രാജീവ് ഗാന്ധി സെൻ്റർ ബയോ ടെക്നോളജി ക്യാമ്പസിന് ഗോൾവാൾക്കറുടെ നാമം നൽകരുത് : എസ്.എഫ്.ഐ

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റർ ‘ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ‘ആർഎസ്എസ് നേതാവായ ഗോൾവാൾക്കറുടെ പേര് നൽകിയത് കേരളത്തെ സംഘപരിവാർ വൽക്കരിക്കാനുളള മോഡി സർക്കാർ അജണ്ടകളുടെ ഭാഗമാണ്. നരേന്ദ്ര മോഡി സർക്കാർ ആർഎസ്എസ് നേതാക്കന്മാരുടെ പേരുകൾ സ്ഥാപനങ്ങൾക്ക് നൽകി കൊണ്ട് വർഗീയ രാഷ്ട്രീയത്തിന് രാജ്യത്ത് വേരുകൾ ഉറപ്പിക്കാൻ പരിശ്രമിക്കുകയാണ്.

ഇന്ത്യൻ സ്വാതന്ത്ര്യ സമര ഭൂമികയിൽ നിന്ന് മാറി നിൽക്കുകയും ഇന്ത്യൻ ജനസാമാന്യത്തെ വർഗ്ഗീയമായി ഒറ്റുകൊടുക്കുകയും ചെയ്ത ആർ.എസ്.എസ് നേതാവിന്റെ പേര് ഒരു ശാസ്ത്ര സ്ഥാപനത്തിന് നൽകുന്നത് ശാസ്ത്ര ലോകത്തിനു തന്നെ നാണക്കേടാണ്. തീവ്ര ഹിന്ദുത്വത്തിന്റെ പരിച്ഛേദമായിരുന്ന ഗോൾ വാൾക്കറെയും സവർക്കറെയും തങ്ങളുടെ ഭരണ സ്വധീനത്തെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഫോട്ടോകളിലൂടെയും പേരുകളിലൂടെയും ചരിത്രത്തിൽ ഉൾപ്പെടുത്താൻ പരിശ്രമിക്കുകയാണ്.

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ പുതിയ ക്യാമ്പസിന് ഗോൾവാൾക്കറുടെ പേരുനൽകിയത് ഇതിന്റെ ഭാഗമാണ്. ഇതിലൂടെ ഇന്ത്യയുടെ ചരിത്രത്തെ മാറ്റി മറിക്കാൻ ശ്രമിക്കുന്ന ആർഎസ്എസിന്റെയും ബിജെപിയുടെയും മതാതിഷ്ഠിതമായ താൽപര്യങ്ങളുടെ ഭാഗമാണ്.

ഗാന്ധി വധത്തെ തുടർന്ന് ഇന്ത്യയിൽ നിരോധിക്കപ്പെട്ട ആർ.എസ്.എസ് സംഘടനയുടെ നേതാവായ ഗോൾവാൾക്കറെ ചരിത്രത്തിൽ തിരുകി കയറ്റി മഹത്വവൽക്കരിക്കാനുള്ള സംഘ പരിവാർ അജണ്ടകൾക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ് സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here