സെറം ഇൻസ്റ്റിറ്റ്യൂട്ട്‌ വാക്സിന്‍ മാർച്ചില്‍; വാക്‌സിൻ ആദ്യം പോവുക കോര്‍പറേറ്റുകളിലേക്കെന്ന് റിപ്പോര്‍ട്ട്

വിപണിയിലേക്ക്‌ എത്തുന്ന കോവിഡ്‌ വാക്‌സിൻ കോർപറേറ്റ്‌ കരങ്ങളിലേക്കാകാം ആദ്യം പോവുകയെന്ന്‌ റിപ്പോർട്ട്‌. വാക്സിന്‍ കൂട്ടത്തോടെ വാങ്ങാന്‍ ഇന്ത്യയിൽ മൂന്നാംഘട്ട പരീക്ഷണത്തിലുള്ള വാക്‌സിൻ നിർമിക്കുന്ന കമ്പനികളെ വന്‍കിട കോർപറേറ്റുകള്‍ സമീപിച്ചു. ജീവനക്കാർക്കും മറ്റും ആദ്യം വാക്സിന്‍ നല്‍കാനാണ് കോർപറേറ്റ്‌ ശ്രമം.

വാക്സിൻ വിതരണം പൂർണമായി സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രം തീരുമാനമെടുത്തിട്ടില്ല. 25–-30 കോടിയോളം വരുന്ന മുൻഗണനാ വിഭാഗക്കാര്‍ക്കുമാത്രം വാക്‌സിൻ നേരിട്ട് വിതരണം ചെയ്യാനാണ് കേന്ദ്രനീക്കം. പ്രായമായവരും കുട്ടികളും ആരോ​ഗ്യപ്രവര്‍ത്തകരുമെല്ലാമാണ് മുന്‍​ഗണനാവിഭാ​ഗത്തില്‍. ശേഷിക്കുന്നവർ സ്വന്തം നിലയിൽ വാക്‌സിനേഷൻ നടത്തേണ്ടിവരും.

ഇന്ത്യയിൽ മൂന്നാംഘട്ട പരീക്ഷണത്തിലുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിൻ വന്‍തോതില്‍ വാങ്ങാൻ പല കോർപറേറ്റ്‌ സ്ഥാപനങ്ങളും ബന്ധപ്പെട്ടു. വലിയ ഓർഡറുകൾക്കാകും ആദ്യ പരിഗണനയെന്ന്‌ കമ്പനി വ്യക്തമാക്കി‌. 500–-600 രൂപയാണ്‌ ഡോസിന്‌ വില‌. ഡോസിന്‌ 220 രൂപയ്ക്കാകും സർക്കാരിന്‌ നല്‍കുക.

സെറം ഇൻസ്റ്റിറ്റ്യൂട്ട്‌ വാക്സിന്‍ മാർച്ചില്‍
അടുത്ത വർഷം മാർച്ച്‌–- ഏപ്രിൽ മാസത്തോടെ വാക്‌സിൻ വിപണിയിൽ എത്തിക്കുമെന്ന്‌ സെറം ഇൻസ്റ്റിറ്റ്യൂട്ട്‌ ഉടമ അഡാർ പൂനാവാല അറിയിച്ചു. മൂന്നാംഘട്ട പരീക്ഷണത്തിലുള്ള വാക്‌സിന്‌ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നേടിയെടുക്കാനാകും സെറം ഇൻസ്റ്റിറ്റ്യൂട്ട്‌ ആദ്യം ശ്രമിക്കുക. ചെന്നൈയിൽ പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിൻ സ്വീകരിച്ച വ്യക്തിക്ക് തളർച്ചയും ന്യൂറോ പ്രശ്‌നങ്ങളുമുണ്ടായത്‌ മറ്റ്‌ കാരണങ്ങളാലാണെന്ന നിലപാടിലാണ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌. അഞ്ചുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ ഇദ്ദേഹം കോടതിയെ സമീപിച്ചിട്ടുണ്ട്‌. 100 കോടി നഷ്ടപരിഹാരംതേടി‌ സെറം ഇൻസ്റ്റിറ്റ്യൂട്ടും നോട്ടീസ്‌ അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News