തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; അഞ്ച് ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 451 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്് നടക്കുന്നത്. 47,28,489 പുരുഷന്‍മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്ജെന്റേഴ്സും 265 പ്രവാസികളടക്കം അടക്കം 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്. ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു.

12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 473 പ്രശ്നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 63,187 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ വാര്‍ഡ്(37), തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി(47) നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു.

ചൊവ്വാഴ്്ച വൈകിട്ട് മൂന്ന് മുതല്‍ ബുധനാഴ്ച വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ പ്രവേശിക്കുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം.

പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടേയും സാമഗ്രികളുടെയും വിതരണം ഇന്ന് രാവിലെ എട്ടു മുതല്‍ നടക്കും. വിതരണ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദ്ദേശം നല്‍കി. അഞ്ച് ജില്ലകളിലായി 96 വിതരണ, സ്വീകരണ കേന്ദ്രങ്ങളാണുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here