ചില കാര്യങ്ങൾ എത്രപറഞ്ഞാലും ആർക്കും മനസ്സിലാവില്ലെന്നു തോന്നും:ഭാര്യയും ഭർത്താവും തമ്മിലുള്ള കശപിശയെത്തുടർന്നു ആത്മഹത്യ ചെയ്ത സ്ത്രീയെ എത്ര വിഡ്ഢിയായിട്ടാണ് അവർ അവതരിപ്പിക്കുന്നത്:ആൻ പാലി

ഉണ്ടാക്കിവച്ച മീൻകറി മുഴുവൻ ഭർത്താവും മക്കളും കഴിച്ചതിനെ പറ്റി വഴക്കിട്ട് ഭാര്യ ആത്മഹത്യ ചെയ്ത വാർത്ത മാധ്യമങ്ങൾ മറ്റുള്ളവരുടെ മുൻപിലേക്ക് കൊണ്ട് വന്നത് പലരൂപത്തിലാണ്.മീൻ കറി കിട്ടത്തതുകൊണ്ട് ഒരു പെണ്ണ് ആത്മഹത്യ ചെയ്തു എന്നാണ് ഭൂരിപക്ഷത്തിന് മനസ്സിലാവുക.അല്ലെങ്കിൽ വാർത്തകളുടെ തലക്കെട്ട് അങ്ങനെ ആയിരുന്നു. സ്വന്തം വീട്ടിലെ വിവേചനം സഹിക്കാനാവാതെ  ജീവൻ സ്വയം നഷ്ടപ്പെടുത്താൻ തീരുമാനിച്ചെങ്കിൽ അവർ ജീവിതത്തിലുടനീളം സ്വന്തം വീട്ടിൽ നിന്നും എത്രത്തോളം അവഗണകൾ സ്വന്തമാക്കിയിരിക്കണം.ഈ  ജീവിതത്തെകുറിച്ചാണ് ആൻ പാലി യുടെ കുറിപ്പ്

A-“ഒരു മീൻ കഷ്ണം കിട്ടാതെ വന്ന ഒരു പെണ്ണ് ആത്മഹത്യ ചെയ്തത് കണ്ടില്ലേ?
അഹങ്കാരവല്ലേ അവള് ചെയ്തത് ?
കെട്ട്യോനും മക്കൾക്കും വല്ലതും വെച്ചുണ്ടാക്കികൊടുക്കാൻ കഴിയാത്ത ഇവളൊക്കെ എന്തിനു കൊള്ളാം?”

B-“അതിനവള് വെച്ചുണ്ടാക്കിയില്ലെന്നല്ലോ പറയുന്നത്, വെച്ചതിൽ മുഴുവനും വീട്ടിലെ ആണുങ്ങൾ തന്നെ കഴിച്ചതിനല്ലേ സങ്കടപ്പെട്ടത്?”

A-“ഹും, അതാണോ ഇത്ര വലിയ കാര്യം? പണ്ടൊക്കെ നമ്മൾ കെട്ട്യോൻ കഴിച്ച പാത്രത്തിലെ വല്ലതും കഴിക്കൂ, ഇന്നേവരെ അങ്ങേരു കഴിച്ചതിന്റെ ബാക്കി അല്ലാതെ ഒരു കഷ്ണം ഇറച്ചിയോ മുട്ടയോ തൊട്ടിട്ടില്ല.”

B-“അതെന്താ വീട്ടില് വേറെ പാത്രമൊന്നുമില്ലാരുന്നോ? കെട്ട്യോൻ കഴിച്ചതിന്റെ ബാക്കിയല്ലാതെ വേറെ എന്തേലും കഴിച്ചൂടാരുന്നോ?”

A-“അതെങ്ങനാ, ആണുങ്ങൾക്ക് വീട്ടിൽ ഒരു വിലയൊക്കെ വേണ്ടേ?അതിപ്പോ നമ്മള് വെറും മാങ്ങാകറി കൂട്ടിയിട്ടാണേലും അവർക്കു വായിക്കു രുചിയായിട്ടു എന്തേലും കൊടുക്കണ്ടേ?”

