തിരഞ്ഞെടുക്കുന്നത് നല്ല ഭരണകർത്താക്കളെയാകട്ടെ, വൈറസിനെയാകാതിരിക്കട്ടെ; വോട്ട് ചെയ്യാൻ പോകുമ്പോൾ പൊതുജനം ശ്രദ്ധിക്കേണ്ടത്

ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന പ്രക്രിയകളിൽ ഒന്നാണല്ലോ തിരഞ്ഞെടുപ്പ്, അത് കൊണ്ട് തന്നെ ഒഴിവാക്കാനാവാത്ത ഒന്ന് കൂടിയാണ് അത്. ഒരു പകർച്ചവ്യാധിക്കാലത്തെ, തിരഞ്ഞെടുപ്പ് എന്നത് ഏറെ വെല്ലുവിളികൾ ഉയർത്തുന്ന ഒന്നാണ്.

ഈ തിരഞ്ഞെടുപ്പ് കാലത്ത്, പൊതു ജനങ്ങൾ എന്തൊക്കെ ശ്രദ്ധിക്കണം

പോളിങ്ങ് ബൂത്തിൽ

തെരഞ്ഞെടുപ്പ് സമയത്ത്, പോളിംഗ് ബൂത്തിനുള്ളിൽ സാമൂഹിക അകലം നിഷ്‌കർഷിക്കുമെങ്കിലും, പുറത്ത് തിരക്ക് ഉണ്ടാവാനിടയുണ്ട്. മാർഗനിർദേശ പ്രകാരം കൃത്യമായി ക്യൂവിൽ നിൽക്കാനുള്ള അകലം മാർക്ക് ചെയ്യുന്നത് ഇത് കുറെയെല്ലാം പരിഹരിക്കുമെന്ന് കരുതാം. തള്ളുന്നവന് വോട്ട് ചെയ്താലും തള്ളിൽ നിന്ന് വോട്ട് ചെയ്യരുത് !

(പ്രാദേശികമായി തന്നെ സമയവും, ഊഴവും നേരത്തെ തന്നെ ക്രമീകരിക്കാമെങ്കിൽ, ഇങ്ങനെ കാത്തു നിൽക്കുമ്പോൾ ഉള്ള വ്യാപനം തടയാൻ കൂടുതൽ ഫലപ്രദമായി സാധിച്ചേക്കും. പ്രവേശന കവാടവും പുറത്തേക്കുള്ള കവാടവും വെവ്വേറെയാകുന്നത് തിരക്ക് കുറക്കാനുതകുമെങ്കിലും മിക്ക സ്ഥലങ്ങളിലും പ്രായോഗികമാവില്ല.)

വോട്ടിങിന് പോകുമ്പോൾ, സ്വന്തമായി പേന കൊണ്ട് പോകാൻ സാധിക്കുന്നവർക്ക്, അത് കയ്യിൽ കരുതാം. കൊണ്ടു നടക്കാവുന്ന സാനിറ്റൈസർ ,ഒരു എക്സ്ട്രാ മാസ്ക് കരുതുന്നത് ബുദ്ധിപൂർവ്വമാകും.

• പോളിങ്ങ് ബൂത്തിലേക്കുള്ള യാത്ര പൊതുഗതാഗതം വഴിയായാലും, സ്വകാര്യ വാഹനം വഴിയായാലും സുരക്ഷിത അകലം നിലനിർത്തിയാവാൻ ശ്രമിക്കുക .

• മാസ്ക് ധരിക്കണമെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. തിരിച്ചറിയിലിന് വേണ്ടി മാത്രം ആവശ്യപ്പെട്ടാൽ മാസ്ക് താഴ്ത്താം.

• മഷി പുരട്ടുമ്പോഴും മറ്റും ഉദ്യോഗസ്ഥരുടെ കൈ, മേശ പോലുള്ള പ്രതലങ്ങളിൽ സ്പർശിക്കാതെ ശ്രദ്ധിക്കുക.

• പോളിംഗ് ബൂത്തിൽ കയറുന്നതിനു മുൻപും പിൻപും കൈകൾ സോപ്പിട്ട് കഴുകിയോ, സാനിറ്റൈസർ ഉപയോഗിച്ചോ, അണുവിമുക്തമാക്കാം.

തിരക്കുള്ള, വായുസഞ്ചാരമില്ലാത്ത ഇടങ്ങളിൽ , ദീർഘസമയം
കാത്തു നിൽക്കാനുള്ള സാഹചര്യം കഴിയുന്നതും ഒഴിവാക്കുക.

• പ്രായമേറിയവരും, മറ്റു ഗുരുതര രോഗമുള്ളവരും ദീർഘനേരം കാത്തുനിൽക്കാനിടയില്ലാത്ത വിധം വോട്ടിംഗ് സൗകര്യം ഒരുക്കുമെന്ന് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. അർഹരായവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.

• ചെറിയ ലക്ഷണങ്ങൾ ഉള്ള വ്യക്തികൾ പോലും, എത്രയും പെട്ടെന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയമാവാം. പൊസിറ്റിവ് ആണെങ്കിൽ കമ്മിഷൻ നിർദേശിക്കുന്ന രീതിയിലുള്ള തപാൽ വോട്ടിങ് പ്രക്രിയ ഉപയോഗിക്കുകയും ചെയ്യാം.

*രാഷ്ട്രീയ പ്രവർത്തകരും, മറ്റു സന്നദ്ധ പ്രവർത്തകരും ശ്രദ്ധിക്കേണ്ടവ*

മീറ്റിംഗുകൾ, വിശാലവും വായൂസഞ്ചാരവുമുള്ള, മുറികളിൽ നടത്തുവാൻ ശ്രദ്ധിക്കുക. ശീതീകരിച്ച മുറികൾ കഴിവതും ഒഴിവാക്കുക. കൂടിയാലോചനകളുടെ ദൈർഘ്യവും, പങ്കെടുക്കുന്നവരുടെ എണ്ണവും, കഴിവതും കുറയ്ക്കാൻ ശ്രമിക്കാം.

• ചെറിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും, പ്രചരണത്തിൽ നിന്നും, ഭവന സന്ദർശനം, മീറ്റിംഗുകൾ, എന്നിവയിൽ നിന്നും വിട്ടു നിൽക്കുക. എത്രയും പെട്ടെന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയമാകുവാനും ശ്രദ്ധിക്കുക.

• തിരഞ്ഞെടുപ്പ് വേദിയിൽ ഏറെ സമയം നിൽക്കേണ്ടി വരുകയും ഏറെപ്പേരുമായി സമ്പർക്കത്തിൽ ഏർപ്പെടേണ്ടി വരികയും ചെയ്യുന്ന രാഷ്ട്രീയപ്രവർത്തകരും, സന്നദ്ധപ്രവർത്തകരും സാമൂഹിക അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അവർ മൂന്നു ലെയർ ഉള്ള സർജിക്കൽ മാസ്‌കെങ്കിലും ധരിക്കാൻ ശ്രമിക്കാം.
തിരഞ്ഞെടുക്കുന്നത് നല്ല ഭരണകർത്താക്കളെയാകട്ടെ, വൈറസിനെയാകാതിരിക്കട്ടെ

എഴുതിയത്: ഡോ.നവ്യ തൈക്കാട്ടിൽ, ഡോ.അഞ്ജിത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News