ബിജെപിയുടെ വാദം പൊളിഞ്ഞു; ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റെന്ന് തുറന്നു പറഞ്ഞ് വൈറല്‍ ചിത്രത്തിലെ കര്‍ഷകന്‍

ദില്ലിയില്‍ നടന്നുവരുന്ന കര്‍ഷക സമരത്തിനിടെ വൃദ്ധനായ കര്‍ഷകനെ പൊലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന ബിജെപി വാദം പൊ‍ളിയുന്നു.

പ്രതിഷേധിക്കുന്നതിനിടെ പൊലീസ് നിരവധി തവണ തന്നെ മര്‍ദ്ദിച്ചെന്ന് കര്‍ഷകനായ സുഖ്‌ദേവ് സിംഗ് തുറന്നു പറഞ്ഞു. എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കര്‍ഷകന്‍റെ പ്രതികരണം.

‘അവര്‍ ഞങ്ങള്‍ക്ക് മേല്‍ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. അതിന് പുറമെ ലാത്തിയും. എനിക്ക് ശരീരം മുഴുവന്‍ അടികിട്ടി. കാലിനും മുതുകിനും ഒക്കെ,’ സുഖ്‌ദേവ് സിംഗ് പറഞ്ഞു.

കര്‍ഷകര്‍ക്കൊപ്പം പ്രതിഷേധിക്കുമ്പോഴും തന്നെ എന്തിനാണ് തല്ലിയതെന്ന് മനസിലായില്ലെന്നും 60 കാരനായ കര്‍ഷകന്‍ പറഞ്ഞു. പൊലീസിന് നേരെ കല്ലെറിയുകയോ മുദ്രാവാക്യം വിളിക്കുകയോ ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും കാര്‍ഷിക ബില്ലുകള്‍ കേന്ദ്രം പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിറകോട്ട് പോവില്ലെന്നും പഞ്ചാബിലെ കപുര്‍തല സ്വദേശിയായ സുഖ്‌ദേവ് പറഞ്ഞു.

കര്‍ഷക സമരത്തിനിടെ പൊലീസുകാരന്‍ കര്‍ഷകനെ ലാത്തികൊണ്ടടിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
കര്‍ഷകനെ പൊലീസ് മര്‍ദ്ദിക്കുന്ന ചിത്രം രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയ ബി.ജെ.പി ഐ. ടി സെല്‍ തലവന്‍ അമിത് മാളവ്യ ചിത്രം വ്യാജമാണെന്ന് പറഞ്ഞിരുന്നു. ഇന്ത്യ കണ്ട ഏറ്റവും നിന്ദ്യനായ പ്രതിപക്ഷ നേതാവായിരിക്കും രാഹുല്‍ ഗാന്ധിയെന്ന അധിക്ഷേപ പരാമര്‍ശത്തോടൊപ്പമായിരുന്നു മാളവ്യയുടെ ട്വീറ്റ്. കര്‍ഷകനെ പൊലീസ് തല്ലുന്നതായി പുറത്ത് വന്ന ചിത്രത്തിന്റെ സത്യാവസ്ഥയെന്ന പേരില്‍ മറ്റൊരു വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.

എന്നാല്‍ ഈ വീഡിയോ വ്യാജമാണെന്ന് കാണിച്ച് ട്വിറ്റര്‍ ഇന്ത്യ തന്നെ രംഗത്തെത്തിയിരുന്നു. മാളവ്യയുടെ ട്വീറ്റ് വ്യാജമാണെന്ന് കാണിച്ച് ആള്‍ട്ട് ന്യൂസ് അടക്കമുള്ള ഫാക്ട് ചെക്കിംഗ് മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News