കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാനെത്തിയ വരന് നേരെയാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം നടന്നത്. പെൺകുട്ടിയുടെ അമ്മാവന്മാരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
കൊയിലാണ്ടി കീഴരിയൂരിൽ വ്യഴാഴ്ച വൈകീട്ട് 4 മണിയോടെയാണ് വരൻ്റെ കാർ തടഞ്ഞ് നിർത്തി ആക്രമണം നടന്നത്. പ്രണയിച്ച പെൺകുട്ടിയുടെ വീട്ടിലേക്ക് നിക്കാഹിന് എത്തും വഴിയാണ് സംഘം ആക്രമിക്കപ്പെട്ടത്. വടിവാളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് പെൺകുട്ടിയുടെ അമ്മാവന്മാരുടെ നേതൃത്വത്തിലായിരുന്നു ഗുണ്ടാ ആക്രമണം. മരുമകളെ സുഹൃത്ത് കൂടിയായ യുവാവ് വിവാഹം കഴിക്കുന്നതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്.
അക്രമത്തിൽ വരനൊപ്പം എത്തിയ 3 പേർക്ക് പരിക്കേറ്റു. പെൺകുട്ടിയുടെ അമ്മാവന്മാരായ കബീർ, മൻസൂർ എന്നിവരടക്കം 6 പേർക്കെതിെ കൊയിലാണ്ടി പോലീസ് കേസെടുത്തിട്ടുണ്ട്. വധശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തതെന്ന് റൂറൽ എസ് പി ഡോ. ശ്രീനിവാസ് പറഞ്ഞു.
പ്രണയത്തെ തുടർന്ന് കുറച്ച് മാസം മുമ്പ് പെൺകുട്ടി യുവാവിനൊപ്പം പോയിരുന്നു. ഇതേ തുടർന്ന് അമ്മാവന്മാർ യുവാവിനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇരുവരും കുട്ടിയുടെ വീട്ടുകാർ സമ്മതം അറിയിച്ച നിക്കാഹിന്, വരനും സംഘവും വരുന്നതിനിടെയാണ് വടിവാളുമായി എത്തി വീണ്ടും ആക്രമിച്ചത്.

Get real time update about this post categories directly on your device, subscribe now.