ഈ ചോര, സംഘ പരിവാറിൻ്റെ മാത്രമല്ല മാധ്യമങ്ങളുടെ കറുത്ത കരങ്ങളിലും പുരണ്ടിട്ടുണ്ട്: എം ബി രാജേഷ്

കൊല്ലം മണ്‍റോ തുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള മാധ്യമ ശ്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ എം പി എം ബി രാജേഷ്.

തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമത്തെ വിമര്‍ശിച്ചത്.
കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളാകെ കോർപ്പറേറ്റുകളും സംഘപരിവാരവും വിരിച്ചു കൊടുത്ത പട്ടുമെത്തകളിൽ ഉണ്ടുറങ്ങി ജനങ്ങൾക്കു മേൽ നുണകൾ വിസർജിക്കുന്നവരാണ് എന്ന് എം ബി രാജേഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം;

‘ഹോം സ്റ്റേ ഉടമ കുത്തേറ്റു മരിച്ചു’
എന്ന് എട്ടാം പേജിലെ ഇടതു മൂലയിൽ മനോരമ ! (പാലക്കാട് എഡിഷൻ) അതിലും ചെറുതായി വാർത്തയിൽ ഇങ്ങനെ-
“കൊല്ലപ്പെട്ടത് സി.പി.എം പ്രവർത്തകൻ “.
ഏറ്റവും താഴെ, ആരും ശ്രദ്ധിക്കാത്ത വിധം വാർത്തയിൽ മുങ്ങാംകുഴിയിട്ടാൽ മാത്രം കണ്ടെത്താവുന്ന ഇങ്ങനെയൊരു വാചകം കൂടി- ” പ്രതി അശോകൻ അടുത്തിടെ ബി.ജെ.പി.യിൽ ചേർന്നതായി പറയുന്നു.”
പറയുന്നുവെന്ന് !!!
‘സി.പി.എം നേതാവിൻ്റെ മുൻ ഡ്രൈവർ പ്രതി ‘
എന്ന തലക്കെട്ട് ആഘോഷിച്ച മനോരമയാണെന്ന് മറക്കരുത്.
പ്രതികൾ രണ്ടു പേരും RSS പ്രവർത്തകർ.ഒന്നാം പ്രതി ഡൽഹി പോലീസിൽ നിന്ന് വി.ആർ.എസ്.എടുത്തു നാട്ടിലെത്തി ബി.ജെ.പി.സംസ്ഥാന പ്രസിഡൻ്റ് നേരിട്ടെത്തി ബി.ജെ.പി.അംഗത്വം കൊടുത്തയാൾ. എന്നിട്ടും പ്രതി ബി.ജെ.പിയാണെന്ന കേട്ടുകേൾവി മാത്രം!
അശ്വത്ഥമാ ഹത: കുഞ്ജരാ
എന്ന അർദ്ധ സത്യം പറഞ്ഞ് ദ്രോണാചര്യരെ കൊല്ലാൻ വഴിയൊരുക്കിയ യുധിഷ്ഠിരനെപ്പോലെ RSSന് സി.പി.എം കാരെ കൊല്ലാൻ മനോരമ വഴിയൊരുക്കുകയല്ലേ ചെയ്യുന്നത്?
മാതൃഭൂമി പിന്നെ ഇവിടെ ആ വാർത്ത കൊടുത്തതേയില്ല. RSS കാർ കൊന്നു. മാതൃഭൂമി കുഴിച്ചുമൂടി.
മറ്റ് വലതുപക്ഷ മാദ്ധ്യമങ്ങൾക്ക്
‘മദ്ധ്യവയസ്കൻ കുത്തേറ്റു മരിച്ചു’ എന്നാണ് വാർത്ത . മണിലാൽ സി.പി.എം പ്രവർത്തകനാണ്. കുത്തിക്കൊന്നതാണ്. പ്രതികൾ RSS ആണ്. പക്ഷേ മാദ്ധ്യമങ്ങൾ മദ്ധ്യവയസ്കൻ എന്നേ പറയു . കത്തിനെഞ്ചിൽ കുത്തിയിറക്കിയതാണ്. എന്നാലും കുത്തേറ്റു എന്നേ എഴുതു. ഇടിമിന്നലേറ്റതു പോലെ യാദൃഛികം എന്നേ തലക്കെട്ട് കണ്ടാൽ തോന്നാവൂ.. കൊല്ലപ്പെട്ടതാണ്. പക്ഷേ മരിച്ചു എന്നേ വായനക്കാർ മനസ്സിലാക്കാവൂ. മറിച്ചായിരുന്നെങ്കിലോ? പ്രതിസ്ഥാനത്ത് സി.പി.ഐ (എം) പ്രവർത്തകരായിരുന്നെങ്കിൽ? ഒന്നാം പേജുമുതൽ സങ്കടക്കടൽ ആർത്തലക്കുമായിരുന്നില്ലേ?
