കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിക്ക് നിവേദനം നൽകി

കാർഷിക നിയമങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്നു പ്രതിപക്ഷം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. 24 പ്രതിപക്ഷ പാർട്ടികൾ ഒപ്പുവെച്ച നിവേദനം രാഷ്ട്രപതി രാം നാഥ് കോവിന്ദിനു കൈമാറി. കേന്ദ്രസർക്കാർ നൽകിയ അഞ്ചിന ഉറപ്പുകൾ തള്ളിക്കളഞ്ഞ കർഷക സംഘടനകൾ ദില്ലി ജയ്‌പൂർ ദേശീയ പാത 12ന് മുന്നേ ഉപരോധിക്കുമെന്നും മുന്നറിയിപ്പ് നൽകി.

വിവാദ കാർഷിക നിയമങ്ങളിൽ കർഷക പ്രക്ഷോഭം അതിശക്തമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ നിർണായക രാഷ്ട്രീയ നീക്കം.

രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയ പ്രതിപക്ഷ നേതാക്കൾ നിയമങ്ങൾ അടിയന്തരമായി പിൻവലിക്കാൻ രാഷ്‌ട്രപതി ഇടപെടണമെന്ന് ആവശ്യപ്പെട്ടു നിയമങ്ങൾ കർഷക വിരുദ്ധമാണെന്നും ബിൽ പാസാക്കിയ രീതിയോടുള്ള എതിർപ്പ് രാഷ്ട്രപതിയെ അറിയിച്ചുവെന്നു പ്രതിപക്ഷനേതാക്കൾ വ്യക്തമാക്കി. ഇതിന് പുറമെ ബിൽ സെലക്ട്‌ കമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം കേന്ദ്രസർക്കാർ എഴുതി ഉറപ്പ് നൽകിയ ഭേദഗതികൾ കർഷക സംഘടനകൾ തള്ളിക്കളഞ്ഞു. ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് കേന്ദ്രനിര്ദേശങ്ങൾ തള്ളിക്കാഞ്ഞത്. എല്ലാ സംഘടനകളും ഒറ്റക്കെട്ടാണെന്നും 12ന് മുന്നേ ദില്ലി ജയ്‌പൂർ ദേശീയപാത ഉപരോധിക്കുമെന്നും കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകി. അതിനിടയിൽ അമിത് ഷായുമായി കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ കൂടിക്കാഴ്ച നടത്തി.

നിയമങ്ങളെ കുറിച്ചുള്ള ആശങ്കകൾ രാഷ്ട്രപതിയെ ധരിപ്പിച്ചുവെന്ന് ശരദ് പവാർ വ്യക്തമാക്കി. വിഷയം സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും ശരത് പവാർ ആവശ്യപ്പെട്ടു.

ജനാധിപത്യ വിരുദ്ധമായാണ് നിയമങ്ങൾ പാസ്സാക്കിയതെന്നും നിയമങ്ങൾ പാസാക്കിയ രീതി ശരിയല്ലെന്നും രാഷ്ട്രപതിയെ ധരിപ്പിച്ചതായി രാഹുൽ ഗാന്ധി വ്യക്തമാക്കി. നിയമങ്ങൾ കാർഷിക മേഖലയെ തകർക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നിയമം പാസാക്കിയതിലൂടെ രാജ്യത്തെ കർഷകരെ സർക്കാർ അപമാനിച്ചുവെന്നും ബിൽ പാസാക്കിയ രീതിയിലുള്ള അതൃപ്തി രാഷ്ട്രപതിയെ അറിയിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.നിയമം കർഷക വിരുദ്ധമാണെന്നും പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ വ്യവസായികളെ സഹായിക്കാനാണ് നിയമം കൊണ്ടു വന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News