ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ താരങ്ങളിൽ ഒരാളാണ് ഞാൻ,” അഞ്ജു ബോബി ജോർജ്

രാജ്യത്തിന്റെ അഭിമാന താരമാണ് അഞ്ജു ബോബി ജോർജ്. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോം‌ഗ്‌ജമ്പിൽ വെങ്കലം നേടിയതോടെ പ്രശസ്തയായി. ഇതോടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി അഞ്ജു. അന്ന് അഞ്ജു ചാടിയത് 6.70 മീറ്ററാണ്‌. 2005-ൽ നടന്ന ഐ.എ.എ.എഫ് വേൾഡ് അത്‌ലറ്റിക്സ് ഫൈനലിൽ വെള്ളി നേടിയതും അഞ്ജുവിന്റെ എടുത്തു പറയത്തക്ക നേട്ടമാണ്‌. 2014 ൽ അഞ്ജുവിൻറെ നേട്ടം സ്വർണ്ണ മെഡലായി

കായിക ലോകത്തെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ അഞ്ജുവിന്റേത് കുറവുകൾക്കെതിരെയുള്ള യുദ്ധം കൂടിയായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ.ഒരു വൃക്കയുമായാണ് അഞ്ജു ഇത്രയും ഉയരങ്ങൾ താണ്ടിയതെന്ന് അധികം ആർക്കും അറിയില്ല. അഞ്ജു തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.ജനിച്ചപ്പോൾ തന്നെ അഞ്ജുവിന് ഒരു വൃക്ക മാത്രമേയുണ്ടായിരുന്നുള്ളൂ. സ്കൂൾ, കോളജ് തലത്തിലും സീനിയർ ദേശീയ മത്സരങ്ങളിലും നിരവധി മെഡലുകൾ നേടിയപ്പോൾ ഇക്കാര്യമറിയില്ലായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങൾക്ക് പോയപ്പോൾ സ്‌കാൻ ചെയ്തിരുന്നു. അപ്പോഴാണ് ഒരു വൃക്ക മാത്രമേ ഉള്ളൂ എന്ന കാര്യം അറിയുന്നത്

“വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ താരങ്ങളിൽ ഒരാളാണ് ഞാൻ,” അഞ്ജു ബോബി ജോർജ് ട്വീറ്റ് ചെയ്തു. കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവിനെ അടക്കം ടാഗ് ചെയ്‌താണ് അഞ്ജു ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.


കോച്ചിന്റെ മാജിക് ആയാണ് അഞ്ചു തന്റെ വിജയത്തെ വിശേഷിപ്പിച്ചിരിക്കുന്നത് . തനിക്ക് വേറെയും നിരവധി കുറവുകൾ ഉണ്ടായിരുന്നതായി അഞ്ജു ട്വീറ്റിൽ പറയുന്നു. വേദന സംഹാരികൾ അലർജിയായിരുന്നു, കാലിന് പരുക്കുണ്ടായിരുന്നു…ഇത്തരം നിരവധി പരിമിതികൾക്കിടയിലാണ് താൻ ഏറെ ഉയരങ്ങൾ താണ്ടിയതെന്നും അഞ്ജു കുറിച്ചു.

കിരൺ റിജിജു അഞ്ജുവിന്റെ പരിശ്രമങ്ങളെ അഭിനന്ദിച്ച് രംഗത്തെത്തി. ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് വേണ്ടി മെഡൽ നേടിയ താരമെന്ന നിലയിൽ ഏറെ അഭിമാനമുണ്ടെന്നും കഠിന പ്രയത്‌നത്തിന്റെയും അധ്വാനത്തിന്റെയും ഫലമാണ് അഞ്ജുവിന്റെ നേട്ടങ്ങളെന്നും കിരൺ റിജിജു റിട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News