പാലാരിവട്ടം മേല്‍പ്പാലം; പുനര്‍ നിര്‍മ്മാണം ശരവേഗത്തില്‍

പാലാരിവട്ടം മേല്‍പ്പാലം പൂര്‍ണമായും പൊളിച്ചുനീക്കിയതിന് പിന്നാലെ പുനര്‍ നിര്‍മ്മാണവും ശരവേഗത്തില്‍. പുതിയ പാലത്തിനായുളള ആദ്യ ഗർഡറുകള്‍ സ്ഥാപിച്ചു തുടങ്ങി. ഇന്നലെ രാത്രിയോടെയാണ് ആദ്യഗര്‍ഡര്‍ കളമശേരി യാര്‍ഡില്‍ നിന്നും എത്തിച്ച് സ്ഥാപിച്ചത്. ഒമ്പത് മാസത്തിനുളളില്‍ തന്നെ പുതിയ പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.

റെക്കോര്‍ഡ് സമയം കൊണ്ട് പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കിയ പാലാരിവട്ടം മേല്‍പ്പാലത്തിന്‍റെ പുനര്‍ നിര്‍മ്മാണവും ശരവേഗത്തില്‍ പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ഡിഎംആര്‍സി. പാലത്തിന്‍റെ തൂണുകള്‍ ബലപ്പെടുത്തി പിയര്‍ ക്യാപുകള്‍ പുനര്‍ നിര്‍മ്മിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

പിന്നാലെയാണ് നിര്‍മ്മാണത്തിലെ ഏറ്റവും പ്രധാനഘട്ടമാണ് ഗര്‍ഡറുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയിരിക്കുന്നത്. കളമശേരി യാര്‍ഡില്‍ നിന്നും എത്തിച്ച ആദ്യ പ്രീ സ്ട്രസ്ഡ് ഗര്‍ഡര്‍ രാത്രിയോടെ സ്ഥാപിച്ചു.

ഗതാഗതതടസ്സം ഉണ്ടാകാതിരിക്കാന്‍ രാത്രി സമയത്താകും മു‍ഴുവന്‍ ഗര്‍ഡറുകളും സ്ഥാപിക്കുക. ആദ്യം വൈറ്റില ഭാഗത്ത് നിന്നും സ്പാനുകള്‍ ഘടിപ്പിച്ച് മധ്യഭാഗം വരെ പൂര്‍ത്തിയാക്കും. പിന്നീടായിരിക്കും ഇടപ്പളളി ഭാഗത്ത് ഗര്‍ഡറുകള്‍ സ്ഥാപിച്ച് സ്പാനുകള്‍ ഉറപ്പിക്കുക.

കളമശേരി യാർഡിൽ 30 പ്രീ സ്ട്രസ്ഡ് ഗർഡറുകൾ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. 17 സ്പാനുകളിലേക്കായി 102 ഗർഡറുകളാണ് ഇത്തരത്തില്‍ പുതിയതായി സ്ഥാപിക്കേണ്ടത്.

ഒമ്പത് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നെങ്കിലും അതിലും മുമ്പേ തന്നെ പുതിയ പാലം യാഥാര്‍ത്ഥ്യമാക്കാന്‍ ക‍ഴിയുമെന്ന പ്രതീക്ഷയിലാണ് ഡിഎംആർസിയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here