ഇതിഹാസ താരം ഡിയേഗോ മറഡോണയുടെ ചിത്രമുള്ള കറൻസി പുറത്തിറക്കണമെന്ന ആവശ്യം അര്‍ജന്‍റീനയില്‍ ശക്തമാകുന്നു. സെനറ്റർ നോർമ ഡുറാൻഗോയാണ് ഈ ആവശ്യമുന്നയിച്ച് കോൺഗ്രസിൽ പ്രത്യേക ബിൽ അവതരിപ്പിച്ചത്.
ലോകം മുഴുവന്‍ ആരാധകരുള്ള അർജന്റീനക്കാരനായ മറഡോണയോടുള്ള ആദരസൂചകമായി പുറത്തിറക്കുന്ന കറൻസി രാജ്യത്തെ വിനോദസഞ്ചാരത്തിനും ഗുണകരമാവുമെന്നാണ് സെനറ്റർ നോർമ അവകാശപ്പെട്ടത്.
അർജന്റീനയിലെത്തുന്ന സഞ്ചാരികൾ മറഡോണയുടെ ചിത്രമുള്ള കറൻസി സ്മാരകമെന്ന നിലയ്ക്ക് വാങ്ങി സൂക്ഷിക്കുമെന്നും ഇതു രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും നോർമ പറഞ്ഞു. നിലവിൽ 1000 പെസോയ്ക്ക് 12.27 ഡോളറാണ് (ഏകദേശം 903 രൂപ) അര്‍ജന്‍റീനിയന്‍ കറന്‍സിയുടെ വിനിമയ മൂല്യം.
അർജന്റീനയുടെ കറൻസിയായ 1000 പെസോ നോട്ടിന്റെ ഒരു വശത്ത് മറഡോണയുടെ മുഖച്ചിത്രവും മറുവശത്ത് 1986 ലോകകപ്പിൽ മറഡോണ നേടിയ ഗോളുകളിലൊന്നിന്റെ ചിത്രവും പതിക്കണമെന്നാണ് മുന്നോട്ട് വച്ചിരിക്കുന്ന നിർദേശം. ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ‘ദൈവത്തിന്റെ കൈ’ ഗോളും പിന്നാലെ നേടിയ ‘നൂറ്റാണ്ടിന്റെ ഗോളും’ പരിഗണനയിലുണ്ട്.
ഇതിൽ ഏതു വേണമെന്നു തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ സർക്കാർ ചർച്ച ചെയ്ത ശേഷമാകും അന്തിമതീരുമാനമെടുക്കുക.

Get real time update about this post categories directly on your device, subscribe now.