B-“വിലയിടാൻ അവര് തേങ്ങയും മാങ്ങയുമൊന്നുമല്ലല്ലോ. പിന്നെ എന്തേലും ഭക്ഷണം ഉണ്ടാക്കുന്നവർക്കുകൂടി വിശപ്പുണ്ടെന്ന് വീട്ടിലുള്ളവർക്കു മനസ്സിലാക്കാവുന്നതാണല്ലോ.”

A-“അത് മനസ്സിലാക്കിയിട്ടല്ലേ ആ പാവം കെട്ടിയോൻ ബാക്കി വന്നത് കഴിച്ചോളാൻ പറഞ്ഞത്. വേണോങ്കി പിന്നെ കുറച്ചു പച്ചമീൻ മേടിച്ചോണ്ടു വരാമെന്നും പറഞ്ഞതാ.എന്നിട്ടാ ഈ അക്രമം.”

B-“മിച്ചം വരുന്ന മീൻ മുള്ളു മാത്രം കഴിക്കാൻ പെണ്ണുങ്ങളെന്താ വീട്ടിലെ പട്ടിയോ പൂച്ചയോ വല്ലോം ആണോ? വീട്ടിൽ ഉണ്ടാക്കിയതെല്ലാം ഭാര്യയങ്ങു ഒറ്റയ്ക്ക് തീർത്തിട്ട് ഈ പറഞ്ഞ ന്യായം കെട്ട്യോനോടാണ് പറഞ്ഞതെങ്കിൽ അയാള് ആ സ്ത്രീയെ തല്ലിച്ചതിക്കില്ലാരുന്നോ? ഇതിപ്പോ വെറും ഭക്ഷണത്തിന്റെ കഥ മാത്രോല്ല. മുപ്പത്തൊന്നു വയസ്സിനിടയ്ക്കു നാല് പ്രസവിച്ചു മക്കളെ വളർത്തുന്ന ഒരു സ്ത്രീയ്ക്ക് ഭർത്താവ് മാത്രമല്ല, ആ കുഞ്ഞുങ്ങൾ പോലും ഒരു വില നൽകാത്തതല്ലേ പ്രശ്നം ? കുറഞ്ഞ പക്ഷം ഒരു മനുഷ്യജീവിയാണെന്ന തോന്നൽ ആർക്കെങ്കിലുമുണ്ടായിരുന്നെങ്കിൽ ഒരാളെങ്കിലും കുറച്ചു ഭക്ഷ്ണംഅവർക്കു മാറ്റിവെക്കില്ലാരുന്നോ ?”

*ചില കാര്യങ്ങൾ എത്രപറഞ്ഞാലും ആർക്കും മനസ്സിലാവില്ലെന്നു തോന്നും , അല്ലെങ്കിൽ പറയാൻ തക്കവണ്ണമുള്ള വാക്കുകൾ ഇല്ലെന്നു തോന്നിപ്പോവും. ലോകജനസംഖ്യയുടെ 17 % മാത്രമാണ് ഇന്ത്യയിലുള്ളത്, പക്ഷെ ലോകത്തു ഓരോ വർഷവും ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ ശതമാനത്തിൽ ഇന്ത്യയിൽ നിന്നുള്ളവർ 36 ശതമാനവും.

എല്ലാത്തിലും ഏറെ വിഷമിപ്പിക്കുന്നത് ഇന്നും ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന പത്രഭീമന്മാരെ നോക്കുമ്പോളാണ്. .ഭാര്യയും ഭർത്താവും തമ്മിലുള്ള കശപിശയെത്തുടർന്നു ആത്മഹത്യ ചെയ്ത സ്ത്രീയെ എത്ര വിഡ്ഢിയായിട്ടാണ് അവർ അവതരിപ്പിക്കുന്നത് . ജീവിക്കുവാൻ കരുണയും കരുതലും വേണമെന്ന്, അത് സ്വന്തം വീട്ടിനുള്ളിൽ തന്നെ കിട്ടണമെന്നും ശാഠ്യം പിടിച്ചു പരാജയപ്പെടുന്നവരോടുള്ള പുച്ഛം ഇവർക്കൊക്കെ എന്നാണാവോ ഇല്ലാതാവുന്നത് ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News