കൊവിഡ് വ്യാപനത്തിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. ‘പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യതയുണ്ട്. അതിനാല്‍ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന ഓരോരുത്തരും ശ്രദ്ധിച്ചാല്‍ രോഗവ്യാപനതോത് കുറയ്ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
- വോട്ട് ചെയ്യാനായി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കുംവായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം.
- കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ടു പോകരുത്
- റജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതുക
- പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്‌ക് വച്ച് സംസാരിക്കാന്‍ പറയുക.
- ആരോട് സംസാരിച്ചാലും 2 മീറ്റര്‍ അല്ലെങ്കില്‍ 6 അടി അകലം പാലിക്കണം
- പോളിങ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുന്നിലും പിന്നിലും 6 അടി അകലം പാലിക്കണം. കൂട്ടംകൂടി നില്‍ക്കരുത്
- ഒരാള്‍ക്കും കൈ കൊടുക്കാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല
- വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം
- ബൂത്തിനകത്ത് ഒരേസമയം പരമാവധി 3 വോട്ടര്‍മാര്‍ മാത്രം വോട്ട് ചെയ്യാനായി കയറുക
- പോളിങ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടണം
- അടച്ചിട്ട മുറികളില്‍ വ്യാപന സാധ്യത കൂടുതലായതിനാല്‍ ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരും വോട്ടര്‍മാരും അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം
- തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക് മാറ്റുക. സാമൂഹിക അകലം പാലിക്കണം. മാസ്‌ക് മാറ്റി സംസാരിക്കരുത്.
- വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ചു പോകുക
- വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം
- കമ്മിറ്റി ഓഫിസുകളിലെ പ്രവര്‍ത്തകരും മാസ്‌ക് ധരിക്കണം, ശാരീരിക അകലം പാലിക്കണം, കൈകള്‍ സാനിറ്റെസ് ചെയ്യണം
Get real time update about this post categories directly on your device, subscribe now.