യുഡിഎഫ് കരുത്തായിക്കരുതുന്നത് വര്‍ഗീയതയുമായുള്ള കൂട്ട്; മത്സരം വികസനവും അപവാദവും തമ്മില്‍: എ വിജയരാഘവന്‍

വര്‍ഗീയ ശക്തികളുമായുള്ള രാഷ്ട്രീയകൂട്ടായ്മയും, നീതീകരിക്കാനാകാത്ത അവസരവാദവുമാണ് യുഡിഎഫ് സ്വന്തം കരുത്തായി കാണുന്നത്. തീവ്രഹിന്ദുത്വത്തിന്റെ തിന്മനിറഞ്ഞ രാഷ്ട്രീയത്തിനെതിരെ രാജ്യമാകെ ബഹുജനവികാരം രൂപപ്പെട്ടിരിക്കുന്ന ഘട്ടമാണിത്.

ഈ സന്ദര്‍ഭത്തില്‍ പോലും ബിജെപി നിലപാടുകളെ വിമര്‍ശിക്കാന്‍ കഴിയാത്ത ദൗബര്‍ല്യമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്. ബിജെപിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന വേവലാതിയാണ് കോണ്‍ഗ്രസിന്.

യുഡിഎഫിന്റെ പ്രകനപത്രികയില്‍പോലും ബിജെപിക്കെതിരെ നിശബ്ദത പാലിച്ചിരിക്കുന്നു. ഇരുകൂട്ടരും തമ്മിലുള്ള ഐക്യം വ്യക്തമാക്കപ്പെട്ടിരിക്കുന്നു. സംഘപരിവാറിന് ന്യായീകരണമുണ്ടാക്കാന്‍ കഴിയുന്ന വിധത്തില്‍ മറുവശത്ത് ജമാഅത്തെ ഇസ്ലാമിയുമായും യുഡിഎഫ് സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നു. അവസരവാദം എന്നല്ലാതെ മറ്റെന്താണ് ഇതിനെ പറയാന്‍ കഴിയുക.

വികസനവും അപവാദവും തമ്മിലുള്ള ഏറ്റുമുട്ടലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. കേരളത്തിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്ന ഇടതുപക്ഷ മുന്നണിയും സര്‍ക്കാരും ഒരുവശത്തും, കേരളത്തിന്റെ എതിര് നില്‍ക്കുന്ന യുഡിഎഫും ബിജെപിയും മറുവശത്തും എന്ന നിലയിലേക്ക് തെരഞ്ഞെടുപ്പ് പ്രചരണം എത്തിയിരിക്കുകയാണ്.

സംസ്ഥാനത്ത് നടന്നുവരുന്ന വികസനപ്രവര്‍ത്തനങ്ങളുടെ ഗതിവേഗം വര്‍ധിപ്പിക്കുന്നതിനും സാമൂഹ്യമൈത്രിക്കും വേണ്ടിയാണ് എല്‍ഡിഎഫ് വോട്ട് ചോദിക്കുന്നത്. അത്തരം വിഷയങ്ങളൊന്നും യുഡിഎഫോ ബിജെപിയോ കൈകാര്യം ചെയ്യുന്നില്ല. ഇടതുപക്ഷവിരുദ്ധതയാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. കൊല്ലം പ്രസ്‌ക്ലബിന്റെ ‘ജനവിധി’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരവാദികളെന്ന് പ്രചരിപ്പിച്ചിരുന്ന ലീഗ് മതമൗലികവാദികളായിയിരിക്കുന്നു. സക്കീര്‍ നായിക്കിന്റെ വീക്ഷണം ആവര്‍ത്തിച്ചവരാണ് കേരളത്തിലെ ലീഗ് നേതൃത്വം. ജനപിന്തുണ നഷ്ടമായപ്പോല്‍ കൂടുതല്‍ മതമൗലികവാദികളുമായി ചേര്‍ന്നു. കേരളം പോലൊരു സ്ഥലത്ത് ഇത്തരം നീക്കങ്ങള്‍ക്ക് ന്യൂനപക്ഷസമുദായങ്ങളില്‍ നിന്ന് പിന്തുണ കിട്ടില്ല.

അപകടകരമായ മറ്റൊരു തകര്‍ച്ച യുഡിഎഫ് നേരിടുകയാണ്. രണ്ട് യുഡിഎഫ് എംഎല്‍എമാര്‍ ഇപ്പള്‍ ജയിലിലാണ്. കേരളത്തില്‍ ഇത്തരമൊരു സന്ദര്‍ഭം മുന്‍പുണ്ടായിട്ടില്ല. സ്വാതന്ത്ര്യസമരത്തിന് പോയിട്ടല്ല, ജനങ്ങളുടെ പണം പറ്റിച്ചതിനാണ് അവര്‍ ജയിലില്‍ കഴിയുന്നത്. അഴിമതിയെ പരസ്പരം ന്യായീകരിച്ച് വെള്ളപൂശുകയാണ് യുഡിഎഫ് നേതാക്കള്‍.

ദീര്‍ഘവീക്ഷണത്തോടുകൂടിയ കേരള വികസന സമീപനം മുന്നോട്ട് വെച്ച സര്‍ക്കാരാണിത്. വികസനവിരുദ്ധരെന്ന് കമ്യൂണിസ്റ്റുകളെ ആക്ഷേപിച്ച കോര്‍പറേറ്റ് മാധ്യമങ്ങള്‍ കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് മുഖപ്രസംഗം എഴുതി. ഈ വികസനം അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുകയാണ്. കേരളത്തെ നിശ്ചലമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഡാലോചനയെ വിമര്‍ശിക്കാന്‍ യുഡിഎഫിന് സാധിക്കുന്നില്ല.

രാഷ്‌ട്രീയമായി ദുര്‍ബലപ്പെട്ട യുഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടി നേരിടും. ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം എല്‍ഡിഎഫ് നേടുകയും ചെയ്യും. മതവര്‍ഗീയതക്കെതിരായും വികസനത്തിന് ഒപ്പം നില്‍ക്കുന്നതുമായ ജനകീയ വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പിലുണ്ടാകാന്‍ പോകുന്നത്. സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തിനുള്ള വലിയൊരു ചുവടുവെയ്പ്പായി തദ്ദേശ തെരഞ്ഞെടുപ്പ് മാറുമെന്നും വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News