‘നമ്മുടെ കര്‍ഷകര്‍ തെരുവിലിരിക്കുമ്പോള്‍ ഈ പുരസ്‌കാരം സ്വീകരിക്കാന്‍ എനിക്കാകില്ല’; കേന്ദ്രമന്ത്രി നീട്ടിയ അവാര്‍ഡ് നിരസിച്ച് കാര്‍ഷിക ശാസ്ത്രജ്ഞന്‍

കേന്ദ്ര മന്ത്രിയടക്കമുള്ള വേദിയില്‍ ജയ് കിസാന്‍ എന്ന് ഉറക്കെ വിളിച്ച് കര്‍ഷക സമരത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് കാര്‍ഷിക ശാസ്ത്രജ്ഞന്‍. മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. വരീന്ദര്‍പാല്‍ സിംഗാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാതെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

ഫെര്‍ട്ടിലൈസേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പുരസ്കാര ദാന ചടങ്ങില്‍ കേന്ദ്ര മന്ത്രിയടക്കം നിരവധി പ്രമുഖര്‍ അണിനിരന്നിരുന്നു. സദസിലുള്ളവരുടെ ഹര്‍ഷാരവങ്ങള്‍ക്കിടയിലൂടെ വേദിയിലെത്തിയ ശാസ്ത്രജ്ഞന്‍ താന്‍ പുരസ്‌കാരം നിരസിക്കുന്നുവെന്ന് വേദിയില്‍ വെച്ച് തന്നെ പറയുകയായിരുന്നു.

നമ്മുടെ കര്‍ഷകര്‍ തെരുവിലിരിക്കുമ്പോള്‍ എന്റെ മനസാക്ഷി ഈ പുരസ്‌കാരം സ്വീകരിക്കാന്‍ എന്നെ അനുവദിക്കുന്നില്ലെന്നാണ് അദ്ദേഹം വേദിയില്‍ പറഞ്ഞത്.

കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത് വേദിയിലുണ്ടായിരുന്ന സംഘാടകരെ ഏല്‍പ്പിച്ച ശേഷം അദ്ദേഹം പുരസ്‌കാരം സ്വീകരിക്കാതെ മടങ്ങുകയും ചെയ്തു.

ഞങ്ങള്‍ കര്‍ഷകരെ പിന്തുണക്കുന്നു എന്ന മുദ്രാവാക്യം വിളിച്ച ശേഷമാണ് അദ്ദേഹം വേദി വിട്ടത്. തുടര്‍ന്നും പുരസ്‌കാരം സ്വീകരിക്കാന്‍ പരിപാടിയുടെ സംഘാടകര്‍ നിര്‍ബന്ധിച്ചുവെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.

പഞ്ചാബ് കാര്‍ഷിക സര്‍വ്വകലാശാലയിലെ പ്രിന്‍സിപ്പല്‍ സോയില്‍ കെമിസ്റ്റാണ് വരീന്ദര്‍പാല്‍ സിംഗ്. കാര്‍ഷിക മേഖലയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്.

” നമ്മുടെ എല്ലാ സ്ഥാപനങ്ങളും ഒരുമിച്ച് നിന്ന് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുകയാണ്. കാര്‍ഷിക മേഖലയില്‍ ഞങ്ങള്‍ വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ രാജ്യത്തെ കര്‍ഷകര്‍ക്കാണ് സമര്‍പ്പിക്കുന്നത്.അതുകൊണ്ട് തന്നെ ഈ സമയത്ത് സര്‍ക്കാരിന്റെ പുരസ്‌കാരം സ്വീകരിച്ചാല്‍ അത് ധാര്‍മ്മികമായി ശരിയായിരിക്കില്ല. എന്നിരുന്നാലും കേന്ദ്ര മന്ത്രിയോടും എഫ്.എ.ഐയോടും ഞാന്‍ എന്റെ കടപ്പാട് രേഖപ്പെടുത്തുന്നു”, വരീന്ദര്‍പാല്‍ പറഞ്ഞു.

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ഈ അവാര്‍ഡ് സ്വീകരിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ലെന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് എത്രയും പെട്ടെന്ന് കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

”ഈ മഞ്ഞ് കാലത്ത് കര്‍ഷകര്‍ക്ക് റോഡില്‍ സമരം ചെയ്യേണ്ടി വരുന്നത് ദേശീയ താത്പര്യത്തിന് ചേര്‍ന്നതല്ല. ദയവ് ചെയ്ത് ഇന്ത്യയുടെ ശബ്ദം കേള്‍ക്കണം. ഈ നിയമം പിന്‍വലിക്കുന്നതിനപ്പുറത്തുള്ള ഏത് തീരുമാനവും രാജ്യത്തെ കര്‍ഷകരോടുള്ള വഞ്ചന കൂടിയാകും”. വരീന്ദര്‍പാല്‍ സിംഗ് അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News