വിജയ്‌യുടെ ആ സെല്‍ഫിക്ക് ട്വിറ്ററിന്റെ അംഗീകാരം

2020 ഫെബ്രുവരിയില്‍ തന്‍റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി ക്ലീന്‍ ചിറ്റ് നല്‍കിയ ശേഷം
നെയ്‌വേലിയിലെത്തിയ നടന്‍ വിജയ് ആരാധകര്‍ക്കൊപ്പം എടുത്ത സെല്‍ഫിയ്ക്ക് ട്വിറ്ററിന്റെ അംഗീകാരം.

2020ല്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റാണ് ഈ സെല്‍ഫി. 1,61,000 ത്തില്‍ പരം റീട്വീറ്റുകളാണ് ഇതുവരെ ഈ സെല്‍ഫിയ്ക്ക് ലഭിച്ചത്.

‘2020ല്‍ ഇതാണ് സംഭവിച്ചത്’ എന്ന തലക്കെട്ടില്‍ വിവിധ വിഷയങ്ങള്‍ പങ്കുവെക്കുന്ന സെഗ്‌മെന്റിലാണ് ചിത്രത്തിന് ട്വിറ്റര്‍ ഇന്ത്യയുടെ അംഗീകാരം ലഭിച്ചത്. ട്വിറ്റര്‍ ഇന്ത്യയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഫെബ്രുവരിയില്‍ മാസ്റ്ററിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു വിജയ്‌യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത് ചെന്നൈയിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തിയത്. റെയ്ഡും മാസ്റ്ററിന്റെ ചിത്രീകരണം മുടക്കാന്‍ ബിജെപി പ്രവര്‍ത്തകരെത്തിയതും വിവാദമായിരുന്നു.

എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. വിജയ് സിനിമകളിലെ കഥാപാത്രങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചതിനും താരത്തിന്‍റെ ബി.ജെ.പി വിരുദ്ധ നിലപാടുകള്‍ക്കുമുള്ള പ്രതികാരനടപടിയാണ് റെയ്ഡ് എന്ന് ചൂണ്ടിക്കാട്ടി സാമൂഹ്യ സാംസ്‌ക്കാരിക മേഖലയിലെ നിരവധി പേര്‍ വിജയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ റെയ്ഡിനെ കുറിച്ച് മാധ്യമങ്ങളോട് സോഷ്യല്‍ മീഡിയയിലോ വിജയ് പ്രതികരിച്ചിരുന്നില്ല.

ഒടുവില്‍ വിജയ്‌യുടെ പേരില്‍ അനധികൃതമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. റെയ്ഡില്‍ ഒന്നും പിടിച്ചെടുക്കാനായില്ലെന്ന് ആദായ നികുതി വകുപ്പിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ ലൊക്കേഷനില്‍ തിരിച്ചെത്തിയ വിജയ്‌യെ കാത്ത് 100 ലധികം ആരാധകരാണ് നെയ്‌വേലിയിലെത്തിയിരുന്നത്.

ലൊക്കേഷനില്‍ നിര്‍ത്തിയിട്ട ബസിനുമുകളില്‍ കയറി വിജയ് അന്ന് സെല്‍ഫിയെടുക്കുകയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ‘താങ്ക്യു നെയ്‌വേലി’ എന്നു മാത്രം പറഞ്ഞു കൊണ്ടായിരുന്നു ട്വീറ്റ്.

ആരാധകരോടൊപ്പമുള്ള താരത്തിന്‍റെ സെല്‍ഫി കേന്ദ്രസര്‍ക്കാരിനുള്ള ശക്തമായ മറുപടിയെന്ന രീതിയില്‍ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.

2020ല്‍ ഏറ്റവും കൂടുതല്‍ റീട്വീറ്റ് ചെയ്യപ്പെട്ട ചിത്രമായി വിജയ് സെല്‍ഫി വന്നതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോള്‍ ആരാധകര്‍. ഇപ്പോള്‍ #KTownMajesticVIJAY, #VIJAYRuledTwitter2020 എന്നീ പുതിയ ഹാഷ്ടാഗ് ക്യാംപെയ്‌നും ആരാധകര്‍ ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel