കേന്ദ്രത്തിന് താക്കീത് നല്‍കാന്‍ നാളെ കര്‍ഷകസംഘടനകളുടെ ‘ഭാരത് ഹര്‍ത്താല്‍’; ഒരുക്കങ്ങള്‍ സജീവമാക്കി സംസ്ഥാനങ്ങള്‍

രാജ്യത്തെ കര്‍ഷകസംഘടനകള്‍ നാളെ ആഹ്വാനം ചെയ്ത ‘ഭാരത് ഹര്‍ത്താല്‍’ വിജയമാക്കാന്‍ സംസ്ഥാനങ്ങളില്‍ ഒരുക്കങ്ങള്‍ സജീവം. വിവിധ രാഷ്ട്രീയപാര്‍ടികളും ബഹുജന സംഘടനകളും ട്രേഡ് യൂണിയനുകളും പിന്തുണയുമായി രംഗത്തെത്തി. എല്ലാ സംസ്ഥാനങ്ങളിലും ഹര്‍ത്താല്‍ വന്‍ വിജയമാക്കി കേന്ദ്രത്തിന് ശക്തമായ താക്കീത് നല്‍കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

ഭാരത്ഹര്‍ത്താല്‍ രാജസ്ഥാനില്‍ പൂര്‍ണമായിരിക്കുമെന്ന് കിസാന്‍സഭ വൈസ്പ്രസിഡന്റ് അമ്രാ റാം പറഞ്ഞു. ഡല്‍ഹിയിലെ സമരത്തില്‍ രാജസ്ഥാനില്‍നിന്നുള്ള കര്‍ഷകര്‍ കൂടുതലായി അണിചേരുന്നു. എല്ലാ ജില്ലകളില്‍നിന്നുമുള്ള കര്‍ഷകര്‍ തിങ്കളാഴ്ച ഡല്‍ഹിയിലേക്ക് തിരിക്കും.

കര്‍ഷകരെ തടയാന്‍ ഹരിയാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് കര്‍ഷകര്‍ മുന്നേറും. ചൊവ്വാഴ്ച ഡല്‍ഹി– ജയ്പ്പുര്‍ ഹൈവേ കര്‍ഷകര്‍ ഉപരോധിക്കും– അമ്രാ റാം പറഞ്ഞു. ജയ്പ്പുര്‍ അടക്കം വിവിധ കേന്ദ്രങ്ങളില്‍ ശനിയാഴ്ച പ്രധാനമന്ത്രിയുടെയും കോര്‍പറേറ്റ് ഭീമന്മാരുടെയും കോലം കത്തിച്ചു. ഒരാഴ്ചയായി കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രകടനങ്ങളും ധര്‍ണകളും സംസ്ഥാനത്ത് സജീവം. ഞായറാഴ്ച വിവിധ കേന്ദ്രങ്ങളില്‍ ട്രാക്ടര്‍ റാലികള്‍ സംഘടിപ്പിച്ചു.

ഐതിഹാസിക കര്‍ഷക സമരങ്ങള്‍ക്ക് വേദിയായിട്ടുള്ള തെലങ്കാനയിലെ മണ്ണിലും കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം ആളിപ്പടരുന്നു. വര്‍ഗബഹുജന സംഘടനകള്‍ക്ക് പുറമെ ഭരണകക്ഷിയായ ടിആര്‍എസും കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് രംഗത്തുവന്നു. കേന്ദ്രം പാസാക്കിയ നിയമങ്ങളെ തള്ളിപ്പറയാനും നിയമസഭയില്‍ പ്രമേയം കൊണ്ടുവരാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ തെലങ്കാനയില്‍ പൂര്‍ണമായിരിക്കുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

ഇടതുപക്ഷ പാര്‍ടികളുടെയും വര്‍ഗ–ബഹുജന സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ത്രിപുരയിലെമ്പാടും കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു. അഗര്‍ത്തലയില്‍ പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കാളികളായി. ശനിയാഴ്ച സംസ്ഥാനത്തെങ്ങും പ്രധാനമന്ത്രിയുടെയും കോര്‍പറേറ്റ് ഭീമന്മാരുടെയും കോലം കത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News