രാജ്യത്ത് ആളിക്കത്തി കര്‍ഷകപ്രക്ഷോഭം; ഭാരത് ബന്ദ് തുടരുന്നു; തെരഞ്ഞെടുപ്പിനെ ബാധിക്കാതെ കേരളത്തിലും ഐക്യദാര്‍ഢ്യം

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലുള്ള കര്‍ഷക സംഘടനകള്‍ ആഹ്വാനംചെയ്ത ഭാരത് ബന്ദ് തുടരുന്നു. ഇരുപത്തഞ്ചോളം രാഷ്ട്രീയപ്പാര്‍ട്ടികളും പത്ത് തൊഴിലാളിസംഘടനകളും 51 ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. സമരം ഒത്തുതീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച ആറാംവട്ട ചര്‍ച്ച ബുധനാഴ്ച നടക്കാനിരിക്കേയാണ് കര്‍ഷകസംഘടനകള്‍ സമരം ശക്തമാക്കുന്നത്.

മൂന്നു നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സംഘടനകള്‍. രാജ്യവ്യാപകമായി റോഡ് ഉപരോധിക്കാനാണ് തീരുമാനം. ചരക്കുവാഹനങ്ങളുടെ ദേശീയസംഘടനയായ ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസും പിന്തുണച്ചതോടെ രാജ്യവ്യാപകമായി ചരക്കുനീക്കം സ്തംഭിക്കാനിടയുണ്ട്.

ഭാരത്ബന്ദിന് ഐക്യദാര്‍ഢ്യമായി സംസ്ഥാനത്ത് കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത വിധത്തിലാകും പരിപാടികള്‍. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കാത്ത ജില്ലകളിലെ പ്രധാന കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് സംഘടിപ്പിക്കും.

മൂന്ന് കാര്‍ഷികനിയമവും വൈദ്യുതിബില്ലും പിന്‍വലിക്കാനും സ്വാമിനാഥന്‍ കമീഷന്‍ ശുപാര്‍ശപ്രകാരമുള്ള താങ്ങുവില പ്രഖ്യാപിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഭാരത് ബന്ദ്. പ്രധാനമന്ത്രിയുടെയും അംബാനി, അദാനിമാരുടെയും കോലം കത്തിച്ചും പ്രതിഷേധം നടത്തുമെന്ന് സംസ്ഥാനത്തെ സംയുക്ത കര്‍ഷകസമിതി ചെയര്‍മാന്‍ സത്യന്‍ മൊകേരി, കണ്‍വീനര്‍ കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ പറഞ്ഞു. കര്‍ഷക സമരസമിതി ആഹ്വാനംചെയ്ത ഹര്‍ത്താലിന് സംസ്ഥാനത്തെ ട്രേഡ് യൂണിയന്‍ സംയുക്തസമിതിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പില്ലാത്ത ജില്ലകളില്‍ അനുയോജ്യമായ രീതിയിലുള്ള ഐക്യദാര്‍ഢ്യ പരിപാടികള്‍ തൊഴിലാളികള്‍ സംഘടിപ്പിക്കും.

ഭാരത് ഹര്‍ത്താലിന് പിന്തുണ നല്‍കുന്ന രാഷ്ട്രീയപാര്‍ടികള്‍: സിപിഐ എം, സിപിഐ, കോണ്‍ഗ്രസ്, ഡിഎംകെ, ആര്‍ജെഡി, എന്‍സിപി, ജെഎംഎം, എസ്പി, ശിവസേന, എസ്എഡി, സിപിഐ എംഎല്‍-ലിബറേഷന്‍, ഗുപ്കാര്‍ സഖ്യം (ജമ്മു കശ്മീര്‍), ടിഎംസി, ടിആര്‍എസ്, എഎപി, എഐഎംഐഎം, പിഡബ്ല്യുപി, ബിവിഎ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക്, എസ്യുസിഐ (സി), സ്വരാജ് ഇന്ത്യ, ജെഡിഎസ്, ബിഎസ്പി, ഐഐയുഡിഎഫ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News