മണിലാലിന്റെ ദൗത്യം ഏറ്റെടുത്ത് രേണുകയും നിധിയും വോട്ട് ചെയ്തു

മണിലാലിന്റെ ചിതയണയും മുമ്പ് എല്ലാ വേദനകളും ഉള്ളിലൊതുക്കിയാണ് അവര്‍ വോട്ട് ചെയ്യാനെത്തിയത്. ആര്‍എസ്എസുകാര്‍ കുത്തിക്കൊന്ന മണ്‍റോതുരുത്തിലെ സിപിഐ എം പ്രവര്‍ത്തകന്‍ ആര്‍ മണിലാലിന്റെ ഭാര്യ രേണുകയും മകള്‍ നിധിയുമാണ് ഇന്നലെ വോട്ട് രേഖപ്പെടുത്താനെത്തിയത്.

വില്ലിമംഗലം വാര്‍ഡിലെ പിഎച്ച് സബ് സെന്റര്‍ ഒന്നാംനമ്പര്‍ ബൂത്തില്‍ ചൊവ്വാഴ്ച പകല്‍ 3.45ന് സിപിഐ എം പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമെത്തിയാണ് ഇരുവരും വോട്ട് ചെയ്തത്. വോട്ട് ചെയ്യാന്‍ ബൂത്തിലേക്ക് കയറിയതോടെ രേണുകയുടെ അടക്കിപ്പിടിച്ച വേദന അണപൊട്ടി.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിനിടെ മണ്‍റോതുരുത്തില്‍ എല്‍ഡിഎഫ് ബൂത്ത് ഓഫീസിനു സമീപം ഞായറാഴ്ച രാത്രി എട്ടോടെ മണിലാലിനെ ആര്‍എസ്എസുകാര്‍ കുത്തിക്കൊന്നത്. നേരത്തെ ബിഡിജെഎസ് പ്രവര്‍ത്തകനായിരുന്ന മണിലാല്‍ സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെയാണ് ആര്‍എസ്എസുകാരുടെ കണ്ണിലെ കരടായത്.

ഈയൊരവസ്ഥ ആര്‍ക്കും ഉണ്ടാകരുത്. അവര്‍ എന്റെയും മകളുടെയും ജീവിതം അനാഥമാക്കി. ഭര്‍ത്താവ് അടിയുറച്ച് വിശ്വസിച്ച പ്രസ്ഥാനത്തിനുവേണ്ടി അദ്ദേഹത്തിന്റെ ദൗത്യം ഏറ്റടുത്താണ് വോട്ട് ചെയ്യാന്‍ എത്തിയത്- ഹൃദയം നുറുങ്ങുന്ന വേദനയില്‍ മണിലാലിന്റെ ഭാര്യ രേണുക പറഞ്ഞു.

ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ കുത്തിക്കൊന്ന മണ്‍റോതുരുത്തിലെ സിപിഐ എം പ്രവര്‍ത്തകന്‍ മണിലാലിന്റെ ഭാര്യയെ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയും കൂട്ടരും തടഞ്ഞു. മണ്‍റോതുരുത്ത് വില്ലിമംഗലം അഞ്ചാം വാര്‍ഡിലെ ഒന്നാം ബൂത്തില്‍ പകല്‍ 3.30നാണ് മണിലാലിന്റെ ഭാര്യ രേണുകയെയും മകള്‍ നിധിയെയും സംഘപരിവാറുകാര്‍ തടഞ്ഞത്. ജില്ലാ പഞ്ചായത്ത് കുണ്ടറ ഡിവിഷന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയോടൊപ്പം വന്ന സംഘപരിവാറുകാര്‍ രേണുകയെയും മകളെയും തടയുകയും തട്ടിക്കയറുകയുമായിരുന്നു. മണിലാലിന്റെ കൊലയ്ക്കുപിന്നില്‍ സംഘപരിവാരാണെന്ന് രേണുക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News