കേന്ദ്രം വിളിച്ചു ചേര്‍ത്ത അഞ്ചാംവട്ട ചര്‍ച്ചയും പരാജയം; നിയമങ്ങള്‍ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം അവസാനിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത അഞ്ചാംവട്ട ചര്‍ച്ചയും പരാജയം. ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ തള്ളിക്കളഞ്ഞു.

നിയമങ്ങള്‍ പിൻവലിക്കാതെ മറ്റൊരു ഒത്തുതീർപ്പും സാധ്യമല്ലെന്ന് കർഷകർ നിലപാടെടുത്തതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ചര്‍ച്ചയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഈ മാസം ഒന്‍പതിന് വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തും. അതേസമയം ഒന്‍പതാം തീയതിയിലെ ചര്‍ച്ചയെ കുറിച്ച്‌ പിന്നീട് തീരുമാനിക്കുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളോട് ചര്‍ച്ചയില്‍ രൂക്ഷഭാഷയിലാണ് കര്‍ഷകര്‍ പ്രതികരിച്ചത്. തങ്ങള്‍ക്ക് കോര്‍പ്പറേറ്റ് കൃഷി വേണ്ടെന്നും കര്‍ഷകര്‍ക്കല്ല, സര്‍ക്കാരിനാണ് ഈ നിയമങ്ങള്‍ കൊണ്ട് ലാഭം കിട്ടുന്നതെന്നും കര്‍ഷക നേതാക്കള്‍ നിലപാടെടുത്തു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി തങ്ങള്‍ തെരുവിലാണെന്നും തങ്ങള്‍ റോഡില്‍ തന്നെ തുടരണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എങ്കില്‍ വിരോധമില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ പാത സ്വീകരിക്കില്ലെന്നും എന്താണ് തങ്ങള്‍ തെരുവില്‍ ചെയ്യുന്നത് എന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് വിവരങ്ങള്‍ നല്‍കുന്നുണ്ടല്ലോ എന്നും കര്‍ഷകര്‍ ചോദിച്ചു.

പ്രാദേശിക ചന്തകള്‍ക്കും സ്വകാര്യ ചന്തകള്‍ക്കും തുല്യ പരിഗണന, കര്‍ഷകരും വ്യാപാരികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനു പകരം സിവില്‍ കോടതി പരിഗണിക്കും എന്നീ കാര്യങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. എന്നാല്‍, ഭേദഗതികള്‍ അംഗീകരിക്കില്ലെന്നും നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുക തന്നെ വേണമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

നിയമങ്ങള്‍ ആദ്യം പിന്‍വലിക്കുക. പിന്നീട് ആവശ്യമെങ്കില്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തി പുതിയ നിയമങ്ങള്‍ സര്‍ക്കാരിനു പാര്‍ലമെന്റില്‍ പാസാക്കാമെന്നും കര്‍ഷകര്‍ നിലപാടെടുത്തു. നിയമങ്ങള്‍ പിന്‍വലിക്കുന്നോ ഇല്ലയോ എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് കര്‍ഷക സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News