പുതിയ പ്രൈവസി അപ്‌ഡേറ്റുമായി വാട്‌സാപ്പ്; വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് നഷ്ടമാകും

വാട്‌സാപ്പ് തങ്ങ‍ളുടെ സേവന നിബന്ധനകള്‍ പുതുക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2021 ഫെബ്രുവരി എട്ട് മുതല്‍ സേവന നിബന്ധനകള്‍ വാട്‌സാപ്പ് പുതുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വാബീറ്റ ഇന്‍ഫോ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഉപയോക്താക്കള്‍ക്ക് പിന്നീട് വാട്‌സാപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാട്‌സാപ്പ് ഉപയോക്താക്കളുടെ ഡാറ്റ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്, വാട്‌സാപ്പ് ചാറ്റുകള്‍ കൈകാര്യം ചെയ്യാനും ശേഖരിക്കാനും വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഫെയ്‌സ്ബുക്കിന്റെ സേവനങ്ങള്‍ എങ്ങനെ ഉപയോഗിക്കാം എന്നിവയാണ് പുതിയ പ്രൈവസി അപ്‌ഡേറ്റിലുള്ളത്.

പുതിയ വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നും അല്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നുമുള്ള പ്രൈവസി പോളിസി അപ്‌ഡേറ്റ് നോട്ടിഫിക്കേഷന്റെ സ്‌ക്രീന്‍ഷോട്ട് വാബീറ്റാ ഇന്‍ഫോ നേരത്തെ പങ്കുവെച്ചിരുന്നു.

വാട്‌സാപ്പ് സേവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കണമെങ്കില്‍ നിര്‍ബന്ധമായും വ്യവസ്ഥ അംഗീകരിച്ചിരിക്കണമെന്നാണ് പുറത്ത് വരുന്ന സൂചനകള്‍.

ഈ അറിയിപ്പ് ഒരു ഇന്‍ ആപ്പ് ബാനര്‍ ആയാണ് കാണിക്കുക. ഇന്‍ ആപ്പ് ബാനര്‍ സംവിധാനം അടുത്തിടെയാണ് വാട്‌സാപ്പില്‍ ഉള്‍പ്പെടുത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here