
കാര്‍ഷിക നിയമത്തിനെതിരെ ദിവസങ്ങളായി പ്രതിഷേധിക്കുന്ന കര്‍ഷകരുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്.
കര്‍ഷകര്‍ ആവശ്യപ്പെടുന്നതെന്താണോ കേന്ദ്രം ആ ആവശ്യത്തെ കേള്‍ക്കുകയും കര്‍ഷകരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത ഐസിഎആര്‍ യോഗത്തിലാണ് മന്ത്രി ഗോപാല്‍ റായ് ഇക്കാര്യം പറഞ്ഞത്.
‘കഴിഞ്ഞ 11 ദിവസമായി കര്‍ഷകര്‍ കൊടും തണുപ്പില്‍ വിറച്ച് കൊണ്ടിരിക്കുകയാണ്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കണമെങ്കില്‍ സ്വാമിനാഥന്‍ കമ്മിറ്റിയില്‍ പറയുന്ന പ്രകാരം കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കേണ്ടതുണ്ട്. കര്‍ഷകര്‍ ആവശ്യപ്പെടുന്നതെന്താണോ കേന്ദ്രം ആ ആവശ്യത്തെ കേള്‍ക്കുകയും കര്‍ഷകരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുകയും വേണം,’ ഗോപാല്‍ റായ് പറഞ്ഞു.
കര്‍ഷകരുമായി ബുധനാഴ്ച നടക്കാനിരിക്കുന്ന ആറാം ഘട്ട ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ് കേന്ദ്രം ഇപ്പോള്‍.
ആഭ്യന്തര ചര്‍ച്ചകള്‍ക്കായി സര്‍ക്കാരിന് കൂടുതല്‍ സമയം ആവശ്യമാണെന്നാണ് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ കഴിഞ്ഞ ചര്‍ച്ചയില്‍ കര്‍ഷകരോട് ആവശ്യപ്പെട്ടത്. ബുധനാഴ്ച നടക്കുന്ന യോഗത്തില്‍ പുതിയ നിര്‍ദ്ദേശം അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍ ചര്‍ച്ച നീട്ടിക്കൊണ്ടുപോകുന്നതില്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും 3 നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ലെന്നുമാണ് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
11 ദിവസത്തിലേറെയായി സിംഗു, തിക്രി അതിര്‍ത്തികളില്‍ സമാധാനപരമായ പ്രതിഷേധം നടത്തിവരികയാണ് പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും എത്തിയ കര്‍ഷകര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here