ലോക്ക്‌ ഡൗൺ കാലത്തെ സാമ്പത്തിക പ്രതിസന്ധി മറയാക്കി സംസ്ഥാനത്തും മാർവ്വാഡി ഓൺലൈൻ ലോൺ കമ്പനികൾ പിടിമുറുക്കുന്നു; കെെരളി ന്യൂസ് എക്സ്ക്ലൂസീവ്

തിരുവനന്തപുരം:കോവിഡ്‌ കാലത്തെ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത്‌ കേരളത്തിൽ നിന്നടക്കം കോടികൾ കൊള്ളലാഭം കൊയ്യുന്ന മാർവ്വാഡി ഓൺലൈൻ ലോൺ കമ്പനികൾ സജീവമാകുന്നു.ആർ.ബി.ഐ ലൈസൻസ്‌ ഉൾപ്പെടെയുള്ള യാതൊരുവിധ നിയമവ്യവസ്ഥകളും പാലിക്കാതെയാണ് ഇവരുടെ പ്രവർത്തനം.

കൂടുതൽ അന്വേഷിച്ചാൽ ഇവയിൽ മിക്കതിനും സ്വന്തമായി ഓഫീസോ,അഡ്രസ്സോ,വെബ്‌സൈറ്റോ,കസ്റ്റമർ കെയർ സംവിധാനമോ ഇല്ലെന്നതാണ് വസ്തുത.നിരവധി പരാതികൾ ലഭിച്ചിട്ടും കേന്ദ്ര ധനകാര്യ മന്ത്രാലയമോ,ആർ.ബി.ഐയോ ഇവർക്കെതിരെ ചെറുവിരൽ അനക്കാൻ തയ്യാറാകുന്നില്ല.

ഓൺലൈൻ വഴിയാണ് ഈ കമ്പനികളുടെ പ്രവർത്തനം.ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇത്തരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ്.ഗൂഗിൾ ആഡ്‌ വഴിയും ഫേസ്ബുക്ക്‌ സ്പോർണ്ൺസേർഡ്‌ ആഡുകൾ വഴിയുമാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്‌.ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഇരയുടെ ഫോണിലെ കോണ്ടാക്ട്‌ നമ്പറുകളും വ്യക്തിഗത വിവരങ്ങളും ഇവർ കൈക്കലാക്കുന്നു.

പാൻ കാർഡ്‌,ആധാർ കാർഡ്‌ എന്നീ വിവരങ്ങൾ അപ്‌ലോഡ്‌ ചെയ്യുകയും മറ്റ്‌ വിവരങ്ങൾ നൽകുകയും ചെയ്യുന്നതോടെ നമ്മൾ നൽകുന്ന ബാങ്ക്‌ അക്കൗണ്ടിൽ പണമെത്തും.അത്യാവശ്യക്കാരാണെങ്കിൽ ഇവരുടെ കൊള്ളയ്ക്ക്‌ മറ്റൊന്നും നോക്കാതെ തലവച്ച്‌ കൊടുക്കുകയും ചെയ്യും.

ആർ.ബി.ഐ അനുശാസിക്കുന്ന ലെൻഡിംഗ്‌ നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് ഈ കമ്പനികളുടെ പ്രവർത്തനം.ഏറ്റവും കുറഞ്ഞത്‌ കാലാവധി മൂന്ന് മാസവും പലിശ പരമാവധി ഒരു വർഷത്തേക്ക്‌ 26 ശതമാനവുമേ പാടുള്ളൂ എന്നാണ് ആർ.ബി.ഐ നൽകിയിരിക്കുന്ന നിർദ്ദേശം.എന്നാൽ ഓൺലൈനായി യാതൊരുവിധ നിയമങ്ങളും പാലിക്കാതെ രാജ്യത്ത്‌ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന ഈ കൊള്ളസംഘങ്ങൾ ഈടാക്കുന്നത്‌ അവിശ്വസനീയമായ പലിശയാണ്.പലിശയ്ക്ക്‌ പകരം പ്രോസസിംഗ്‌ ഫീസ്‌ എന്ന ഓമനപ്പേരിലാണീ പകൽക്കൊള്ള.

