വിറങ്ങലിച്ച് മണ്‍റോ; സിപിഐഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ രണ്ട് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മൺറോതുരുത്തിൽ എൽഡിഎഫ്‌ ബൂത്ത്‌ ഓഫീസിനു സമീപം സിപിഐ എം പ്രവർത്തകനെ ആർഎസ്‌എസുകാർ കുത്തിക്കൊലപ്പെടുത്തി. രണ്ട്‌ ആർഎസ്‌എസ്‌ പ്രവർത്തകരെ പൊലീസ്‌ പിടികൂടി.

മൺറോതുരത്ത്‌ വില്ലിമംഗലം മയൂഖം(ഓലോത്തിൽ) വീട്ടിൽ ആർ മണിലാൽ(52)ആണ്‌ കൊല്ലപ്പെട്ടത്‌. ആർഎസ്‌എസ്‌ പ്രവർത്തകരായ നെൻമേനി തെക്ക്‌ തുപ്പാശേരിൽ അശോകൻ (55), വില്ലിമംഗലം വെസ്‌റ്റ്‌ പനിക്കന്തറ സത്യൻ(51) എന്നിവരെ ‌ കിഴക്കേകല്ലട പൊലീസ്‌ കസ്റ്റഡിയിൽ എടുത്തു‌. ഞായറാഴ്‌ച രാത്രി എട്ടിനാണ്‌ സംഭവം.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശേഷം മൺറോതുരുത്ത്‌ വില്ലേജ്‌‌ ഓഫീസിനു സമീപം എൽഡിഎഫ്‌ ബൂത്ത്‌ ഓഫീസിൽനിന്ന്‌ അൽപ്പം മാറി സുഹൃത്തുമായി സംസാരിച്ചു നിൽക്കവെയാണ്‌ മണിലാലിനെ ആക്രമിച്ചത്‌. ഓട്ടോ ഡ്രൈവറായ സത്യനൊപ്പം എത്തിയ അശോകൻ അസഭ്യം പറഞ്ഞ ശേഷം മണിലാലിനെ കുത്തുകയായിരുന്നു.

നിലത്തുവീണ മണിലാലിന്റെ നെഞ്ചിൽ രണ്ടുതവണ കൂടി‌ കുത്തി. രക്തത്തിൽ കുളിച്ചുകിടന്ന മണിലാലിനെ ഓടിയെത്തിയ എൽഡിഎഫ്‌ പ്രവർത്തകർ ഉടൻ സമീപത്തെ കാഞ്ഞിരകോട് താലൂക്കാശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു. തുടർന്ന്‌ പാലത്തറ എൻ എസ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുംവഴി മരിച്ചു.

അഞ്ചു വർഷം മുമ്പ്‌ ഗൾഫിൽനിന്ന്‌ നാട്ടിലെത്തിയ മണിലാൽ വീട്ടിൽ ഹോം സ്‌റ്റേ നടത്താനുള്ള ശ്രമത്തിലായിരുന്നു. പ്രതി അശോകൻ ഡൽഹി പൊലീസിൽനിന്ന്‌ അഞ്ച്‌ മാസം മുമ്പ്‌ വളന്ററി റിട്ടയർമെന്റ്‌ വാങ്ങിയ ശേഷം നാട്ടിലെത്തി ആർഎസ്‌എസ്‌ പ്രവർത്തനത്തിൽ സജീവമായി. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനിൽ നിന്നാണ്‌ അശോകൻ ‌ ബിജെപി അംഗത്വം‌ നേരിട്ടുവാങ്ങിയത്‌. അശോകന്റെ ഭാര്യ മൺറോതുരുത്ത്‌ നെന്മേനിതെക്ക്‌ വാർഡിൽ ബിജെപിയുടെ ഡമ്മി സ്ഥാനാർഥിയായിരുന്നു‌.

മണിലാലിന്റെ മൃതദേഹം എൻ എസ്‌ ആശുപത്രി മോർച്ചറിയിൽ. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, കെ സോമപ്രസാദ്‌ എംപി, എൻ നൗഷാദ്‌ എംഎൽഎ എന്നിവർ എൻ എസ്‌ ആശുപത്രിയിലെത്തി. രേണുകയാണ്‌ മണിലാലിന്റെ ഭാര്യ. മകൾ: നിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here