കര്‍ഷക സമരം; 15 അംഗ കര്‍ഷക പ്രതിനിധി സംഘവുമായി അമിത് ഷാ ചര്‍ച്ചയ്ക്ക്

കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സമരം ശക്തമായി തുടരവെ സംഘടനാ നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തി കേന്ദ്രം. 15 അംഗ പ്രതിനിധി സംഘവുമായി ഇന്ന് ഏഴ് മണിക്ക് അമിത് ഷാ ചര്‍ച്ച നടത്തുന്നത്.

കിസാന്‍ സഭ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ളയടക്കമുള്ളവര്‍ സംഘത്തിലുണ്ട്. പഞ്ചാബില്‍ നിന്നുള്ള പത്ത് പേരും മറ്റ് ദേശീയ നേതാക്കളുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.

കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള ഭാരത് ഹര്‍ത്താലിനിടെ സിപിഐ എം-കിസാന്‍സഭ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്തിരുന്നു. കെ കെ രാഗേഷ് എംപി, കിസാന്‍സഭ നേതാക്കളായ പി കൃഷ്ണപ്രസാദ്, അശോക്‌ ധാവളെ എന്നിവരെ ബിലാസ്പൂരില്‍ നിന്നും, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം അരുണ്‍ മേത്തയെ ഗുജറാത്തില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

പിബി അംഗം സുഭാഷിണി അലിയെ കാണ്‍പൂരില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍. കേന്ദ്രകമ്മറ്റിയംഗം അംറാ റാമിനെ രാജസ്ഥാന്‍ പൊലീസും, അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ ജോയിന്റ് സെക്രട്ടറി വിക്രം സിങ്ങിനെയും ഹരിയാന സിഐടിയു സംസ്ഥാന പ്രസിഡന്റ് സുരേഖയെയും ഹരിയാന പൊലീസും അറസ്റ്റ് ചെയ്തു.

ഗുജറാത്തില്‍ കിസാന്‍ സഭ സെക്രട്ടറി പര്‍ഷോത്തം പര്‍മാര്‍, ഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി റമീല റാവല്‍, വിവിധ സിപിഐ എം ജില്ലാ സെക്രട്ടറിമാരായ അശോക് സോംപുര, ദയാഭായ് യാദവ്, കനു കഠാര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു.

കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന് ശക്തമായ താക്കീതായി മാറുകയാണ് കര്‍ഷകരുടെ പ്രക്ഷോഭം. വിവിധ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. രാജ്യത്താകെ പ്രതിഷേധ പ്രകടനങ്ങളും ഐക്യദാര്‍ഢ്യ യോഗങ്ങളും നടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News