ഉദാഹരണത്തിന്,”സ്നാപിറ്റ്‌ ലോൺ” എന്ന കമ്പനി 8000 രൂപയ്ക്ക്‌ വെറും 7 ദിവസത്തേക്ക്‌ ഈടാക്കുന്ന പലിശ 2500 രൂപയോളമാണ്.അതായത്‌,5500 രൂപ മാത്രമേ ലോൺ അപേക്ഷിക്കുന്ന ആളുകൾക്ക്‌ നൽകൂ.ഏഴാം ദിവസം ഈ തുക 8000 രൂപയായി തിരിച്ചടയ്ക്കണം.5500 രൂപ മുതൽമുടക്കുന്ന കമ്പനിക്ക്‌ ഒരു മാസം കൊണ്ട്‌,4 തവണകളിലായി ലാഭമായി മാത്രം ലഭിക്കുന്നത്‌ 10000 രൂപയാണ്.200 ശതമാനത്തോളം ഒരു മാസം കൊണ്ട്‌ കൊള്ളലാഭമായി ഇവർ പിഴിഞ്ഞെടുക്കുന്നു.ഒരു വർഷത്തെ ഇവരുടെ സാമ്പത്തികലാഭം ഇത്തരത്തിൽ കൂട്ടിയാൽ ലഭിക്കുന്നത്‌ 2400 ശതമാനം!

ഇത്തരത്തിൽ പ്രവർത്തിക്കുന്ന നിരവധി പ്ലാറ്റ്ഫോമുകളെ ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്താനായി.ലിക്വിഡ്‌ ക്യാഷ്‌,വൗ പൈസ,റുപീ പ്ലസ്‌,ക്യാഷ്‌ പോർട്ട്‌,ക്യാഷ്‌ മാപ്പ്‌,ക്യാഷ്‌ സീഡ്‌ എന്നിങ്ങനെയുള്ള നിരവധി പേരുകളിൽ ഈ കമ്പനികൾ പ്രവർത്തിക്കുന്നു.ഇതിനെല്ലാം വേണ്ട സഹായങ്ങൾ ഒരുക്കി നൽകുന്നത്‌ ഗൂഗിൾ,ഫേസ്‌ ബുക്ക്‌,റേസർ പേ,ക്യാഷ്‌ ഫ്രീ എന്നീ വൻകിട കമ്പനികളാണ് .

ഇവർക്കെതിരെ കൂടി നിയമനടപടികൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരകളിൽ ചിലർ.ഗൂഗിളിലും ഫേസ്ബുക്കിലും നൽകുന്ന പരസ്യങ്ങളിൽ കാലാവധിയും പലിശയും നിയമാനുസൃതമായാണ് കാണിക്കുക.ഇതിൽ ആകൃഷ്ടരായാണ് പലരും ഇവരുടെ വലയിൽ വീഴുന്നത്‌.

ഏഴ്‌ ദിവസത്തെ കാലാവധിക്ക്‌ നൽകുന്ന ലോൺ ഇവർ ഈടാക്കിയെടുക്കുന്ന രീതിയാണ് ഏറെ വിചിത്രം.ഇതിനായി ഇവർ റിക്കവറി ചുമതല ഏൽപ്പിക്കുന്നത്‌ ദില്ലി,ഹരിഹാന,ഒറീസ്സ,ബംഗളൂരു,ഹൈദരാബാദ്‌ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ചില കോൾ സെന്ററുകളെയാണ്.ഉപഭോക്താവിന്റെ ഫോൺ വഴി ചോർത്തിയെടുക്കുന്ന അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ നമ്പറുകൾ ഇതിനായി ഇത്തരം കമ്പനികൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്‌.

തിരിച്ചടവ്‌ ഒരു ദിവസം താമസിച്ചാൽ പോലും കോണ്ടാക്ട്‌ ലിസ്റ്റുകളിലുള്ള ആളുകളുടെ വാട്ട്സ്‌ ആപ്പ്‌ മെസഞ്ചറിലേക്ക്‌ ലോൺ എടുത്ത ആളുകളുടെ ഫോട്ടോയും ആധാർ കാർഡും പാൻ കാർഡും ഇവർ അയച്ച്‌ നൽകും.”ഈ ആൾ ഫ്രോഡാണ്,നിങ്ങളെ ഗ്യാരന്ററാക്കി ലോൺ എടുത്തിട്ടുണ്ട്‌,തിരിച്ചടയ്ക്കാൻ അവരെ നിർബ്ബന്ധിക്കണം”എന്നതായിരിക്കും ഉള്ളടക്കം.

