
തിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് അഞ്ച് ജില്ലകളിൽ ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ്. പൂര്‍ണമായും കോവിഡ് മാനദണ്ഡം പാലിച്ചാണ് വോട്ടിങ്. ബൂത്തുകള്‍ അണുവിമുക്തമാക്കുകയും ഉദ്യോഗസ്ഥര്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ കൈമാറുകയും ചെയ്തു. 9.1 ലക്ഷം എന്‍ 95 മാസ്‌ക്, ആറ് ലക്ഷം കൈയുറ, 2.22 ലക്ഷം ഫെയ്സ് ഷീല്‍ഡ്, പുനരുപയോഗിക്കാന്‍ കഴിയുന്ന 3000 ഫെയ്സ് ഷീല്‍ഡ് എന്നിവയാണ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. വോട്ടര്‍മാര്‍ക്കായി 2.8 ലക്ഷം ലിറ്റര്‍ സാനിറ്റൈസറാണ് സജ്ജീകരിച്ചത്.
വോട്ട് ചെയ്യുന്നതിന് മുമ്പും ശേഷവും കൈകള്‍ അണുവിമുക്തമാക്കണം. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. തിങ്കളാഴ്ച വൈകിട്ടോടെ കോവിഡ് സ്ഥിരീകരിച്ചവര്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കും തപാല്‍ വോട്ടു ചെയ്യാം. അല്ലാത്തവര്‍ക്ക് അവസാന മണിക്കൂറില്‍ നേരിട്ടെത്തി വോട്ട് ചെയ്യാം. ഈ സമയം പോളിങ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റ് ധരിക്കും. ഒരു പോളിങ് സ്റ്റേഷനില്‍ നാല് ഉദ്യോഗസ്ഥരും ഒരു അസിസ്റ്റന്റും പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. വോട്ടുചെയ്യാന്‍ പോകുന്നവര്‍ സാനിറ്റൈസറും പേനയും കൈയില്‍ കരുതണം.
കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ വിപുലമായ സൗകര്യം. തിങ്കളാഴ്ച പകല്‍ മൂന്നിനുള്ളില്‍ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ട എല്ലാവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് തപാല്‍ മുഖേനയോ നേരിട്ടോ എത്തിക്കും.
പകല്‍ മൂന്നിനുശേഷവും ചൊവ്വാഴ്ച വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയും കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് ബൂത്തിലെത്തി വോട്ട് ചെയ്യാം. അവര്‍ ചൊവ്വാഴ്ച വൈകിട്ട് ആറിനുമുമ്പ് ബൂത്തിലെത്തണം. ക്യൂവിലുള്ള എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്തശേഷം ഇവരെ വോട്ട് ചെയ്യാന്‍ അനുവദിക്കും. പിപിഇ കിറ്റ് ധരിച്ച് എത്തണം. പ്രത്യേകം നാമനിര്‍ദേശം ചെയ്യപ്പെട്ട ഹെല്‍ത്ത് ഓഫീസറുടെ സാക്ഷ്യപത്രം നിര്‍ബന്ധമാണ്. ഇവര്‍ പോളിങ് സ്റ്റേഷനില്‍ കയറുംമുമ്പ് പോളിങ് ഉദ്യോഗസ്ഥരും ഏജന്റുമാരും നിര്‍ബന്ധമായും പിപിഇ കിറ്റ് ധരിക്കണം.
വ്യാഴാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച വൈകിട്ട് ആറോടെ പരസ്യപ്രചാരണം അവസാനിക്കും. കൊട്ടിക്കലാശമില്ലാതെ കോവിഡ് മാനദണ്ഡം പാലിച്ചാണ് പ്രചാരണസമാപനം. അഞ്ച് ജില്ലയിലായി 28,151 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here