ഓൺലൈൻ ലോൺ കമ്പനികൾക്ക് മൂക്ക് കയറിടണം; മുഖ്യമന്ത്രിക്ക് പരാതി നൽകി പി വി അൻവർ എംഎൽഎ

ഓൺലൈൻ ലോൺ കമ്പനികൾക്ക് മൂക്ക് കയറിടാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പി വി അൻവറിൻ്റെ പരാതി.
ഉത്തരേന്ത്യ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന നിരവധി ഓൺലൈൻ ലോൺ കമ്പനികൾക്കെതിരായ വാർത്ത പുറത്ത് വിട്ടത് കൈരളി ന്യൂസ് ആണ്. ഇതിന് പിന്നാലെയാണ് ഈ വിഷയത്തിൽ പരാതിയുമായി പി വി അൻവർ എം എൽ എ മുഖ്യമന്ത്രിക്ക് പരാതി നൽകിയത് .

മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഇങ്ങനെ;

ആർ.ബി.ഐയുടെ മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ് ഓൺലൈൻ കമ്പിനികളുടെ പ്രവർത്തനം. കൃത്യമായ മേൽ വിലാസമോ,എൻ.ബി.എഫ്‌.സി ലൈസൻസോ ഈ കമ്പനികൾക്കില്ല.

ഏഴ്‌ ദിവസം മാത്രമുള്ള കാലാവധിക്കാണ് ഇവർ ഓൺലൈനായി ലോൺ നൽകുന്നത്‌.ഇതിനായി പ്രോസസിംഗ്‌ ഫീസ്‌ എന്ന പേരിൽ ഈടാക്കുന്ന കൊള്ളപ്പലിശ ഏഴ്‌ ദിവസത്തേക്ക്‌ മാത്രം ശരാശരി 25 ശതമാനമാണ്.ഇത്തരത്തിൽ നൽകുന്ന ലോണുകൾ ഈടാക്കാനായി,ഉപഭോക്താവിന്റെ ഫോണിലുള്ള നമ്പറുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്‌.

ഇത്തരത്തിൽ,ഫോണിലുള്ള നമ്പറുകളിൽ ഉൾപ്പെടെ വിളിച്ച്‌ മോശമായി പെരുമാറുകയും ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ഫോട്ടോകളും വാട്ട്സ്‌ ആപ്പ്‌ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്‌.ഇവരുടെ വലയിൽ അകപ്പെട്ട നിരവധി ആളുകൾ നമ്മുടെ ഓരോ ജില്ലകളിലുമുണ്ട്‌.

നിലമ്പൂർ സ്വദേശിനിയായ ഒരു വീട്ടമയ്ക്ക്‌ ഇത്തരത്തിൽ നഷ്ടമായത്‌ ഏകദേശം രണ്ട്‌ ലക്ഷത്തോളം രൂപയാണ്.ഇപ്പോളും ഇവർക്ക്‌ നിരന്തരമായി ഭീഷണി കോളുകൾ എത്തുന്നതായും നവമാധ്യമങ്ങൾ വഴി ഈ കമ്പനികൾ അപമാനിക്കുന്നതായും പരാതിയുണ്ട്‌.

പ്രാഥമിക അന്വേഷണത്തിൽ നിലമ്പൂർ മുൻസിപ്പാലിറ്റി പരിധിയിൽ തന്നെ സ്ത്രീകൾ ഉൾപ്പെടെ 25-ഓളം ആളുകൾ ഇവരുടെ ഭീഷണിക്കും കൊള്ളയ്ക്കും ഇരയായിട്ടുണ്ടെന്നതിൽ നിന്ന് തന്നെ ഈ വിഷയത്തിലെ വ്യാപ്തി മനസ്സിലാക്കാൻ കഴിയും. സംസ്ഥാന വ്യാപകമായി ഈ പ്രശ്നം നിരവധി ആളുകൾ നേരിടുന്നതായും മനസ്സിലാക്കാൻ കഴിഞ്ഞു.

അപമാനഭാരത്താൽ ഇവരിൽ മിക്കവരും ആത്മഹത്യയുടെ വക്കിലാണ്.ആയതിനാൽ, ഇതൊരു ഗുരുതര സാമൂഹിക വിഷയമായി കണ്ട്‌, ഈ വിഷയത്തിൽ അടിയന്തരമായി നടപടികൾ സ്വീകരിച്ച്‌ സംസ്ഥാനത്ത്‌ ഇവരുടെ പ്രവർത്തനം നിയമം മൂലം നിർത്തലാക്കണമെന്നും ഇത്തരത്തിൽ മാനസികപീഡനം അനുഭവിക്കുന്നവരുടെ ദുരിതത്തിന് അനുയോജ്യമായ പരിഹാരം കാണണമെന്നുമാണ് പി വി അൻവർ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News