35,000 രൂപയുടെ മരുന്ന് ലഭിച്ചത് വെറും പത്ത് രൂപയുടെ ഒപി ചീട്ടിന്:റാന്നിയിലെ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആതിരമാധവ് എഴുതുന്നു

ഹൃദയാഘാതം മൂലം ആശുപത്രിയിൽ എത്തിയ രോഗിക്ക് 35,000 രൂപയുടെ മരുന്ന് ലഭിച്ചത് വെറും പത്ത് രൂപയുടെ ഒപി ചീട്ടിന്.റാന്നിയിലെ താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആതിര മാധവാണ് ഹൃദയം തൊടുന്ന കുറിപ്പ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

നമ്മുടെ സർക്കാർ ആശുപത്രികളുടെ കുറ്റവും കുറവുകളും പോരായ്മകളും ഡോക്ടർമാരുടെ അലംഭാവവും മാത്രം ചർച്ച ചെയ്യുന്ന നമ്മളിൽ പലർക്കും അറിയില്ല, നമ്മുടെ അടുത്തുള്ള സർക്കാ‍ര്‍ ആശുപത്രിയിൽ എന്തൊക്കെ നൂതന ചികിത്സാ രീതികളുണ്ടെന്നും സൗജന്യ മരുന്നുകളുണ്ടെന്നും. വളരെ പരിമിതമായ സാഹചര്യങ്ങളിലും രോഗികളുടെ ഗുണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു പറ്റം നല്ല പൊതു ആരോഗ്യ കേന്ദ്രങ്ങളും അവിടെ കർമ നിരതരായി ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ സേവനം അനുഷ്ഠിക്കുന്ന ഒരുപാട് ഡോക്ടർമാരും ഉണ്ട് എന്ന് നമ്മൾ അറിയാതെ പോകുന്നു.

രോഗിയുടെ ഇ സി ജി യുടെ ചിത്രവും ഡോക്ടർ പങ്ക് വെച്ചിട്ടുണ്ട്.ഡോക്ടർ പറയുന്നത് ഇങ്ങനെ,

“നെഞ്ചു വേദനയെത്തുടർന്ന് രാത്രി 9.30 മണിയോടെയാണ് അത്യാഹിത വിഭാഗത്തിൽ ഈ രോഗി എത്തുന്നത്. നെഞ്ചിന്റെ ഇടതു വശം – ടിപ്പിക്കൽ കർഡിയാക് ചെസ്റ്റ് പെയിൻ. ഇസിജി നോക്കിയപ്പോൾ ഹൃദയാഘാതമാണ്. അര മണിക്കൂർ ആയി വേദന തുടങ്ങിയിട്ട് എന്ന് പറയുന്നു. ഉടനടി കൊടുക്കേണ്ട ലോഡിംഗ് ഡോസ് മരുന്നുകൾ കൊടുത്തു. ഹൃദയത്തിന്റെ ധമനികളിൽ രക്തം കട്ടയായി കിടക്കുന്നുണ്ട്.

എത്രയും വേഗം അലിയിക്കാനുള്ള (thrombolysis) മരുന്ന് നൽകണം. വെറും എംബിബിഎസ് യോഗ്യതയുള്ള, ഡ്യൂട്ടി ഡോക്ടർ ആയ ഞാൻ ഈ മരുന്നു കൊടുതതാൽ അഥവാ രോഗിയുടെ സ്ഥിതി മോശമായാൽ ഇന്റർവെൻഷൻ കാർഡിയോളജിസ്റ്റോ അല്ലെങ്കിൽ ഒരു കാർഡിയോ വിദഗ്ധനോ ഇല്ലാത്ത സാഹചര്യത്തിൽ എന്തിന് ഇത് ചെയ്തു എന്ന് നാളെ ചോദ്യം വരുമോ? ഇങ്ങനെ പല പല ചിന്തകളും ഒരു മിനിറ്റുകൊണ്ട് മനസ്സിൽ കൂടി കടന്നു പോയി. ആയിരം നന്മ ചെയ്താലും ഇത് പോലെ കയ്പ്പേറിയ ഒരു സംഭവം ഉണ്ടായാൽ നാളെ സമൂഹ മാധ്യമങ്ങളും ചാനലുകളും ചർച്ച ചെയ്ത് വിധി തീരുമാനിക്കും.”

“സിസ്റ്റർമാർ രോഗിയെ ഉടനെ അകത്ത് ക്രിട്ടിക്കൽ കെയർ മുറിയിലേക്ക് മാറ്റി, മോണിറ്റർ ഓൺ ചെയ്തു. ചെസ്റ്റ് ലീഡ്സ്, പൾസ് ഓക്സിമീറ്റർ, ബിപി കഫ് എല്ലാം ഘടിപ്പിച്ച് മാസ്ക് വഴി ഓക്സിജൻ നൽകി. ഇൻറ്റുബേഷൻ സെറ്റ്, ഡിഫിബ്രില്ലേറ്റർ, ക്രാഷ് കാർട്ട് എന്നിവയിൽ മരുന്നുകൾ ഒരുക്കി വെച്ചു. അടിയന്തിര ഇടപെടൽ സാധ്യമായ മറ്റൊരു ആശുപത്രിയിലേക്ക് വേണമെങ്കിൽ വിടാം. പക്ഷേ അവിടെ വരെ എത്താൻ എടുക്കുന്ന ഓരോ നിമിഷവും ഹൃദയം കൂടുതൽ കൂടുതൽ തകർന്നു കഴിഞ്ഞിരിക്കും. രോഗിയെ ഏത് വിധേനയും രക്ഷിക്കണം എന്ന ഒറ്റ ചിന്തക്കായിരുന്നു മുൻഗണന. വരുന്നത് വരട്ടെ ത്രോബൊളീസ് ചെയ്യാമെന്ന് തീരുമാനിച്ചു.”