യാഥാർത്ഥ്യവുമായി ഇതിനു യാതൊരു ബന്ധവുമില്ലെങ്കിലും,ഇരയെ ബ്ലാക്ക്‌ മെയിൽ ചെയ്യുകയും തെറ്റിദ്ധരിക്കപ്പെട്ടവരുണ്ടെങ്കിൽ,അവരുടെ നിർബ്ബന്ധത്തിൽ വഴങ്ങി ലോൺ തിരിച്ചടക്കാനിടയുണ്ട്‌ എന്ന ലക്ഷ്യത്തോടെയുമാണ് ഇവർ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്‌.വാട്ട്സ്‌ ആപ്പിൽ ഗ്രൂപ്പുണ്ടാക്കി,അത്‌ വഴി ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിച്ചും ഇവർ ഇരകളെ മാനസിക സമ്മർദ്ദത്തിലാക്കുന്നു.ഇത്തരത്തിലുള്ള ഇവരുടെ പ്രവർത്തനങ്ങൾ മൂലം നിരവധി ആളുകൾ ഇന്ന് സമൂഹമധ്യത്തിൽ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

മാനനഷ്ടം ഭയന്ന്,ഇവരുടെ ഭീഷണിക്ക്‌ വഴങ്ങുന്ന പലരും പിന്നീട്‌ ഇവരുടെ വലയിൽ നിന്ന് ഒരിക്കലും രക്ഷപെടാനാകാത്ത സ്ഥിതിയിലാകും.ലോൺ തിരിച്ചടച്ച്‌ കഴിഞ്ഞാൽ,ഉടൻ തന്നെ ഇവർ പഴയ കൊള്ളപലിശ നിരക്കിൽ തന്നെ ലോൺ പുതുക്കി നൽകും.ഭീഷണി ഭയന്ന്,കടം വാങ്ങി തിരിച്ചടവ്‌ പൂർത്തിയാക്കി,വീണ്ടും ലോൺ പുതുക്കി എടുത്ത്‌ ലക്ഷങ്ങൾ നഷ്ടമായവർ അനവധിയുണ്ട്‌.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരത്തിൽ വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത്‌ സംബന്ധിച്ചും,സമൂഹമാധ്യമങ്ങൾ വഴി അപമാനിക്കുന്നതിനും എതിരെ നിരവധി പരാതികളാണ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങൾക്കുള്ളിൽ സംസ്ഥാന സൈബർ പോലീസിന് ലഭിച്ചിട്ടുള്ളത്‌.പത്തനംതിട്ട ജില്ലയിലെ ഒരു ധനകാര്യ സ്ഥാപനത്തിലെ ഒരു കൂട്ടം ജീവനക്കാരും ഇത്‌ സംബന്ധിച്ച്‌ പരാതി നൽകിയിട്ടുണ്ട്‌.

ഇരുപതോളം പേരാണ് പത്തനംതിട്ട ജില്ലയിൽ മാത്രം പരാതിയുമായി മുൻപോട്ട്‌ വന്നിട്ടുള്ളത്‌.തിരുവനന്തപുരം,കൊച്ചി,കോഴിക്കോട്‌,മലപ്പുറം തുടങ്ങിയ നിരവധി ജില്ലകളിൽ ഇത്തരത്തിൽ അപമാനിക്കപ്പെട്ടവർ നിരവധിയുണ്ടെന്നാണ് വിവരം.മാനഹാനി ഭയന്ന് മിക്ക ആളുകളും ഇവർക്കെതിരെ പരാതിപ്പെടാൻ തയ്യാറാകുന്നില്ല എന്നതാണ് ഇവർക്ക്‌ വളമാകുന്നത്‌.

ഈ വിഷയങ്ങൾ ഉന്നയിച്ച്‌,കേന്ദ്ര ധനകാര്യവകുപ്പ്‌ മന്ത്രി നിർമ്മല സീതാരാമനും റിസർവ്വ്‌ ബാങ്ക്‌ ഗവർണ്ണർക്കും പരാതി നൽകിയിട്ടും ഒരു മറുപടി പോലും ലഭിച്ചിട്ടില്ല എന്ന അനുഭവസ്ഥർ പറയുന്നു.ഗുജറാത്തിൽ നിന്നുള്ള മാർവ്വാഡി കമ്പനികളാണ് ഈ കൊള്ളയ്ക്ക്‌ പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് വിവരം.

കോവിഡിന്റെ പശ്ചാത്തലത്തിൽ,രാജ്യത്ത്‌ നടക്കുന്ന ഈ തീവെട്ടികൊള്ളയ്ക്ക്‌ ഉന്നത തലത്തിൽ നിന്നുള്ള പിന്തുണയുമുണ്ടെന്നാണ് അറിവ്‌.രാജ്യം കണ്ട ഏറ്റവും വലിയ ഈ ചൂഷണത്തിനെതിരെ നിയമപരമായി നടപടികൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരകളിൽ ചിലർ.ആരാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത ഈ ഗൂഡസംഘത്തിന്റെ പ്രവർത്തനം നിയമം മൂലം അടിയന്തരമായി നിയന്ത്രിച്ചില്ലെങ്കിൽ,നിരവധി ആളുകളെ ഇത്‌ ആത്മഹത്യയിലേക്ക്‌ തള്ളിവിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News