കൊലപാതകത്തിൽ പ്രതിഷേധ മറിയിക്കാൻ മാദ്ധ്യമപ്രവർത്തകരെ കണ്ട സ:വിജയരാഘവനോട് വകതിരിവോ മര്യാദയോ മനുഷ്യപ്പറ്റോ ഇല്ലാത്ത ഒരു മാദ്ധ്യമപ്രവർത്തകന് ഒറ്റ ചോദ്യം മാത്രം- സ്വർണ്ണക്കടത്തിനെക്കുറിച്ച് ! ഒരു മനുഷ്യൻ മരിച്ചു കിടക്കുകയാണ്. ചോരയുണങ്ങിയിട്ടില്ല. ശരീരം അടക്കിയിട്ടില്ല. ഞെട്ടൽ മാറിയിട്ടില്ല. ഉറ്റവരുടെ കണ്ണീർവാർന്നിട്ടില്ല. അയാൾക്കതൊന്നും പ്രശ്നമല്ല. കൊല്ലപ്പെട്ടത് കമ്യൂണിസ്റ്റുകാരനല്ലേ? എന്തിന് ഔചിത്യം കാണിക്കണം?
ഈ ക്രൂരമായ മാദ്ധ്യമപ്രവർത്തനത്തെ എന്തു വിശേഷിപ്പിക്കാം? ഏറ്റവും മിതമായി embedded journalism എന്നേ വിളിക്കാനാവൂ.ഇറാഖിൽ അമേരിക്കൻ സൈന്യം നടത്തിയ കൂട്ടക്കൊലകളെ തമസ്കരിക്കുകയും ചോരക്കറകൾക്കു മേൽ കളവുകളുടെ കട്ടിക്കമ്പളമിട്ടു മൂടുകയും ചെയ്ത മാദ്ധ്യമങ്ങളെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച പദം.
അതെ. കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങളാകെ കോർപ്പറേറ്റുകളും സംഘപരിവാരവും വിരിച്ചു കൊടുത്ത പട്ടുമെത്തകളിൽ ഉണ്ടുറങ്ങി ജനങ്ങൾക്കു മേൽ നുണകൾ വിസർജിക്കുന്നവരാണ്.
ഈ ചോര, സംഘ പരിവാറിൻ്റെ മാത്രമല്ല മാദ്ധ്യമങ്ങളുടെ കറുത്ത കരങ്ങളിലും പുരണ്ടിട്ടുണ്ട്. അവർ കൊല്ലുന്നു. മാദ്ധ്യമങ്ങൾ കുഴി വെട്ടി മൂടുന്നു. ഫാസിസ്റ്റ് കൊലയാളി കൂട്ടത്തിൻ്റെ കുഴിവെട്ടുകാർ മാത്രമാണീ മാദ്ധ്യമങ്ങൾ .നേരും നീതിയും എന്നേ കുഴിച്ചുമൂടി അതിനു മുകളിൽ വാഴ നട്ടവർ.
വാൽക്കഷ്ണം: ഇടതുപക്ഷത്തിനെതിരായ അധാർമ്മിക ആക്രമണങ്ങൾക്കിടയിലും 100 കൊല്ലം മുമ്പ് ചെങ്കൊടി പിടിച്ച പെൺകൊടി സുഹാസിനി നായിഡുവിനെക്കുറിച്ചും മാർക്സും ഏംഗൽസും ഒരുമിച്ചിരുന്ന് പുസ്തകം വായിച്ച മാഞ്ചസ്റ്ററ്റിലെ ലൈബ്രറിയെക്കുറിച്ചുമൊക്കെ ഫീച്ചർ കൊടുത്ത് നിഷ്പക്ഷത അഭിനയിക്കുന്ന മനോരമ കൗശലം ഇനിയും തുടരും. ഭൂതകാല വാഴ്ത്തുകളുടെ ലാഭത്തിന് നികുതി കൊടുക്കേണ്ടെന്ന് അവർക്കറിയാം.
-എം.ബി.രാജേഷ്

'ഹോം സ്റ്റേ ഉടമ കുത്തേറ്റു മരിച്ചു'
എന്ന് എട്ടാം പേജിലെ ഇടതു മൂലയിൽ മനോരമ ! (പാലക്കാട് എഡിഷൻ) അതിലും ചെറുതായി വാർത്തയിൽ…

Posted by MB Rajesh on Monday, 7 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel