ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നെറ്റിയിൽ രേഖപ്പെടുത്താന്‍ ഡോ.പൽപ്പുവിനേക്കാൾ ഉചിതമായ പേര് വേറെയില്ല: അശോകന്‍ ചരുവില്‍

തിരുവനന്തപുരത്തെ ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ രണ്ടാമത്തെ ക്യാമ്പസിന് ഗോള്‍വള്‍ക്കറിന്‍റെ പേര് നല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എ‍ഴുത്തുകാരനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അശോകന്‍ ചരുവില്‍. ഫെയ്സ്ബുക്ക് പോസ്റ്റ് വ‍ഴിയാണ് അദ്ദേഹം പ്രതിഷേധം പങ്കുവച്ചത്. ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

തിരുവനന്തപുരത്തെ ബയോളജി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പുതിയ കാമ്പസിന് ഒരു വർഗ്ഗീയ ഭീകരവാദിയുടെ പേരു നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കം വിവാദമായിരിക്കുകയാണല്ലോ. കാമ്പസിന് ലോകത്തിലെത്തന്നെ ആദ്യകാല ബാക്ടീരിയോളജിസ്റ്റുകളിൽ ഒരാളായ ഡോ.പി.പൽപ്പുവിൻ്റെ പേരു നൽകണം എന്ന നിർദ്ദേശം ഉയർന്നു വന്നിട്ടുണ്ട്. തികച്ചും ഉചിതമായ ഈ നിർദേശത്തെ സ്വാഗതം ചെയ്യുന്നു.

വൈദ്യബിരുദം നേടി തൊഴിൽ തേടി വന്ന ഡോ.പൽപ്പുവിനെ പിന്നാക്ക ജാതിക്കാരൻ എന്നാക്ഷേപിച്ച് സവർണ്ണ ഹിന്ദുവായ തിരുവതാംകൂർ രാജാവ് കൊട്ടാരത്തിൽ നിന്ന് അപമാനിച്ച് ഇറക്കിവിടുകയാണുണ്ടായത്. അപൂർവ്വത്തിൽ അപൂർവ്വം വൈദ്യ ബിരുദധാരികളേ അക്കാലത്ത് രാജ്യത്തു തന്നെ ഉണ്ടായിരുന്നുള്ളു. പൽപ്പു പിന്നീട് മൈസൂർ സർക്കാരിൻ്റെ കീഴിൽ ഉദ്യോഗസ്ഥനായി. അവിടെ പ്ലേഗ് എന്ന മഹാമാരിക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടം ചരിത്രമാണ്.

ഡോ.പൽപ്പു അന്ന് തിരുവതാംകൂർ സർവ്വീസിൽ ചേർന്നിരുന്നുവെങ്കിൽ വൈറസിനും മറ്റു പകർച്ചവ്യാധികൾക്കും എതിരായ കേരളത്തിൻ്റെ പോരാട്ടം ഇന്ന് കൂടുതൽ സുഗമമായേനെ എന്നു ഞാൻ കരുതുന്നു. തുടക്കം മുതലേ ആവശ്യമായ ബയോ ഇൻസ്റ്റിറ്റ്യൂട്ടുകളും പ്രതിരോധ സംവിധാനങ്ങളും ഉണ്ടായിരുന്നെങ്കിൽ ആരോഗ്യരംഗം കൂടുതൽ മെച്ചപ്പെട്ടേനെ.

നിർദ്ധനനായിരുന്ന പൽപ്പുവിന് സൗജന്യമായി പ്രാഥമിക വിദ്യാഭ്യാസം നൽകിയത് ഫെർണാണ്ടസ് എന്ന ക്രിസ്ത്യൻ മിഷണറിയാണ്. പിന്നീട് ഹൈസ്കൂൾ ക്ലാസിൽ ചേർന്ന തൻ്റെ പ്രിയശിഷ്യന് ഉച്ചഭക്ഷണം കഴിക്കാനുള്ള സൗകര്യവും സ്കൂൾ പരിസരത്ത് അദ്ദേഹം ഏർപ്പാടു ചെയ്തിരുന്നു.

മൈസൂരിൽ ജോലി ചെയ്യുമ്പോഴും ഡോ.പൽപ്പുവിൻ്റെ മനസ്സ് തൻ്റെ പ്രിയപ്പെട്ട കേരളത്തിലായിരുന്നു. മൈസൂരിൽ വൈറസിനെതിരായിരുന്നു പ്രതിരോധമെങ്കിൽ കേരളത്തിൽ വന്ന് അദ്ദേഹം നടത്തിയ സമരം “ജാതിമേധാവിത്തം” എന്ന കൂടുതൽ മാരകമായ വൈറസിനെതിരായിട്ടായിരുന്നു. ആ മഹാപോരാട്ടം ജനാധിപത്യവൽക്കരിക്കപ്പെട്ട ഒരു നവകേരളത്തിൻ്റെ സൃഷ്ടിക്ക് കാരണമായി.

തിരുവനന്തപുരത്തെ ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നെറ്റിയിൽ രേഖപ്പെടുത്താന്‍ ഡോ.പൽപ്പുവിനേക്കാൾ ഉചിതമായ പേര് വേറെയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News