പ്രചരണത്തിന്റെ നായകന്‍ മുഖ്യമന്ത്രി തന്നെ; തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും: എ വിജയരാഘവന്‍

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായിരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ എല്‍ഡിഎഫ് ഭരണത്തിനുള്ള ജനങ്ങളുടെ അംഗീകാരമായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നും എ വിജയരാഘവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

യുഡിഎഫ് വര്‍ഗീയതയെയും കുപ്രചാരണത്തെയും കൂട്ടുപിടിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്‍ഡിഎഫിന്റെ നായകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അത് മനസിലാവുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ വെബ് റാലി ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്വര്‍ണക്കടത്ത് കേസില്‍ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണം എന്നാണ് എല്ലാവരുടെയും താല്‍പര്യം.

നിര്‍ഭാഗ്യവശാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മറ്റുപല താല്‍പര്യങ്ങളും ഉള്ളതുകൊണ്ടാവാം അന്വേഷണം തുടങ്ങി ഇത്രയും കാലമായിട്ടും യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ അവര്‍ക്ക് കഴിയാതെ പോയതെന്നും എ വിജയരാഘവന്‍ പറഞ്ഞു.

കേരള മോഡലിനെ തകര്‍ക്കുക എന്ന ഗൂഢാലോചനയാണിപ്പോള്‍ നടക്കുന്നതെന്നും ഇതിനെയെല്ലാം കേരളത്തിലെ യുഡിഎഫ് പിന്തുണക്കുകയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ പറഞ്ഞു.

രണ്ട് യുഡിഎഫ് എംഎല്‍എമാര്‍ ജയിലിലാണ്. രണ്ട് പേരും ലീഗുകാര്‍. വെറുതെ സംഭവിച്ചതല്ല. കാര്യങ്ങള്‍ തെളിയിക്കപ്പെട്ടതിന്റെ ഭാഗമായാണിത്. പ്രതിപക്ഷ നേതാവുള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായി വിജിലന്‍സ് അന്വേഷണത്തിലേക്ക് കാര്യം നീങ്ങുകയാണ്.

കേന്ദ്രം പ്രഖ്യാപിച്ചതിനേക്കാള്‍ 40 ശതമാനം അധികമാണ് കേരളത്തില്‍ നെല്‍കൃഷിക്കാരന് കൊടുക്കുന്ന സബ്‌സിഡിയെന്നും വിജയരാഘവന്‍ പറഞ്ഞു.

പത്ത് ലക്ഷം തൊഴിലവസരം സൃഷ്ടിക്കാനാകും എന്ന ആത്മശ്വാസമാണ് അഞ്ച് വര്‍ഷത്തെ ഇടത് ഭരണത്തിന്റെ പ്രധാന കൈമുതല്‍.

പ്രയാസകരമായ കാലത്തെ അതിജീവിച്ചും സര്‍ക്കാര്‍ പൊതുമികവ് നേടി. എന്നാല്‍ കേന്ദ്രത്തിന് ഇത് ഇഷ്ടപ്പെടുന്നില്ല. അതിനാല്‍ കേന്ദ്രാധികാരം ഉപയോഗിച്ച് തകര്‍ക്കാനാണ് ശ്രമിക്കുന്നത്.

തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ കാണാത്ത സ്ഥിതിയാണിപ്പോഴുള്ളത്. സ്വയം വരുത്തിവച്ച വിനകള്‍ ഇവരെ വേട്ടയാടുകയാണ്. വലിയ രാഷ്ട്രീയ തിരിച്ചടിയാണ് യുഡിഎഫിന് സംഭവിക്കുക.

ഇടതുപക്ഷം സംസ്ഥാനത്ത് നല്ല മുന്നേറ്റമുണ്ടാക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. സംസ്ഥാനത്തിന്റെ പൊതുപുരോഗതിയാണ് ലക്ഷ്യം.

തീവ്ര ഹിന്ദുത്വ വര്‍ഗീയത ഇളക്കി കേരളത്തില്‍ കാലുറപ്പിക്കാനാകുമോ എന്ന ബിജെപി പരിശ്രമം ഈ നാട് അംഗീകരിക്കില്ല.ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ യുഡിഎഫ് നടത്തുന്ന ശ്രമങ്ങള്‍ പാഴാകും.

യുഡിഎഫ് നേതാക്കള്‍ സമൂഹമധ്യത്തില്‍ സ്വയം പരിഹാസ്യരായി. വ്യത്യസ്ത സ്വരത്തില്‍ ന്യായീകരിക്കാനാകാത്ത രാഷ്ട്രീയ നിലപാടുകളെ വ്യാഖ്യാനിച്ച് പരിഹാസ്യരായി. കേരളം എല്ലാം തിരിച്ചറിയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News