ഇന്ത്യയടക്കം 103 രാജ്യക്കാര്‍ക്ക് വിസയില്ലാതെ ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുമതി. ഇവര്‍ക്ക് പത്ത് ദിവസം ഒമാനില്‍ തങ്ങാം. റോയല്‍ ഒമാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം. സ്ഥിരീകരിച്ച ഹോട്ടല്‍ റിസര്‍വേഷന്‍, ആരോഗ്യ ഇന്‍ഷൂറന്‍സ്, റിട്ടേണ്‍ ടിക്കറ്റ് തുടങ്ങിയ നിബന്ധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായായിരിക്കും പ്രവേശനം.
കോവിഡ് -19 ല്‍ തളര്‍ന്ന വിനോദസഞ്ചാര മേഖലയെ സഹായിക്കാനും രാജ്യത്തെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി. ഇറാന്‍, ലെബനന്‍, ജോര്‍ദാന്‍, മലേഷ്യ, സിംഗപ്പൂര്‍, ബ്രൂണൈ, ഭൂട്ടാന്‍, തായ്ലന്‍ഡ്, താജിക്കിസ്ഥാന്‍, മക്കാവു എന്നിവയാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍.
നിലവില്‍ ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമാണ് വിസയില്ലാതെ ഒമാനില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. ഇതാണ് 103 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചത്. ഹോട്ടലുകളും ട്രാവല്‍ കമ്പനികളും ക്രമീകരിച്ച യാത്രകള്‍ക്ക് എത്തുന്നവര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കുന്നത് പുനരാരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം രാജ്യത്തെ ഹോട്ടലുകളും ടൂറിസം പ്രവര്‍ത്തനങ്ങളും മാര്‍ച്ച് മുതലാണ് നിര്‍ത്തിവെച്ചത്. ഇത് ടൂറിസം മേഖലക്ക് കനത്ത ആഘാതമായിരുന്നു.ഒക്ടോബര്‍ ഒന്നിന് ഒമാന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുകയും സാധുവായ റെസിഡന്‍സി പെര്‍മിറ്റും വര്‍ക്ക് വിസയും കൈവശമുള്ള പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നു.
രാജ്യത്തിന്റെ ടൂറിസം മേഖലക്ക് ഇത് വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ. മനോഹരമായ പ്രകൃതി ഭംഗിയും സുരക്ഷിതത്വവും കാരണം ഒമാന്‍ സഞ്ചാരികളുടെ പ്രിയ താവളമാണ്. ഇക്കാരണത്താല്‍, ഭാവി വികസന പദ്ധതിയായ ഒമാന്‍ വിഷന്‍ 2040ല്‍ ടൂറിസം മേഖലക്ക് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്.
വരും വര്‍ഷങ്ങളിലും ഒമാന്‍ വര്‍ദ്ധിച്ചുവരുന്ന ധന കമ്മിയ നേരിടുമെന്നാണ് വിലയിരുത്തല്‍. എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കാനായി ഒമാന്‍ അടുത്തിടെ ഒരു പുതിയ ധനകാര്യ പദ്ധതിക്ക് തുടക്കമിട്ടിരുന്നു.

Get real time update about this post categories directly on your device, subscribe now.