മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെതിരെ ആരോപണം ഉന്നയിച്ച് കസ്റ്റംസ്

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെതിരെ ആരോപണം ഉന്നയിച്ച് കസ്റ്റംസ്. ശിവശങ്കറിന്‍റെ ഇടപാടുകള്‍ വിവാദങ്ങള്‍ നിറഞ്ഞതാണെന്ന് മാധ്യമ വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കുന്നുവെന്ന് കസ്റ്റംസ്.

ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്ങ്മൂലത്തിലാണ് വിചിത്ര വാദങ്ങള്‍.ജാമ്യാപേക്ഷ പരിഗണിക്കുന്നത് എറണാകുളം എസിജെഎം കോടതി ഈ മാസം 7ലേക്ക് മാറ്റി.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിവശങ്കര്‍ എറണാകുളം എ സി ജെ എം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്ങ്മൂലത്തിലാണ് ശിവശങ്കറിനെതിരെ വിചിത്ര വാദങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാരില്‍ ഉന്നത പദവിയിലിരുന്ന ശിവശങ്കറിന്‍റെ ഇടപാടുകള്‍ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് മാധ്യമ വാര്‍ത്തകള്‍ വ‍ഴി മനസ്സിലാക്കാന്‍ ക‍ഴിഞ്ഞുവെന്നാണ് കസ്റ്റംസിന്‍റെ ഒരു ആരോപണം.

നിര‍വധി അ‍ഴിമതിയാരോപണങ്ങള്‍ ശിവശങ്കറിന് നേരിടേണ്ടി വന്നതായി മാധ്യമവാര്‍ത്തകളിലൂടെ അറിയാന്‍ ക‍ഴിഞ്ഞുവെന്നും കസ്റ്റംസ് ആരോപിക്കുന്നു. നിരവധിതവണ ചോദ്യം ചെയ്തിട്ടും ശിവശങ്കറിനെതിരെ കസ്റ്റംസ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നത് വലിയ വൈരുദ്ധ്യമായി നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം പ്രതികളുടെ മൊ‍ഴികള്‍ക്കുപരിയായി ശിവശങ്കറിനതിരെ കൂടുതല്‍ തെളിവുകളെന്തെങ്കിലുമുണ്ടെങ്കില്‍ അത് സീല്‍ഡ് കവറില്‍ കൈമാറാന്‍ കോടതി നിര്‍ദേശിച്ചു.

തുടര്‍ന്ന് ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 7ലേക്ക് മാറ്റുകയായിരുന്നു.ഇതിനിടെ മറ്റ് പ്രതികളായ സ്വപ്ന സരിത്ത് എന്നിവരുടെ രഹസ്യ മൊ‍ഴി രേഖപ്പെടുത്തി.എറണാകുളം ജെ എഫ് സി എം മൂന്നാം കോടതിയാണ് രഹസ്യമൊ‍ഴി രേഖപ്പെടുത്തിയത്. അന്വേഷണ സംഘത്തിന്‍റെ അപേക്ഷ പരിഗണിച്ച് എ സി ജെ എം കോടതി ഇരുവരുടെയും കസ്റ്റംസ് കസ്റ്റഡി ഈ മാസം 8 വരെ നീട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News