“ഉടനെ തന്നെ reteplase എന്ന മരുന്ന് ലോഡ് ചെയ്ത് വെച്ചു. 18 യൂണിറ്റ് മരുന്ന് സിറിഞ്ചിൽ തയ്യാറാക്കി അടുത്ത് തന്നെ സെറ്റ് ചെയ്തു വെച്ചു. ഞങ്ങളുടെ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ അജാസ് സാറിനെ ഉടനെ ഫോൺ വിളിച്ചു. അദ്ദേഹത്തിന്റെ പിന്തുണകൂടി കിട്ടിയപ്പോൾ ധൈര്യം വന്നു. മിനിട്ടുകൾക്കകം പ്രതീക്ഷിക്കാതെ സാറും കാഷ്വാലിറ്റിയിലേക്ക് ഓടിയെത്തി. 8.30 വരെ അത്യാഹിതവിഭാഗത്തിൽ അവസാനവട്ട സന്ദർശനം നടത്തി അദ്ദേഹം വീട്ടിലേക്ക് മടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹംകൂടി വിളിപ്പുറത്ത് ഓടി വന്നപ്പോൾ ധൈര്യം ഇരട്ടിയായി.”

“30 മിനിറ്റ് ഇടവിട്ട് രണ്ടു തവണ reteplase എന്ന ഇഞ്ചക്ഷൻ ഞരമ്പ് വഴികൊടുത്തു. രോഗി നല്ല ലക്ഷണം കാട്ടിത്തുടങ്ങി. വേദന കുറഞ്ഞു, രോഗി ചെറിയ ചിരി പാസാക്കി എമ‍ര്‍ജൻസി കോട്ടിൽ കിടക്കുന്നത് കണ്ടപ്പോഴാണ് സത്യത്തിൽ എന്റെ ശ്വാസം നേരെ വീണത്. രണ്ട് മണിക്കൂർ കഴിഞ്ഞ് ഇസിജി വീണ്ടും എടുത്തപ്പോൾ ശരിക്കും അൽഭുതപ്പെട്ടുപോയി. ഏറെക്കുറെ സാധാരണപോലെ തന്നെയായി എന്നു വേണമെങ്കിൽ പറയാം. 35000 രൂപ വിലയുള്ള reteplase എന്ന clot-buster മരുന്നാണ് നമ്മൾ സൗജന്യമായി ഈ രോഗിക്ക് നൽകി ജീവൻ രക്ഷിച്ചത്. ആകെ രോഗിക്ക് ചെലവായത് ഒപി ചീട്ട് എടുക്കാനായി മുടക്കിയ 10 രൂപ മാത്രം.”

“നമ്മുടെ സർക്കാർ ആശുപത്രികളുടെ കുറ്റവും കുറവുകളും പോരായ്മകളും ഡോക്ടർമാരുടെ അലംഭാവവും മാത്രം ചർച്ച ചെയ്യുന്ന നമ്മളിൽ പലർക്കും അറിയില്ല, നമ്മുടെ അടുത്തുള്ള സർക്കാ‍ര്‍ ആശുപത്രിയിൽ എന്തൊക്കെ നൂതന ചികിത്സാ രീതികളുണ്ടെന്നും സൗജന്യ മരുന്നുകളുണ്ടെന്നും. വളരെ പരിമിതമായ സാഹചര്യങ്ങളിലും രോഗികളുടെ ഗുണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു പറ്റം നല്ല പൊതു ആരോഗ്യ കേന്ദ്രങ്ങളും അവിടെ കർമ നിരതരായി ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ സേവനം അനുഷ്ഠിക്കുന്ന ഒരുപാട് ഡോക്ടർമാരും ഉണ്ട് എന്ന് നമ്മൾ അറിയാതെ പോകുന്നു.

ചിത്രത്തിൽ കാണുന്നത് അതേ രോഗിയുടെ രണ്ടു ഇസിജികളാണ്. ആദ്യത്തേതിൽ കാണുന്ന തിരമാല പോലെയുള്ള പാറ്റേൺ ഹൃദയാഘാതതിന്റെ ലക്ഷണമുള്ളവയാണ്. രണ്ടാമത്തേത് ക്ലോട്ട് അലിയിച്ചതിനു ശേഷം രണ്ടാം മണിക്കൂറിൽ എടുത്തതാണ്.” ഡോ ആതിര മാധവ് പറയുന്നു.

നിരവധിപ്പേരാണ് ഡോക്ടറുടെ അനുഭവം സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News