29 പോലീസ് സ്‌ട്രൈക്കിംഗ് ഫോഴ്‌സ്; 1722 പ്രശ്‌നബാധിത ബൂത്തുകളിലും പ്രത്യേകം പട്രോളിങ്

ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ സുഗമമായ വോട്ടെടുപ്പ് നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വിവിധതലങ്ങളില്‍ പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചതായി പോലീസിന്റെ ഇലക്ഷന്‍ നോഡല്‍ ഓഫീസര്‍ ഐ.ജി പി.വിജയന്‍ അറിയിച്ചു.

അഞ്ചു ജില്ലകളേയും പ്രത്യേകം മേഖലകളായി തിരിച്ചാണ് പോലീസിനെ നിയോഗിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി സംസ്ഥാന പോലീസ് മേധാവിയുടെ കീഴില്‍ എട്ട് കമ്പനി സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. സോണല്‍ ഐജി, ഡി.ഐ.ജിമാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവരുടെ കീഴിലും ഏഴ് കമ്പനി വീതം പോലീസുകാര്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സായി രംഗത്തുണ്ടാവും.

അഞ്ച് ജില്ലകളിലേയും പ്രശ്‌നബാധിത ബൂത്തുകളില്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണവും റോന്ത് ചുറ്റലും ഉണ്ടാവും. ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ 1,722 പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്ളതായാണ് പോലീസ് കണക്കുക്കൂട്ടിയിരിക്കുന്നത്. പരമാവധി 13 വരെ ബൂത്തുകള്‍ ഉള്‍പ്പെടുത്തി 716 ഗ്രൂപ്പ് പട്രോള്‍ സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിന് ഒരു പോലീസ് സ്റ്റേഷനില്‍ രണ്ട് വീതം 354 പ്രത്യേക പട്രോള്‍ സംഘങ്ങളും രംഗത്തുണ്ടാവുമെന്ന് ഐ.ജി പറഞ്ഞു.

പോലീസിന്റെ മൊത്തം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും അടിയന്തരഘട്ടങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമായി തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ഐ.ജി പി.വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക ഇലക്ഷന്‍ സെല്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News