്. ഇതിനെല്ലാമൊപ്പം 45 മിനിറ്റു മുതൽ ഒരു മണിക്കൂർ വരെയെങ്കിലും വ്യായാമം നിർബന്ധമാണ്. ഭക്ഷണ നിയന്ത്രണത്തോടൊപ്പം നന്നായി വെള്ളം കുടിക്കുകയും വേണം.കൂടിയ അളവിലുള്ള കൊഴുപ്പ് ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളായാനാവില്ല.

ഈ ഡയറ്റിൽ ഉൾപ്പെടുത്താവുന്ന റെഡ് മീറ്റുകൾ പലതും അർബുദം വരുത്താവുന്നവയുമാണ്.ചിലരിൽ വയറിളക്കം, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങൾകണ്ടുവരുന്നു.കായികക്ഷമത കുറയാൻ സാധ്യതയുണ്ട്.അവശ്യപോഷകങ്ങളുടെ കുറവിനും സാധ്യത.ശരീരത്തിന്‍റെ മെറ്റബോളിസം കുറയ്ക്കും.
ക്ഷീണം, പേശീപിടിത്തം എന്നിവയ്ക്കുകാരണമാകാം.ശരീരത്തിലെ ജലാംശം കുറയുന്നതുകൊണ്ട് വൃക്കകൾക്ക് ദോഷകരമാവാം.

ശരീരഭാരം പെട്ടെന്ന് കുറയ്ക്കുന്നതിനേക്കാൾ ആരോഗ്യകരമായ ഭക്ഷണം ശരിയായ അളവിൽ കഴിച്ച് ശരീരഭാരം ദീർലകാലത്തേക്ക് നിയന്ത്രിക്കുന്നതാണ് നല്ലതെന്ന കാര്യത്തിൽ സംശയമില്ല.ഇത് സാധാരണ ഡയറ്റിങ് ശീലങ്ങളിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഒന്നല്ല. ആരോഗ്യ മേഖലയിൽ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന ഡയറ്റാണ് .

അപസ്മാരം, ഫിറ്റ്സ് പോലുള്ള രോഗങ്ങളുള്ളവരിൽ പ്രത്യേകിച്ചും കുട്ടികളിലാണ് ഈ ഡയറ്റ് ചെയ്യാൻ ആരോഗ്യവിദഗ്ധർ നിർദേശിക്കാറുള്ളത്. അതും വിട്ടുമാറാത്തവിധം ഇത്തരം രോഗബാധയുണ്ടെങ്കിൽ മാത്രം. രോഗികളിൽ മരുന്നുകൾക്കൊപ്പം ഒരു ഡയറ്റീഷന്റെ നിർദ്ദേശപ്രകാരം മാത്രമാണ് ഡോക്ടർമാർ ഇത് ചെയ്യാൻ ആവശ്യപ്പെടുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News