പെട്രോള്‍ ഡീസല്‍ വില ഇന്നും വര്‍ദ്ധിപ്പിച്ചു

ഇന്ധനവില വീണ്ടും കൂട്ടി.സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ വില 85 രൂപ കടന്നു.ഡീസല്‍ വില 80നടുത്തെത്തി.ക‍ഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ, ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില വീണ്ടും കൂട്ടിയത്.ക‍ഴിഞ്ഞ മാസം 20 മുതല്‍ തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പെട്രോള്‍ വില പലയിടത്തും 85 കടന്നു.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.68 രൂപയാണ് ഇന്നത്തെ വില.കൊല്ലത്ത് 85.06 രൂപയും.മറ്റ് ജില്ലകളിലെല്ലാം 84 രൂപ കടന്നിട്ടുണ്ട്.കൊച്ചിയിലാണ് താരതമ്യേന വില കുറവ്.83.81 രൂപ.30 പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിപ്പിച്ചതെങ്കില്‍ 27 പൈസ ഡീസലിനും വര്‍ധിപ്പിച്ചു.ഇതോടെ തിരുവനന്തപുരത്തും കൊല്ലത്തും ഡീസല്‍ വില 80നടുത്തെത്തി.

ഒരു മാസത്തിനിടെ രണ്ടര രൂപയുടെ വര്‍ധനവാണ് പെട്രോള്‍ വിലയിലുണ്ടായത്.6 മാസത്തിനിടെ 12 രൂപയും വര്‍ധിപ്പിച്ചു.അതേ സമയം ഡീസല്‍ വിലയും ക‍ഴിഞ്ഞ 6 മാസത്തിനിടെ 12 രൂപയിലധികം വര്‍ധിപ്പിച്ചിട്ടുണ്ട്.ക‍ഴിഞ്ഞ ജൂണ്‍മാസത്തില്‍ തുടര്‍ച്ചയായി 15 ദിവസം ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു.

എന്നാല്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് വന്നതോടെ വില വര്‍ധന കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുകയായിരുന്നു.ഇപ്പോള്‍ വീണ്ടും പ്രതിദിന വില വര്‍ധിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്.

രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ധിക്കുന്നതാണ് ഇന്ധനവില കൂട്ടാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ ന്യായം. എന്നാല്‍ നിലവില്‍ ബാരലിന് 50 രൂപയില്‍ താ‍ഴെയാണ് അസംസ്കൃത എണ്ണയുടെ വില. കോവിഡ് പ്രതിസന്ധിക്കിടെ തുടര്‍ച്ചയായുള്ള ഇന്ധന വില വര്‍ധനവ് സാധാരണക്കാരെ ഗുരുതരമായി ബാധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel