‘ബിരിയാണിയില്‍ ആണി ഉണ്ടോ? പോട്ടെ ഒരു മൊട്ടുസൂചി എങ്കിലും ഉണ്ടോ?’; വി മുരളീധരന് ട്രോള്‍ മഴ

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ക്യാമ്പസിന് ആര്‍.എസ്.എസ് നേതാവ് എം.എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിവാദമാകുന്നതിനിടെ പ്രതികരണവുമായി എത്തിയ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ട്രോള്‍ മഴ. ഗോള്‍വാള്‍ക്കര്‍ രാജ്യസ്‌നേഹിയാണെന്ന് പറഞ്ഞ മുരളീധരന്‍ നെഹ്‌റു കായികതാരമായിട്ടാണോ നെഹ്‌റു ട്രോഫിയെന്ന് പേരിട്ടിരിക്കുന്നതെന്നും ചോദിച്ചു. ഈ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുന്നത്.

നെഹ്‌റു ട്രോഫിക്ക് നെഹ്‌റുവിന്റെ പേര് കൊടുക്കാന്‍ കാരണം അദ്ദേഹം കായികതാരമായിട്ടാണോ എന്നുള്ള കേന്ദ്ര മന്ത്രി വി മുരളീധരന്റെ ചോദ്യമാണ് ട്രോള്‍പൂരത്തിനിടയായിരിക്കുന്നത്. ഡോ നെല്‍സണ്‍ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ പോസ്റ്റില്‍ കണ്ട കമന്റുകളാണ് പങ്കുവെച്ചിരിക്കുന്നത്.

1. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ ഗാന്ധിജി ഒരു ഗസ്റ്റ് ലെക്ചര്‍ തസ്തികയിലെങ്കിലും ജോലി ചെയ്തിട്ടുണ്ടോ?
2. നെഹ്രു വള്ളം തുഴഞ്ഞിട്ടാണോ, നെഹ്രുട്രോഫി ട്രോഫി വള്ളം കളിക്ക് ആ പേര് കൊടുത്തത്?
3. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടുള്ളവരൊക്കെ ശാസ്ത്രജ്ഞന്‍മാരാണോ?
4. മൈസൂര്‍ പാക്കിസ്ഥാനില്‍ അല്ലല്ലോ പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ആ പലഹാരത്തെ മൈസൂര്‍ പാക്ക് എന്ന് വിളിക്കുന്നത്?
5. ബിരിയാണിയില്‍ ആണി ഉണ്ടോ? പോട്ടെ ഒരു മൊട്ടുസൂചി എങ്കിലും ഉണ്ടോ?
6. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബേബി ആയിരുന്നപ്പോഴത്തെ പേരാണോ ‘സച്ചിന്‍ ബേബി’?
7. ക്രിക്കറ്റ് കളിക്കാന്‍ ബോള്‍ ഇല്ലാത്തപ്പോഴാണോ അമ്പയര്‍ ‘നോ ബോള്‍’ വിളിക്കുന്നത്?
8. ഫോണിന്റെ സ്‌ക്രീനിന് മുകളില്‍ 4ജി എന്ന് എഴുതി കാണിച്ചാലും, ടൈപ്പ് ചെയ്യാന്‍ കീബോര്‍ഡ് എടുക്കുമ്പോള്‍ ആകെ ഒരു ജി അല്ലേ കാണിക്കുന്നത്? ബാക്കി മൂന്ന് ജി ഇല്ലാത്തത്തില്‍ ആര്‍ക്കും പരാതി ഇല്ലല്ലോ?
9. സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്ന് പേരുള്ള ബാങ്ക്, നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബ്രാഞ്ച് തുടങ്ങുന്നത് എന്ത് അടിസ്ഥാനത്തിനാലാണ്?
10. ഇന്ത്യക്കാര്‍ ദിവസം മൂന്നുനേരം ഉപയോഗിക്കുന്ന ക്‌ളോസറ്റിനെ യൂറോപ്യന്‍ ക്‌ളോസറ്റ് എന്ന് വിളിക്കുന്നത് ശരിയാണോ?
11. മണപ്പുറം ബാങ്ക് കുന്നിലും മലയിലും ഒക്കെ ബ്രാഞ്ച് തുടങ്ങുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണ്.
12. നിരോധ് എന്ന് പേരിട്ടിട്ട് അത് ഇതുവരെ നിരോധിക്കാത്തതെന്താ?
13. ടീച്ചേഴ്‌സ് വിസ്‌കി ടീച്ചര്‍മാര്‍ ഉണ്ടാക്കിയതാണോ? (ആവശ്യക്കാര്‍ക്ക് ജവാനും ഡോക്ടേഴ്‌സും നെപ്പോളിയനുമൊക്കെ ചേര്‍ത്ത് വായിക്കാം – നി.മു : മ.ആ.ഹാ)
14. ആരുടെയും മുഖത്ത് ഇവിടെ പുസ്തകം വച്ചിട്ടില്ലല്ലോ , പിന്നെന്തിനാണ് ഫെയ്‌സ്ബുക്ക് എന്ന് വിളിക്കുന്നത്
15. ബോംബെ ഡൈയിങ് എന്ന് പേരിട്ടത് ബോംബെ മരിച്ചു പോയതു കൊണ്ടാണോ?
16. കാത്തലിക് സിറിയന്‍ ബാങ്കില്‍ അവര്‍ക്ക് മാത്രേ അക്കൗണ്ടുള്ളോ?
17. കുട്ടിക്കൂറ പൗഡര്‍ വാങ്ങുമ്പോള്‍ അതിന്റെ തന്തക്കൂറയും തള്ളക്കൂറയും എവിടെ എന്നാരേലും ചോദിക്കാറുണ്ടോ?
18. 501 ബാര്‍ സോപ്പ് എന്നും പറഞ്ഞ് ഒരെണ്ണം മാത്രം കിട്ടി തിരിച്ചുപോകുമ്പോള്‍ ബാക്കി 500 ബാര്‍ സോപ്പ് എവിടെ എന്നാരേലും ഇന്നുവരെ ചോദിച്ചിട്ടുണ്ടോ
19. പച്ചവെള്ളത്തിന് പച്ച നിറമുണ്ടോ?
20. ഷുഗര്‍ ഫ്രീ കേക്കിന്റെ കൂടെ ഷുഗര്‍ ഫ്രീയായിട്ട് കിട്ടാത്തതെന്താ?
ഇനി എന്റെ വക ഒരെണ്ണം.
21. നെല്‍സണ്‍ താഴോട്ടിറങ്ങാത്തകൊണ്ടാണോ നെല്‍സണ്‍ മണ്ടേലാ എന്ന് പറയുന്നത്?
ഇനി ഞങ്ങള്‍ കണ്ടുപിടിച്ച വേറെ രണ്ട് ‘രസങ്ങള്‍’ വേറെയുമുണ്ട്.

1. ടൈഗര്‍ ബിസ്‌ക്കറ്റില്‍ ടൈഗറുണ്ടോ?
2. ജാതിക്കയില്‍ ജാതിയുണ്ടോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News