ഇനി നിശബ്‌ദ പ്രചാരണം; പരസ്യപ്രചരണത്തിന് സമാപനം കുറിച്ച് എറണാകുളം ജില്ലയിലെ കൊട്ടിക്കലാശം

ഒരു മാസത്തെ പരസ്യപ്രചരണത്തിന് സമാപനം കുറിച്ച് എറണാകുളം ജില്ലയിലും കൊട്ടിക്കലാശം. കോവിഡ് മാനദണ്ഡമനുസരിച്ച് വാർഡ് തലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മുന്നണികൾ പ്രചരണം അവസാനിപ്പിച്ചത്. ഇനി ഒരു നാൾ നീണ്ട നിശബ്ദ പ്രചരണത്തിന് ശേഷം വ്യാഴാഴ്ചയാണ് ജനവിധി.

പ്രവർത്തകരും പ്രചാരണ വാഹനങ്ങളും വാദ്യമേളങ്ങളും ഇരമ്പിയാർക്കുന്ന പഴയ കൊട്ടിക്കലാശങ്ങൾ ഓർമ മാത്രമാക്കി ജില്ലയിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു ഇത്തവണ കൊട്ടിക്കലാശം. രാവിലെമുതൽതന്നെ കോർപറേഷൻ, ജില്ലാ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, ബ്ലോക്ക്‌ പഞ്ചായത്ത്‌, പഞ്ചായത്ത്‌ സ്ഥാനാർഥികളുടെ പ്രചാരണ വാഹനങ്ങൾ നാടും നഗരവും വ്യത്യാസമില്ലാതെ സഞ്ചരിച്ചു.

ചെങ്കൊടികളും സ്ഥാനാർഥികളുടെയും ചിഹ്നങ്ങളുടെയും ചിത്രങ്ങളുള്ള വസ്‌ത്രങ്ങൾ അണിഞ്ഞും എൽഡിഎഫ്‌ പ്രവർത്തകർ കളംനിറഞ്ഞു. കേന്ദ്രീകരിച്ചുള്ള പ്രകടനങ്ങൾക്കു പകരം അതതു മേഖലകളിൽ നിലയുറപ്പിച്ചുള്ള പ്രചാരണമാണ്‌ അവസാന മണിക്കൂറിൽ നടത്തിയത്‌. ഇതോടെ ഒരു മാസം നീണ്ട പരസ്യ പ്രചരണത്തിന് സമാപനമായി.

ഇനി നിശബ്‌ദ പ്രചാരണവുമായി വോട്ടർമാരെ കണ്ട്‌ വോട്ടുകൾ ഉറപ്പിക്കാനുള്ള അവസാന ഓട്ടത്തിലാണ്‌ സ്ഥാനാർഥികൾ. ജില്ലയിൽ കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പ് തന്നെയാണ് ഏറ്റവും പ്രധാനം. ഇത്തവണ കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കാമെന്ന പൂർണ ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. സംസ്ഥാന സർക്കാരിന്റെ വികസനനേട്ടങ്ങളാണ്‌ എങ്ങും എൽ ഡി എഫ് ചർച്ചയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here