വാജ്പേയിക്ക് തുരങ്കംപണി അറിയാമോയെന്ന് എന്‍ എസ് മാധവന്‍

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി കാമ്പസിന് എം.എസ് ഗോൾവാൾക്കറുടെ പേരിടുന്നതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ എഴുത്തുകാരനും നിരൂപകനുമായ എൻ.എസ്. മാധവൻ രംഗത്ത്. നെഹ്റുവിന് വള്ളംകളിയറിഞ്ഞിട്ടാണോ നെഹ്റു ട്രോഫിയെന്ന് പേര് നല്‍കിയിരിക്കുന്നതെന്ന മുരളീധരന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോടാണ് എന്‍.എസ് മാധവന്‍ പ്രതകരിച്ചത്.

‘നെഹ്റുവിന് വള്ളംകളി അറിയാമോയെന്ന് ചോദിച്ചാല്‍ വാജ്പേയിക്ക് തുരങ്കംപണി അറിയാമോയെന്ന് തിരിച്ചു ചോദിക്കേണ്ടി വരും.’- എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

ഹിമാചല്‍ പ്രദേശിലെ മണാലിയിലെ അടല്‍ തുരങ്കപ്പാതയെ സൂചിപ്പിച്ചുകൊണ്ടാണ് എന്‍.എസ് മാധവന്‍ മുരളീധരനെ പരിഹസിച്ചത്. മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പിയുടെ പ്രമുഖ നേതാവുമായ അടല്‍ ബിഹാരി വാജ്പേയുടെ സ്മരണാര്‍ത്ഥമാണ് തുരങ്കപാതക്ക് ‘അടല്‍’ എന്ന പേര് നല്‍കിയിരിക്കുന്നത്. ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഇക്കഴിഞ്ഞ ദിവസമാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാംപസിന് ഗോള്‍വാള്‍ക്കറുടെ പേരിടുമെന്ന് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചത്. കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ കേരള സര്‍ക്കാരും രംഗത്തെത്തി. ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹര്‍ഷവര്‍ധന് കത്തെഴുതി. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിക്ക് ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സ്ഥാപനത്തിന് വിഖ്യാത ഇന്ത്യന്‍ ശാസ്ത്രജ്ഞന്റെ പേരിടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനം രാഷ്ട്രീയ വിഭാഗീയതക്ക് അതീതമാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനം കൂടുതല്‍ വികസനം ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാറിന് കൈമാറിയത്.

പേര് മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടെങ്കില്‍ തിരുത്തണമെന്നും തീരുമാനമെടുത്തില്ലെങ്കില്‍ സര്‍ക്കാറിന്റെ അപേക്ഷ പരിഗണിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. നേരത്തെ പേര് മാറ്റത്തില്‍ എതിര്‍പ്പറിയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രത്തിന് കത്തയച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ രംഗത്തെത്തിയത്. നെഹ്റു ട്രോഫി വള്ളംകളിക്ക് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേര് നല്‍കിയത് അദ്ദേഹത്തിന് വള്ളംകളിയറിഞ്ഞിട്ടാണോയെന്നും ഏതെങ്കിലും കായികയിനത്തില്‍ പങ്കെടുത്തിട്ടാണോയെന്നും മുരളീധരന്‍ വാര്‍ത്തസമ്മേളനത്തില്‍ ചോദിച്ചു. മുരളീധരന്റെ പ്രസ്താവന ഏറെ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇടയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News