കര്‍ഷക സമരം പത്താം ദിവസത്തിലേക്ക്; പിന്‍തുണയറിയിച്ച് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍; നിയമ സേവനങ്ങള്‍ സൗജന്യമായി നല്‍കും

ദില്ലിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുമുള്ള പിന്‍തുണ വര്‍ദ്ധിച്ചുവരുന്നു.

പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ നിയമ സഹായങ്ങള്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ദുഷ്യന്ത് ദാവെ അറിയിച്ചതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ദല്‍ഹി ബാര്‍ കൗണ്‍സിലും കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷിക വിരുദ്ധം മാത്രമല്ല അത് അഭിഭാഷക വിരുദ്ധം കൂടെയാണ് എന്നാണ് കര്‍ഷകരെ പിന്‍തുണച്ചുകൊണ്ട് ദുഷ്യന്ത് ദാവേ പറഞ്ഞു.

കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കിയിട്ടുണ്ട്. സമരം ഇന്ന് പത്താം ദിനമാണ്. ഇന്ന് കേന്ദ്രസര്‍ക്കാരുമായി വീണ്ടും ചര്‍ച്ചയുണ്ട്. കേന്ദ്രവുമായി നിരവധി തവണ കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം ഫലം കാണാതെ അവസാനിക്കുകയായിരുന്നു.

കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ശനിയാഴ്ച ദേശ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്നും സംഘടനകള്‍ അറിയിച്ചു.

നിയമം പിന്‍വലിക്കാതെ പിറകോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. എന്നാല്‍ മൂന്ന് കാര്‍ഷിക നിയമങ്ങളിലും ഭേദഗതി വരുത്താമെന്നാണ് സര്‍ക്കാര്‍ കര്‍ഷകരോട് പറയുന്നത്.

സര്‍ക്കാരിന് ഈഗോ ഇല്ലെന്നും അതുകൊണ്ട് ശനിയാഴ്ചയും ചര്‍ച്ച നടത്താമെന്നാണ് വ്യാഴാഴ്ചത്തെ ചര്‍ച്ച പരിഹാരമില്ലാതെ അവസാനിച്ചതിന് പിന്നാലെ സര്‍ക്കാര്‍ പറഞ്ഞത്.

ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News