അതി മനോഹരമായ ‘കഹിൻ ദൂർ ……’എന്ന ഗാനത്തിലേക്ക് എത്തുകയായിരുന്നു:ഏവരുടെയും മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരു ഗാനം:അപർണ രാജീവ്

നമുക്കെല്ലാം പ്രിയപ്പെട്ട അക്ഷര ചക്രവർത്തി മഹാകവി ഒ എൻ വി കുറിപ്പിനോടുള്ള സ്നേഹത്തിന്റെ ഒരംശം കൊച്ചുമകൾ അപർണ രാജീവിനും മലയാളികൾ നൽകിയിട്ടുണ്ട്. മുത്തച്ഛനു നൽകിയ ഒരു സ്വീകരണ പരിപാടിയിലാണ് ലൈവ് ഓർക്കസ്ട്രയ്ക്കൊപ്പം അപർണ ആദ്യമായി പാട്ടുപാടുന്നത്. ‘മഴവിൽക്കൊടിക്കാവടി അഴകുവിടർത്തിയ’ എന്ന അദ്ദേഹത്തിന്റെ തന്നെ പാട്ടായിരുന്നു അത്. സ്കൂളിൽ ആദ്യമായി മത്സരത്തിനു ചൊല്ലിയതും കുഞ്ഞേടത്തിയെന്ന ഒ എൻ വി കവിത. പിന്നീട് സിനിമയിൽ പാടാൻ അവസരം ലഭിച്ചപ്പോഴും ഒ എൻ വി രചിച്ചു വിദ്യാസാഗർ സംഗീതം നൽകിയ ഗാനമാണ് ആദ്യമായി പാടിയത്. ആദ്യമായി അപര്ണക്ക് അംഗീകാരം കിട്ടുന്നതും മുത്തച്ഛന്റെ ഗാനത്തിനാണ്. മിഴികൾ സാക്ഷി എന്ന ചിത്രത്തിലെ ഗാനത്തിന്.അറിഞ്ഞോ അറിയാതെയോ അപർണ രാജീവ് എന്ന ഗായിക മുത്തശ്ശന്റെ സ്നേഹവലയത്തിൽ തന്നെയായിരുന്നു എക്കാലവും.

അപർണ ആദ്യമായി ഒരു ഗാനം സ്വന്തം യൂട്യൂബ് ചാനലിനായി തിരഞ്ഞെടുത്തപ്പോൾ അത് സലിൽ ചൗധരിയുടെ പാട്ടായി.ഒ എൻ വി കുറുപ്പും സലിൽ ചൗധരിയും തമ്മിലുള്ള ഹൃദയബന്ധം ഒരു പശ്ചാത്തല സംഗീതം പോലെ അപ്പോഴും കേൾക്കാം.അവർ തമ്മിലുള്ള സ്നേഹ ബന്ധവും സംഗീത ബന്ധവും മലയാളികൾക്ക് പറഞ്ഞറിയേണ്ട കാര്യമില്ല

നവംബർ 27 സലിൽ ചൗധരി എന്ന എന്ന സംഗീത വിസ്മയത്തിന്റെ ജന്മദിനം ആയിരുന്നു .ആ ദിവസം തന്നെ അദ്ദേഹത്തിന്റെ കഹിൻ ദൂർ എന്ന ഗാനത്തിൽ യൂട്യൂബ് ചാനെൽ തുടങ്ങാൻ കഴിഞ്ഞത് നിമിത്തമായിത്തന്നെ അപർണ കരുതുന്നു.

ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളായ സലിൽ ചൗധരിയുടെ ഏതു പാട്ട് തിരഞ്ഞെടുക്കും എന്നത് തന്നെ വലിയ ചോദ്യമാണ് .”അതി മനോഹരമായ കഹിൻ ദൂർ എന്ന ഗാനത്തിലേക്ക് എത്തുകയായിരുന്നു.അതി തിവ്രഭാവം ഉൾക്കൊണ്ട ഗാനമാണത്. ,ഏവരുടെയും മനസ്സിൽ ആഴത്തിൽ പതിഞ്ഞ ഒരു ഗാനം എന്ന് തന്നെ പറയാം”

ഒറിജിനൽ ഗാനത്തോട് നീതി പുലർത്തണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു.അത് സാധിച്ചു എന്ന് തന്നെയാണ് വിശ്വസിക്കുന്നത് .സംഗീത സംവിധായകൻ ഔസേപ്പച്ചൻ ,കവി പ്രഭാവർമ എന്നിവർ നൽകിയ സ്നേഹഭിനന്ദങ്ങൾ കൂടുതൽ കരുത്ത് പകരുന്നുണ്ട് .

യൂട്യൂബ് ചാനലിന് വേണ്ടി ചെയ്ത ആദ്യത്തെ കവർ സോങ് ആണെന്നുള്ള ഇഷ്ട്ടം കൂടിയുണ്ട് അപർണ്ണക്ക് ഈ ഗാനത്തോട് . അപർണയുടെ ആലാപനം തന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകർഷണം. ഇതിനു മുൻപും അപർണ ഒരുക്കിയ ഗാനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

വളരെ ചെറിയ പ്രായം മുതൽ സംഗീതപഠനം ആരംഭിച്ചതാണ് അപർണ . കർണാട്ടിക് സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും സ്വായത്തമാക്കിയ അപർണ സംഗീതത്തിനായി മുഴുവൻ സമയവും സമർപ്പിച്ചിരിയ്ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here