ആന്ധ്രയിലെ അജ്ഞാത രോഗം; അന്വേഷണവുമായി എയിംസും ദേശീയ ഏജൻസികളും രംഗത്ത്

ആന്ധ്രയിലെ അജ്ഞാത രോഗത്തിന്റെ കാരണമറിയാൻ അന്വേഷണവുമായി എയിംസും ദേശീയ ഏജൻസികളും രംഗത്ത്.

ആന്ധ്രാപ്രദേശിലെ എളുരു ഗ്രാമത്തില്‍ ചുഴലി, ശർദ്ദി, കടുത്ത ശരീര വേദന എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് ആളുകള്‍ കൂട്ടത്തോടെ തളര്‍ന്നു വീണതിനെ തുടർന്നാണ് രോഗത്തിന്റെ കാരണമറിയാൻ വിദഗ്ധരെത്തുന്നത്.

ഇതേപറ്റി വിശദമായി അന്വേഷിക്കാൻ ഡൽഹിയിൽ നിന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, എയിംസ് എന്നിവിടങ്ങളിൽ നിന്നും വിദഗ്‌ധ സംഘമാണ് സ്ഥലത്ത് എത്തുന്നത്.രോഗബാധിതരിൽ നിന്നും ഭക്ഷ്യഎണ്ണ, അരി, രക്തം, മൂത്രം എന്നിവയുടെ സാമ്പിളാണ് വിദഗ്‌ധർ പരിശോധനക്കായി എടുക്കുന്നത്.

വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് പകരുന്ന രോഗമല്ലെങ്കിലും ദിവസങ്ങൾക്കിടെ 500ലധികം പേരാണ് അജ്ഞാതമായ അസ്വസ്ഥതത മൂലം തളര്‍ന്നുവീണത്.

രാസപദാർത്ഥങ്ങൾ അമിതമായി അടങ്ങിയ കീടനാശിനികളോ, കാട്ടുപന്നികളുടെ സാന്നിധ്യമോ ആകാം അജ്ഞാത രോഗത്തിന് കാരണമെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. മലിനമായ ജലം ഉപയോഗിച്ചത് ഒരു കാരണമാകാം എന്നൊരു കൂട്ടർ വാദിക്കുന്നു.

പെട്ടന്ന് തളർച്ച അനുഭവപ്പെടുകയും ഉടനെ ബോധക്ഷയം ഉണ്ടാവുകയുമാണ് രോഗബാധയുടെ ലക്ഷണമായി പറയപ്പെടുന്നത്. പെട്ടന്നുള്ള വീഴ്ചയിൽ സംഭവിക്കുന്ന മുറിവുകളുമായാണ് അധികം പേരും ആശുപത്രിയെ സമീപിക്കുന്നതെന്നാണ് സൂചന. ഇതുവരെ ചികിത്സ തേടിയ എത്തിയവരില്‍ 170ഓളം പേര്‍ ആശുപത്രി വിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തളര്‍ച്ചയുണ്ടായവരില്‍ പലരും ഒരേ ഗ്രാമത്തിന്റെ തന്നെ വ്യത്യസ്ത മേഖലയില്‍ നിന്നെത്തിയവരാണെന്നതും ഇവര്‍ തമ്മില്‍ സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നതും ആരോഗ്യപ്രവര്‍ത്തകരെ കുഴക്കുന്നുണ്ട്. അജ്ഞാതരോഗത്തെത്തുടര്‍ന്ന് പ്രദേശത്തെ ജലസ്രോതസുകളെല്ലാം പരിശോധിച്ചിട്ടും യാതൊരു കുഴപ്പവും ഇതുവരെ കണ്ടെത്തിയിട്ടില്ല.

പ്രദേശത്തെ വീടുകള്‍ തോറും കയറിയിറങ്ങി ആരോഗ്യവകുപ്പ് സര്‍വ്വേ നടത്തുന്നുണ്ട് . രോഗബാധിതര്‍ക്കെല്ലാം കൊവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News