തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ടത്തില്‍ അഞ്ചു ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് കേന്ദ്രങ്ങളില്‍ നീണ്ടനിര; മികച്ച പോളിങ്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ അഞ്ചു ജില്ലകളില്‍ പോളിങ് തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 451 തദ്ദേശസ്ഥാപനത്തിലെ 8116 വാര്‍ഡിലാണ് തെരഞ്ഞെടുപ്പ്. ആകെ 350 ഗ്രാമപഞ്ചായത്തും 58 ബ്ലോക്ക് പഞ്ചായത്തും 36 മുനിസിപ്പാലിറ്റിയും രണ്ടാംഘട്ടത്തില്‍ വിധിയെഴുതും.

അഞ്ച് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ടനിരയാണ്.

ഔദ്യോഗിക പോളിംഗ് ശതമാനം ആകെ- 46.03 %

വയനാട്- 47.26 %

പാലക്കാട് – 45.6 %

തൃശൂർ 45.02 %

എറണാകുളം 44.9 %

കോട്ടയം 45.67 %

അഞ്ച് ജില്ലാപഞ്ചായത്തിലായി 124 ഡിവിഷനിലും കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളിലായി 128 വാര്‍ഡിലുമാണ് വോട്ടെടുപ്പ്. സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ 37-ാം വാര്‍ഡിലെയും തൃശൂര്‍ കോര്‍പറേഷനിലെ പുല്ലഴിയിലെയും തെരഞ്ഞെടുപ്പ് മാറ്റി.

രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. ബുധനാഴ്ച വൈകിട്ട് മൂന്നുമുതല്‍ വ്യാഴാഴ്ച വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ പ്രവേശിക്കുന്നവര്‍ക്കും ആരോഗ്യ വകുപ്പിലെ പ്രത്യേകം നിയോഗിച്ച ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രവുമായി ബൂത്തില്‍ നേരിട്ടെത്തി വോട്ടുചെയ്യാം.

വൈകിട്ട് ആറിനുമുമ്പ് ഇവര്‍ ബൂത്തിലെത്തണം. മറ്റ് വോട്ടര്‍മാര്‍ വോട്ടുചെയ്തശേഷമാകും അവസരം. 47,28,489 പുരുഷന്മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും 265 പ്രവാസി ഇന്ത്യക്കാരും ഉള്‍പ്പെടെ 98,57,208 വോട്ടര്‍മാരാണ് രണ്ടാംഘട്ടത്തിലുള്ളത്. 57,895 പേര്‍ ആദ്യമായി വോട്ടുചെയ്യുന്നവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News